‘അന്നും എസ്എഫ്ഐയെ അധിക്ഷേപിച്ച, കെഎസ്‌യുവിനെ ഉപദേശിച്ച ബിനോയ്‌ വിശ്വത്തിന്റെ മനസിൽ, ദഹിക്കാതെ കിടക്കുന്നുണ്ടായിരിക്കും കോൺഗ്രസ് കൂട്ടുകെട്ട് വിട്ടതിന്റെ ആലസ്യം’, എൻ എൻ കൃഷ്ണദാസിൻ്റെ കുറിപ്പ്

എസ്എഫ്ഐയെ വിമര്ശിച്ചുകൊണ്ടുള്ള ബിനോയ് വിശ്വത്തിന്റെ വാക്കുകൾ കഴിഞ്ഞ ദിവസം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. കാര്യവട്ടം ക്യാമ്പസിലെ വിഷയത്തിൽ എസ്എഫ്ഐ തിരുത്തേണ്ടതുണ്ടെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് എൻഎൻ കൃഷ്‌ണദാസ്‌ എഴുതിയ ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചിറ്റൂർ കോളജിൽ വിദ്യാർത്ഥിയായിരിക്കെ നേരിട്ട് കണ്ട് അനുഭവിച്ച ഒരു സംഭവം വിവരിച്ചുകൊണ്ടാണ് എൻഎൻ കൃഷ്ണദാസ് കുറിപ്പ് പങ്കുവെച്ചത്.

ചിറ്റൂർ കോളേജിൽ എഐഎസ്എഫ് എന്ന സംഘടനയുടെ തുടക്ക കാലങ്ങളിൽ അവർക്കൊപ്പം നില്ക്കാൻ ശ്രമിച്ച എസ്എഫ്ഐയെ തള്ളിപ്പറഞ്ഞ അധിക്ഷേപിച്ച ബിനോയ് വിശ്വം അന്നും കെഎസ്‌യുവിനെ സ്നേഹത്തോടെ ഉപദേശിക്കുകയാണ് ചെയ്തതെന്ന് എൻ എൻ കൃഷ്‌ണദാസ്‌ ഓർത്തെടുക്കുന്നു.

ALSO READ: ‘കൊലപാതകക്കുറ്റത്തിന് വിചാരണ നേരിടണം’, ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി ഹൈക്കോടതി

ഫേസ്ബുക് കുറിപ്പ് വായിക്കാം

ഞാൻ ചിറ്റൂർ കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങൾ സജീവമായി നടന്നു വരികയായിരുന്നു. അതിന്റെ മുന്നൊരുക്കമെന്ന വിധം കോൺഗ്രസ്സ് – ലീഗ് പിന്തുണയിൽ മുഖ്യമന്ത്രി ആയിരുന്ന ബഹുമാന്യനായ സ. പി.കെ. വാസുദേവൻ നായർ രാജിവച്ചു. (പിന്നീട് PKV ലോക് സഭയിൽ വന്നപ്പോൾ കൂടുതൽ അടുത്തിടപഴകാൻ സാധിച്ചു. എന്തൊരു മാന്യനായ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു അദ്ദേഹം!!! അത്ഭുതാദരവോടെയെ എപ്പോഴും ഓർക്കാൻ സാധിക്കൂ.) പെട്ടന്ന് CPI ഇടത് പക്ഷത്തേക്ക് മാറാൻ തുടങ്ങിയിരുന്നു.

