രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളില്‍ നിന്നും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തുകകള്‍ ഈടാക്കിയിട്ടില്ല

സംസ്ഥാനങ്ങളിലെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കലിന് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും തുകകള്‍ ഈടാക്കണം എന്ന നിര്‍ബന്ധിത ചട്ടം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളില്‍ നിന്നും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തുകകള്‍ ഈടാക്കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വ്യക്തത വരുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും തുകകള്‍ ഈടാക്കണം എന്ന ഒരു നയം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടോ എന്ന ജോണ്‍ ബ്രിട്ടാസ് എം പി യുടെ ചോദ്യത്തിന് രേഖാമൂലം മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി ലാന്‍ഡ് വാല്യൂ ക്യാപ്ച്ചര്‍ ഫിനാന്‍സ് എന്നൊരു നിര്‍ദ്ദേശരൂപേണയുള്ള പ്രൊപ്പോസല്‍ പുറത്തിറക്കിയിട്ടുണ്ടെന്നും, അത് നിര്‍ബന്ധിത രൂപത്തില്‍ അല്ല എന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഈ പദ്ധതി പ്രകാരവും നാളിതുവരെ 11 സംസ്ഥാനങ്ങള്‍ മാത്രമേ വിവിധ ദേശീയ പാത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ ചെലവിന്റെ ഒരു വിഹിതമോ അല്ലെങ്കില്‍ നികുതിയിലും റോയല്‍റ്റിയിലുമുള്ള കിഴിവുകളോ വാഗ്ദാനം ചെയ്തിട്ടുള്ളൂ എന്നും മറുപടി വ്യക്തമാക്കുന്നു.

ഈ സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ സ്ഥാനം മുന്‍നിരയിലാണ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഭൂമി ഏറ്റെടുക്കുന്ന ചെലവ് വഹിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. രണ്ടര ശതമാനം നികുതി ഒഴിവാക്കാമെന്ന മാത്രമാണ് നാളിതുവരെ ഉത്തര്‍പ്രദേശ് സമ്മതിച്ചിട്ടുള്ളത്. നിര്‍മ്മാണ സാമഗ്രികളുടെ ജിഎസ്ടിയും റോയല്‍റ്റിയും ഒഴിവാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി വരികയാണെങ്കിലും ഇതുവരെ ഉത്തര്‍പ്രദേശ് ഇക്കാര്യം സമ്മതിച്ചിട്ടില്ലെന്നും മറുപടി വ്യക്തമാക്കുന്നു.

ഈ കണക്കുകള്‍ ചൂണ്ടിക്കാണിച്ച് ഈ വിഷയത്തില്‍ കേരളം സ്വീകരിച്ചിരിക്കുന്ന സമീപനങ്ങളുടെ യാഥാര്‍ത്ഥ ചിത്രവും ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാണിച്ചു. നിരവധി പദ്ധതികള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന്റെ 25% ചെലവും തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മാണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന്റെ 50% ചെലവും വഹിക്കാം എന്ന് കേരളം സ്വമേധയാ തീരുമാനിച്ചതിന്റെ പ്രസക്തി വിലയിരുത്തപ്പെടേണ്ടതാണെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. വസ്തുതകള്‍ ഇതായിരിക്കെ ഭൂമി ഏറ്റെടുക്കുന്ന ചെലവിന്റെ വിഹിതം കേരളം ഏറ്റെടുക്കാത്തതു കൊണ്ടാണ് ദേശീയപാത വികസനം വൈകുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധവും അപലപനീയവുമാണ് എന്നും ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News