ഇന്ത്യൻ പട്ടാളത്തിൽ അവസരം കുറഞ്ഞതോടെ റഷ്യയിലെ കൂലിപ്പട്ടാളമാകാൻ നിർബന്ധിതമായി ഗൂർഖാ പോരാളികൾ. ഇന്ത്യൻ സേനയിലേക്ക് രണ്ടു നൂറ്റാണ്ടായി നടത്തിയിരുന്ന റിക്രൂട്ട്മെൻറ് അവസാനിപ്പിച്ച് നേപ്പാൾ സർക്കാർ. അഗ്നിപഥ് നഷ്ടപ്പെടുത്തിയ അവസരം വാഗ്നർ ഗ്രൂപ്പിൽ കണ്ടെത്താൻ റഷ്യയിലേക്ക് ചേക്കേറുകയാണ് നേപ്പാളിലെ യുവാക്കൾ.
ഏത് പ്രതികൂല സാഹചര്യത്തിലും ശത്രുവിനോടും പ്രകൃതിയോടും ഒരുപോലെ മല്ലിട്ട് വിജയതീരം തൊടാൻ ഇന്ത്യയ്ക്ക് കരുത്തായി നിന്നവരാണ് നേപ്പാളിൽ നിന്നുള്ള ഗൂർഖാ പോരാളികൾ. ബ്രിട്ടീഷ്കാലം മുതൽ ഇന്നോളം ഇന്ത്യയുടെ അതിർത്തിക്ക് കാവൽ നിൽക്കുന്നവരിൽ പ്രധാനികളായി തുടരുകയാണവർ. എന്നാൽ ബിജെപി സർക്കാർ ഇന്ത്യൻ സേനയിൽ നടപ്പാക്കിയ കരാർവൽക്കരണം ബാധിച്ചത് നമ്മുടെ അതിർത്തികളെ തന്നെയെന്ന് വ്യക്തം. ജോലിയുടെ സുരക്ഷിതത്വമില്ലായ്മയും പെൻഷൻ നഷ്ടവും മൂലം സുഖകരമല്ലാത്ത തൊഴിൽ സാഹചര്യമായി സൈനികവൃത്തി മാറുന്നുണ്ടെന്നാണ് പോരാളികളുടെ അടക്കംപറച്ചിൽ.
അഗ്നിപഥ് പദ്ധതി മൂലം പ്രിയപ്പെട്ട അയൽക്കാർ നഷ്ടപ്പെടുത്തിയ അവസരം വീണ്ടെടുക്കാൻ പുതിയ മേച്ചിൽപുറങ്ങൾ തേടുകയാണ് ഗൂർഖകൾ. റഷ്യയുടെ വാഗ്നർ കൂലിപ്പട്ടാളത്തിൻ്റെ ഭാഗമായി തുടങ്ങുകയാണവർ. ഒരു വർഷം സൈന്യത്തിൽ ജോലി ചെയ്താൽ റഷ്യൻ പൗരത്വം ലഭിക്കും എന്നതും നേപ്പാളിൽ നിന്നുള്ള യുവാക്കളെ ആകർഷിക്കുന്നുണ്ട്. ജീവിതമാർഗം തേടി യുക്രെയ്ൻ്റെ സൈനികരാകാനും തയ്യാറെടുക്കുകയാണ് ഗൂർഖകൾ. തലമുറകളായി യുദ്ധം ചെയ്യാൻ പരിശീലിച്ചവരെ ഉപയോഗപ്പെടുത്താൻ കഴിയാതെ സ്വയം കരുത്ത് നഷ്ടപ്പെടുത്തുകയാണ് ഇന്ത്യൻ സൈന്യം.
നേപ്പാൾ സർക്കാർ ഇരുന്നൂറോളം വർഷമായി ഇന്ത്യൻ സൈന്യത്തിലേക്ക് നേരിട്ട് നടത്തിയിരുന്ന റിക്രൂട്ട്മെൻറ് പ്രക്രിയ അവസാനിപ്പിച്ചത് ഈയിടെയാണ്. വലിയ സൗഹൃദമുണ്ടായിരുന്ന ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം മോശമാകുന്നതിൽ അഗ്നിപഥ് പദ്ധതിക്കും പങ്കുണ്ടെന്നാണ് സൂചന. ഇന്ത്യക്ക് പുറമേ സിംഗപ്പൂരിലും ഫ്രാൻസിലും വരെ സേവനമനുഷ്ഠിക്കുന്ന നേപ്പാളി ഗൂർഖകളുണ്ട്.
മരിക്കാൻ പേടിയില്ലെന്ന് ഒരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ പറയുന്നത് നുണയാണ്, അല്ലെങ്കിൽ അയാൾ ഒരു ഗൂർഖയാണ് എന്ന് അഭിനന്ദിച്ചത് ഇന്ത്യയിലെ ആദ്യ ഫീൽഡ് മാർഷൽ സാം മനേക് ഷായാണ്. എന്നാൽ, മരിക്കാൻ പേടിയില്ലാത്ത ഗൂർഖകൾ ഇന്ത്യൻ സൈന്യത്തിൽ ചേക്കേറാത്ത ആദ്യവർഷമായി മാറുകയാണ് 2023. സാമ്രാജ്യത്വം കൂലിപ്പട്ടാളമെന്ന അന്താരാഷ്ട്ര കൊട്ടേഷൻ ഗ്രൂപ്പുകളെ നിർമ്മിക്കേണ്ട ഗതികേടിലെത്തുകയാണ്. അപ്പോഴും ചൂഷണം ചെയ്യപ്പെടുന്നവരുടെ ലിസ്റ്റിൽ തുടരുകയാണ് സാമ്രാജ്യത്വം പട്ടിണിയിലാക്കിയ മനുഷ്യരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here