കൊച്ച് കുട്ടികളെ മർദ്ദിച്ച പ്ലേ സ്കൂൾ അധ്യാപികമാർക്ക് ജാമ്യമില്ല

കൊച്ചു കുട്ടികളെ മർദ്ദനത്തിനിരയാക്കിയ അധ്യാപികമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ഡീവ്‍ലിയിലെ പ്ലേ സ്കൂൾ അധ്യാപികമാരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ദിൻദോഷി സെഷൻസ് കോടതി തള്ളിയത്. ജിനാൽ ഛെദ, ഭക്തി ഷാ എന്നീ അധ്യാപികമാരാണ് കണ്ഡീവ്‍ലി വെസ്റ്റിലെ റൈംസ് ആൻഡ് റംബ്ൾസ് ​ പ്ലേ സ്കൂളിലെ ഇരുപത്തിയഞ്ചോളം വിദ്യാർത്ഥികളെ ചവിട്ടുകയും അടിക്കുകയുമൊക്കെ ചെയ്തത്. സിസിടിവി ദൃശ്യങ്ങളിൽനിന്ന് അധ്യാപികമാരുടെ ക്രൂരത വ്യക്തമായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസിലെ മുഖ്യ പ്രതികളായ രണ്ടു അധ്യാപികമാരും ഒളിവിലാണ്. പ്ലേ സ്കൂളിൽ കുട്ടികളെ ക്രൂരമായി മർദ്ദിച്ച അധ്യാപകർ സമൂഹത്തോട് ചെയ്തത് കടുത്ത അപരാധമാണെന്ന് ജാമ്യാ​പേക്ഷ നിരസിച്ചു കൊണ്ട് കോടതി അഭിപ്രായപ്പെട്ടു.

ടീച്ചർമാർ ഒളിവിലാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. എന്നാൽ, അധ്യാപികമാരെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും അറസ്റ്റ് വൈകിക്കുകയാണെന്നും രക്ഷിതാക്കൾ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here