ആ സന്ദർഭത്തിൽ AISF എന്ന വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ഒരു വാഹന ജാഥ ഞങ്ങളുടെ കോളേജിൽ എത്തി. സഖാവ് ബിനോയ്‌ വിശ്വം ആയിരുന്നു ആ ജാഥക്ക് നേതൃത്വം നൽകിയിരുന്നത്. അന്നദ്ദേഹം AISF ന്റെ അഖിലേന്ത്യാ സെക്രട്ടറി ആയിരുന്നു എന്നാണോർമ്മ. എന്തായാലും അദ്ദേഹമായിരുന്നു ജാഥയിൽ പ്രസംഗിച്ചത്. അന്ന് കോളേജിൽ AISF വിരലിലെണ്ണാവുന്ന ഏതാനും പേർ മാത്രമുള്ള സംഘടന ആയിരുന്നു. ഇപ്പോൾ അവിടെ അത് പോലും ഇല്ല. പഴയ കമ്മ്യൂണിസ്റ്റ് നേതാവും എം.പി യും, AITUC ജനറൽ സെക്രട്ടറിയും ഒക്കെ ആയിരുന്ന സ.ബാലചന്ദ്രമേനോന്റെ മകൻ സ.രവികുമാർ കോളേജിൽ എന്റെ രണ്ടു വർഷം സീനിയറും, AISF ജില്ലാ സെക്രട്ടറിയും ആയിരുന്നു. അതിലേറെ എന്റെ സുഹൃത്തും ആയിരുന്നു. (പിന്നീട് രവികുമാർ പഴയ CPI നേതാക്കളുടെ പലരുടെയും മക്കളെ പോലെ സോവിയറ്റ് യൂണിയനിൽ എഞ്ചിനിയറിങ്ങ് പഠനത്തിന് പോയി. ബോംബയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായി. ഏതാനും വർഷം മുൻപ് ദുഖകരമായ സാഹചര്യത്തിൽ മരണപ്പെട്ടു) ആ ജാഥാ സ്വീകരണത്തിൽ സ.ബിനോയ്‌ വിശ്വം പ്രസംഗിക്കാൻ തുടങ്ങിയതും ആർത്തട്ടഹസിച്ചു ഒരു സംഘം KSU ക്കാർ പ്രസംഗം തടസ്സപ്പെടുത്തി. വല്ലാത്തൊരു അന്തരീക്ഷം ആയി. വിരലിൽ എണ്ണാവുന്ന AISF പ്രവർത്തകർ ഈ KSU അട്ടഹാസത്തിൽ നിസ്സഹായരായി. രവികുമാർ എന്റെ സുഹൃത്തായത് കൊണ്ടും AISF എന്ത് തന്നെയായാലും ഒരു ഇടത് പക്ഷ വിദ്യാർത്ഥി സംഘടനയായി അറിയപ്പെടുന്നതിനാലും ഞങ്ങൾ SFI ക്കാർ സംഘമായി മുദ്രാവാക്യം വിളിച്ചെത്തി KSU വിനെ വെല്ലുവിളിച്ചു. (തലേ ദിവസം കോൺഗ്രസ്സ് അക്രമികൾ കോളേജിൽ കയറി ആക്രമിച്ചതിന്റെ പരുക്കോടെയായിരുന്നു ഞങ്ങൾ എത്തിയത്, ആ വിരോധവും ഉണ്ടായിരുന്നു) SFI ക്കാരോട് എതിർത്ത് നിൽക്കാനുള്ള ശേഷി അവിടെ KSU വിനു ഉണ്ടായിരുന്നില്ല. സഖാവ് ബിനോയ്‌ വിശ്വം പ്രസംഗം തുടർന്നു. KSU വിനെ കണക്കിന് “കസർത്തും” എന്നായിരുന്നു ഞങ്ങൾ വിചാരിച്ചത്. പക്ഷേ, എല്ലാ കേൾവിക്കാരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് SFI യെ അധിക്ഷേപിച്ചും, KSU വിനെ സ്നേഹപൂർവ്വം ഉപദേശിച്ചും ആയിരുന്നു ആ സന്ദർഭത്തിലും സഖാവ് ബിനോയ്‌ പ്രസംഗിച്ചത്. ഇത് പിന്നീട് SFI യൂണിറ്റ് എക്‌സിക്യുട്ടീവ് യോഗത്തിൽ വലിയ ചർച്ചയായി. AISF ജാഥക്ക് സംരക്ഷണം ഒരുക്കിയത് തെറ്റായി എന്നൊക്കെ പലരും വിമർശനം ഉന്നയിച്ചു. SFI ജില്ലാ പ്രസിഡൻഡ് ആയ സ.എം.എസ്.