വീണ്ടും സത്യപ്രതിജ്ഞ: നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നീതീഷ് കുമാറിനൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെയും എന്‍ഡിഎ ഘടകകക്ഷികളുടെയും പിന്തുണയോടെ 128 പേരുടെ അംഗബലത്തിലാണ് നിതീഷ് കുമാര്‍ ബീഹാറില്‍ ഒമ്പതാം തവണ മുഖ്യമന്ത്രിയാകുന്നത്.

ALSO READ:  ‘ഇറ്റ്‌സ് ഒഫീഷ്യല്‍’; നടന്‍ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു; വധു ദീപ്തി

ദിവസങ്ങള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ നിതീഷ് കുമാറും ജെഡിയുവും വീണ്ടും എന്‍ഡിഎയുടെ ഭാഗമായി. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരി, വിജയ് സിന്‍ഹയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ഇവരോടൊപ്പം ആറ് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു. 78 സീറ്റുളള ബിജെപിയുടെയും നാല് സീറ്റുളള ഹിന്ദുസ്ഥാനി അവാന്‍ മോര്‍ച്ചയുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ 128 പേരുടെ അംഗബലത്തിലാണ് 45 സീറ്റുളള ജെഡിയുവിന്റെ പുതിയ എന്‍ഡിഎ സര്‍ക്കാര്‍. കഴിഞ്ഞ മന്ത്രിസഭയില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് നല്‍കിയിരുന്ന വകുപ്പുകള്‍ ബിജെപിക്ക് നല്‍കാനാണ് ധാരണ. സ്പീക്കര്‍ സ്ഥാനവും ബിജെപിക്കായിരിക്കും.

ALSO READ: നിതീഷിന്റെ പിന്മാറ്റം പ്രധാനമന്ത്രി കസേര കിട്ടില്ലെന്ന് ഉറപ്പിച്ചിട്ടോ? ബിജെപി നീക്കത്തിന് പിന്നില്‍!

ഇന്ത്യ മുന്നണി പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിച്ചില്ലെന്നും മഹാസഖ്യത്തിലെ സ്ഥിതി മോശമാണെന്നുമായിരുന്നു പഴയസഖ്യം ഉപേക്ഷിച്ചതിന് ശേഷം നിതീഷ് കുമാറിന്റെ പ്രതികരണം. അതേസമയം ജെഡിയുവിനെ ഏറ്റെടുത്തതില്‍ ബിജെപിയോട് നന്ദിയുണ്ടെന്ന് ആര്‍ജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവ് പ്രതികരിച്ചു. കളി ഇനിയും ബാക്കിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പോടെ ജെഡിയു ബീഹാറില്‍ അവസാനിക്കുമെന്ന് തേജസ്വി യാദവ് പറഞ്ഞു. നിതീഷിനെ മാലിന്യത്തോട് ഉപമിച്ചായിരുന്നു ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യയുടെ പ്രതികരണം. നിതീഷ് കുമാര്‍ വഞ്ചനയില്‍ വിദഗ്ധനാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ അവസരവാദ രാഷ്ട്രീയവും വഞ്ചനയും തുറന്നുകാട്ടി ജനങ്ങളിലേക്കിറങ്ങിച്ചെല്ലാനാണ് മഹാസഖ്യത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here