നിതീഷിന്റെ പിന്മാറ്റം പ്രധാനമന്ത്രി കസേര കിട്ടില്ലെന്ന് ഉറപ്പിച്ചിട്ടോ? ബിജെപി നീക്കത്തിന് പിന്നില്‍!

ഒമ്പതാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ വിശ്വാസം പൂര്‍ണമായും തച്ചുടച്ചാണ് നിതീഷ് കുമാര്‍ തന്റെ കൂറുമാറ്റം വീണ്ടും നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് എന്‍ഡിഎ സഖ്യത്തില്‍ നിന്നും ഇറങ്ങി വന്ന നിതീഷിനെ കോണ്‍ഗ്രസും മറ്റ് പ്രാദേശിക പാര്‍ട്ടികളും ആത്മാര്‍ത്ഥമായി വിശ്വസിച്ചു. ഇന്ത്യ മുന്നണിയുടെ മുഖം തന്നെ നിതീഷായിരുന്നു. ബിജെപി ഇതര ഭരണമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കുന്നതിനും ഓടി നടന്ന നിതീഷ് സ്വപ്‌നം കണ്ട ഒരു പദവി ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യം തന്നെയാണ്.
ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാജ്യം ഭരിക്കാന്‍ നിതീഷ് അത്രമേല്‍ ആഗ്രഹിച്ചിരുന്നു എന്നു പറഞ്ഞാലും തെറ്റില്ല.

ALSO READ:  സ്‌കൂട്ടറും ഓട്ടോയുമായി മാറ്റാം; പുതിയ ഇവിയുമായി ഹീറോ

ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിന് പിന്നാലെ പല പ്രതിസന്ധികളും പ്രശ്‌നങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുണ്ടായി. പലയിടത്തും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ സീറ്റുകള്‍ വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇതോടെ കോണ്‍ഗ്രസിന്റെ നയത്തിനെതിരെ നിതീഷ് പരസ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴും തന്റെ ലക്ഷ്യം പൂവണിയുമെന്നൊരു പ്രതീക്ഷ നിതീഷിനുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, ബംഗാള്‍ മുഖ്യമന്ത്രി മമതയും എന്‍സിപി നേതാവ് ശരത് പവാറും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയുമൊക്കെ പല അഭിപ്രായങ്ങള്‍ ഉയര്‍ത്തി.

ALSO READ: സഹകരണമേഖലയിൽ പുതിയൊരു മൂല്യവർധിത ഭക്ഷ്യോൽപ്പന്ന നിർമ്മാണ യൂണിറ്റ് കൂടി ഉദ്‌ഘാടനം ചെയ്തു

തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാമെന്ന് പറഞ്ഞ മമത പെട്ടെന്നാണ് മലക്കം മറിഞ്ഞ് ആ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടെ പേര് നിര്‍ദേശിച്ചത്. ചിലര്‍ എന്‍സിപി നേതാവ് ശരത് പവാറിനെയും നിര്‍ദേശിച്ചു. എന്നാല്‍ ഖാര്‍ഗേയോ ശരത് പവാറോ ആ നിര്‍ദേശം അംഗീകരിച്ചില്ല. പകരം ശരത് പവാര്‍ പറഞ്ഞത് മുമ്പും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ സഖ്യങ്ങളായി മത്സരിച്ച ചരിത്രമുണ്ടെന്നായിരുന്നു. ഇവിടെയാണ് നിതീഷിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങിയത്. സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ പിന്തുണ ലഭിക്കില്ലെന്ന് നിതീഷിന് വ്യക്തമായി. മാത്രമല്ല തന്റെ മുഖ്യമന്ത്രി സ്ഥാനം ഉപമുഖ്യമന്ത്രിയായ തേജ്വസി യാദവിന് നല്‍കണമെന്ന ചില നിര്‍ദ്ദേശങ്ങള്‍ ആര്‍ജെഡിയുടെ ഭാഗത്ത് നിന്നും ഉണ്ടായതോടെ മറുകണ്ടം ചാടാന്‍ നിതീഷ് ഉറപ്പിച്ചു. ഈ സാഹചര്യം കൃത്യമായി തന്നെ ബിജെപി ഉപയോഗിച്ചു. ബീഹാര്‍ മറ്റൊരു മഹാരാഷ്ട്രയായെന്ന് പറഞ്ഞാലും തെറ്റില്ല.

ALSO READ:  സഹകരണമേഖലയിൽ പുതിയൊരു മൂല്യവർധിത ഭക്ഷ്യോൽപ്പന്ന നിർമ്മാണ യൂണിറ്റ് കൂടി ഉദ്‌ഘാടനം ചെയ്തു

ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ നദ്ദയും ബീഹാര്‍ ബിജെപി നേതൃത്വത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ കരുക്കള്‍ നീക്കി. ബിജെപി നിതീഷിനായി നല്‍കിയിരിക്കുന്ന വമ്പന്‍ ഓഫര്‍ എന്താകുമെന്ന് കാത്തിരുന്നു കാണാം. പക്ഷേ ബിജെപിയുടെ ഓഫര്‍ നീതീഷിന് കിട്ടിയ ഏറ്റവും വലിയ പിടിവള്ളി തന്നെയായിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലും ബിജെപി നോട്ടമിടുന്നത് വലിയ അടിത്തറ ഉണ്ടാക്കിയെടുക്കുക എന്നത് തന്നെയാണ്. 2019ലെ തെരഞ്ഞെടുപ്പ് ബിജെപി 17 സീറ്റുകള്‍ നേടിയത് ഉള്‍പ്പെടെ 39 സീറ്റാണ് എന്‍ഡിഎ സഖ്യം നേടിയത്. 2022ലെ നിതീഷിന്റെ കൂറുമാറ്റവും റാംവിലാസ് പാസ്വാന്റെ മരണത്തോടെ എല്‍ജെപി ദുര്‍ബലമായതും ബിജെപിക്ക് ആശങ്ക തന്നെയായിരുന്നു. ഇന്ത്യ സഖ്യം പഞ്ചാബിലും ബംഗാളിലും വെല്ലുവിളി നേരിടുമ്പോഴാണ് ആ സഖ്യത്തിന്റെ സൃഷ്ടാവെന്ന് തന്നെ വിളിക്കാവുന്ന നീതീഷിന്റെ ഇറങ്ങി പോക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News