സകറിയ ആ യോഗത്തിൽ സംബന്ധിരുന്നു. അദ്ദേഹം ഈ പ്രവർത്തിയെ (AISF ജാഥയെ സംരക്ഷിച്ചതിനെ) ന്യായീകരിച്ചു. അദ്ദേഹം പറഞ്ഞു ; “ശക്തമായ ഇടത് പക്ഷ ഐക്യമാണ് രാജ്യത്താകെ വളർന്നു വരേണ്ടത്. അതിന്റെ പ്രതിഫലനമായി ക്യാമ്പസ്സുകളിൽ ശക്തമായ ഇടത് വിദ്യാർത്ഥി ഐക്യം ശക്തിപ്പെടണം”. അപ്പോൾ ഒരു പ്രവർത്തകൻ സംശയം ഉന്നയിച്ചു ; ഈ ഐക്യം നമ്മൾ മാത്രം ഉണ്ടാക്കിയെടുക്കേണ്ടതാണോ? അവർക്കും തോന്നേണ്ടേ? അതിനും സഖാവ് സ്കറിയ മറുപടി പറഞ്ഞു ; “അവരും അങ്ങനെ ചിന്തിക്കേണ്ടി വരും. രൂപപ്പെടുന്ന സാഹചര്യം അതാണ്‌. എന്നാൽ കുറേക്കാലം കോൺഗ്രസ്സ് കൂട്ടുകെട്ടിലായതിന്റെ ആലസ്യം സ്വാഭാവികമാണവർക്ക്. അടിയന്തിരാവസ്ഥയിൽ ഈച്ചര വാര്യരുടെ മകൻ രാജനെ പോലീസ് ഉരുട്ടിക്കൊന്ന് കത്തിച്ചു കളഞ്ഞിട്ടും മിണ്ടാനാവാതെ പോയതിന്റെ ജാള്യതയൊക്കെ ഉണ്ടാവില്ലേ? അതൊക്കെ മാറും. സാഹചര്യങ്ങൾ അവരെ രാഷ്ട്രീയമായി പരിപക്വപ്പെടുത്തും”.
……
കാലം വളരെ മുൻപിലേക്ക് പോയി. രാജ്യത്ത് ഇടത് പക്ഷ ഐക്യം കൂടുതൽ ശക്തമായി. CPI – M * CPI ഐക്യം അഭൂതപൂർവ്വമായ വിധം പ്രായോഗികമായി. സഖാവ് ബിനോയ്‌ വിശ്വം MLA ആയി, മന്ത്രി ആയി ഈയടുത്തകാലത്ത് രാജ്യ സഭാ അംഗമായി. ബഹുമാന്യനായ സ.കാനം രാജേന്ദ്രൻ നിര്യാതനായതിനെ തുടർന്ന് CPI സംസ്ഥാന സെക്രട്ടറി ആയി. കേരളത്തിലെ ജനങ്ങളെ നയിക്കുന്ന LDF ന്റെ ഏറ്റവും പ്രമുഖ നേതാക്കളിലൊ രാളാണിപ്പോൾ. ഇടത് പക്ഷത്തെ ഓരോരുത്തരും ബഹുമാനിക്കുന്ന വലിയ നേതാവ്.  എന്നാൽ ആ പഴയ AISF നേതാവിന്റെ ഉള്ളിൽ ഇപ്പോഴും ദഹിക്കാതെ കിടക്കുന്ന “എന്തെങ്കിലും” ഉണ്ടോ എന്ന് സഖാവ് ബിനോയ്‌ വിശ്വത്തിന്റെ SFI ക്കെതിരായ പ്രസ്താവന കാണുന്നവർക്ക് തോന്നിയാൽ അതിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കേണ്ടത്? ആർക്കാണ് സഖാവേ ഒരു തെറ്റും പറ്റാത്തവരായി ഉള്ളത്? വലിയൊരു പ്രസ്ഥാനം, (അതും കൗമാര – യവ്വനാരംഭ പ്രായത്തിലുള്ളവരുടെ) ഈ പുതിയ സാഹചര്യത്തിൽ മുന്നോട്ടു പോകുമ്പോൾ തിരുത്തപ്പെടേണ്ട ചില പിശകുകൾ ഒക്കെ സംഭവിച്ചെന്നിരിക്കാം. കമ്മ്യൂണിസ്റ്റ് രീതിയിൽ പിശകുകൾ തിരുത്തുന്ന രീതി സഖാവ് ബിനോയ്‌ വിശ്വത്തിനു അറിയാത്തതാണോ? ലോക നിലവാരത്തിൽ കമ്മ്യൂണിസം പഠിക്കാൻ അവസരം ലഭിച്ച സഖാവല്ലേ? ഇടത് പക്ഷത്തിന്റെ ജീവൻ മുഴുവൻ ഊറ്റി എടുക്കുന്നത് വരെ വിശ്രമമില്ല എന്ന് പ്രതിജ്ഞ ചെയ്തിരിക്കുന്ന തീവ്രവലത് പക്ഷ മാധ്യമങ്ങളെ ഉപയോഗിച്ചാണോ തെറ്റുകൾ തിരുത്താൻ കമ്മ്യൂണിസ്റ്റുകാർ മുതിരേണ്ടത്? നമ്മുടെ ഒരു ചെറു ചലനം പോലും പൊതുവായി ഇടത് പക്ഷത്തെ തകർക്കാനുള്ള ആയുധമാക്കുകയാണ് ഇവിടത്തെ വലത് പക്ഷം എന്നത് സഖാവിനു അറിയാത്തതാണോ?

ALSO READ: ‘റോഡ് നിർമ്മാണത്തിനും പരിപാലനത്തിനും സർക്കാർ നൽകുന്നത് മികച്ച പരിഗണന’, നജീബ് കാന്തപുരത്തിന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

SFI മാത്രമല്ല ; ഇടത് പക്ഷത്തുള്ള ചെറുതോ, വലുതോ ആയ ഒരു പ്രസ്ഥാനത്തിനും, അതിലെ ഒരു സഖാവിനും തെറ്റുകൾ സംഭവിക്കരുത്. എന്നാൽ നമ്മളൊക്കെ ആത്യന്തികമായി മനുഷ്യരല്ലേ സഖാവേ? തെറ്റുകൾ സംഭവിക്കുന്നത് കമ്മ്യൂണിസ്റ്റ് സംഘടനാ രീതിയിൽ തിരുത്താനല്ലേ നാം പഠിച്ചിരിക്കുന്നത്? SFI കേരളീയ സമൂഹത്തിൽ എത്ര വലിയ ത്യാഗങ്ങൾ സഹിച്ചു വളർന്ന വിദ്യാർത്ഥി പ്രസ്ഥാനമാണ്!!!. ഒരു പ്രസ്ഥാനവും അതിലണി നിരന്നിരിക്കുന്നവരുടെ മാത്രം നേട്ടത്തിനല്ല ; സമൂഹത്തിന്റെ ആകെ നന്മക്കായിട്ടാണ് പ്രവർത്തിക്കുന്നത്. ഇപ്പോഴും കേരളത്തിലെ കോളേജ് ക്യാമ്പസുകൾ ഉത്തരേന്ത്യയിലെ പോലെ മത – ജാതി – വർഗീയ വിഭജനത്തിലെത്താതെ സംരക്ഷിച്ചു നിർത്തുന്നതിൽ SFI നിർവഹിച്ചു കൊണ്ടിരിക്കുന്ന ഒട്ടും ചെറുതല്ലാത്ത പങ്ക് അന്ധമായ ഇടത് വിരുദ്ധർക്ക് മാത്രമേ നിഷേധിക്കാനാവൂ. ആ കൂട്ടത്തിൽ CPI സംസ്ഥാന സെക്രട്ടറി ഒരിക്കലും ഉണ്ടാവില്ലല്ലോ. SFI ആയി എന്ന ഒറ്റക്കാരണത്തിൽ കുരുന്നു പ്രായത്തിൽ ജീവൻ നൽകേണ്ടി വന്നവർ എത്രയാണെന്ന് സഖാവിനറിയുമോ? അത്തരത്തിൽ കൊല്ലപ്പെട്ട ഏതെങ്കിലും ഒരു സഖാവിന്റെ മൃതദേഹത്തിൽ ഒരു തുള്ളി കണ്ണീരും, ഒരു പിടി ചോരപ്പൂക്കളുമായി എത്തിയിട്ടുള്ളവർക്കേ അതറിയൂ…

ഏതൊരു പ്രസ്ഥാനങ്ങളെയും പോലെ SFI ക്കും തിരുത്തേണ്ട പിശകുകൾ സ്വാഭാവികമായും സംഭവിക്കും. അത് തിരുത്തി മുന്നോട്ട് പോകണം. അതിന് കഴിയുമെന്നുറപ്പാണ്. എന്ത് കൊണ്ടെന്നാൽ SFI വെറുതെ ഉണ്ടായ ഒരു സംഘടനയല്ല. കാലവും, ചരിത്രവും അനിവാര്യതകളിൽ ജന്മം നൽകിയ പ്രസ്ഥാനമാണ് SFI. ആ പ്രസ്ഥാനത്തെ വലത് പക്ഷത്തിന് കൊത്തിവലിച്ചു രുചിക്കാൻ എറിഞ്ഞു കൊടുക്കില്ല. SFI ക്കെതിരെ ഉയരുന്ന ക്രിയാത്മക വിമർശനങ്ങൾ സ്വാഗതം ചെയ്യുമ്പോൾ അതിൽ ഒളിപ്പിച്ച വിഷം പുരട്ടിയ കൊലക്കത്തി തിരിച്ചറിയുകയും ചെയ്യും. SFI യെ വലത് പക്ഷത്തിനു കൊത്തിവലിക്കാൻ എറിഞ്ഞു കൊടുക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News