ക്രിസ്‌മസ് ദിനത്തില്‍ ചോരയുടെ മണം പേറി ഗാസ, മൂകമായി ബത്‌ലഹേം

ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ബത്‌ലഹേമും ഗാസയും ചോരയുടെ മണം പേറി ജീവിക്കുകയാണ്. ലോകത്തുതന്നെ ക്രിസ്മസിന് ആദ്യം ആഘോഷങ്ങള്‍ ആരംഭിക്കുന്നത് ബത്‌ലഹേമിലാണ്. എന്നാല്‍ ഇത്തവണയാകട്ടെ ബത്‌ലഹേം നിശബ്ദവും ഗാസ ചോരയില്‍ മുങ്ങിക്കുളിച്ചിരിക്കുകയുമാണ്.

എല്ലാ വര്‍ഷവും ബത്ലഹേമിലെ നേറ്റിവിറ്റി സ്‌ക്വയറില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിക്കുന്നതുതന്നെ ഭീമാകാരമായ ക്രിസ്മസ് ട്രീ, പരേഡുകള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയോടുകൂടിയാണ്. എന്നാല്‍ ഇത്തവണ നഗരവീഥികളെല്ലാം ശൂന്യവും മൂകവുമാണ്.

Also Read : ഇനി ഇല്ല! ജൂലിയന്‍ കലണ്ടര്‍ പാരമ്പര്യം ഉപേക്ഷിച്ച് യുക്രൈയിന്‍; ഇത് റഷ്യയ്ക്കുള്ള മറുപടി

ലൈറ്റുകളോ നക്ഷത്രങ്ങളോ കരോള്‍ ഗാനങ്ങളോ ക്രിസ്മസ് പാപ്പയോ ഒന്നമുല്ലാതെ ശൂന്യമായ ബത്‌ലഹേം വീഥികള്‍ ആരുടേയും കരളലിയിപ്പിക്കുന്ന കാഴ്ചയാണ്. ക്രിസ്മസ് ആഘോഷത്തില്‍ മുങ്ങേണ്ട ഗാസയാകട്ടെ ചോരയില്‍ കുളിച്ചുനില്‍ക്കുകയാണ്. നാളെ എന്ത് എന്നറിയാത്ത അവര്‍ക്ക് ഇന്ന് ക്രിസ്മസോ ആഘോഷങ്ങളോ ഒന്നുംതന്നെയില്ല.

ബെത്ലഹേമിലെ മതസ്ഥാപന മേധാവികള്‍ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ റദ്ദാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഗാസയില്‍ നമ്മുടെ ജനങ്ങള്‍ക്കെതിരെ വംശഹത്യ നടക്കുമ്പോള്‍ മറ്റു കാര്യങ്ങളില്‍ ആനന്ദിക്കുക എന്നത് അസാധ്യമാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഗാസയോട് ഐക്യപ്പെട്ടുകൊണ്ടാണ് വെസ്റ്റ് ബാങ്കില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വേണ്ടെന്ന് വെക്കുന്നത്.

‘എല്ലാ വര്‍ഷവും ഞങ്ങള്‍ ഈ സ്ഥലത്ത് ഒരു ക്രിസ്മസ് ട്രീ സ്ഥാപിക്കുന്നു, എന്നാല്‍ ഈ വര്‍ഷം, ക്രിസ്മസ് ട്രീയും വെളിച്ചവുമില്ലാതെ ഞങ്ങള്‍ ക്രിസ്മസിനെ സ്വാഗതം ചെയ്യുന്നു,’ ബെത്ലഹേമിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയിലെ പാസ്റ്റര്‍ മുന്‍തര്‍ ഐസക് അല്‍ ജസീറയോട് പറയുന്നു.

Also Read : ചോരയില്‍ മുങ്ങി ഗാസയിലെ ക്രിസ്മസ് രാത്രി; ഇസ്രയേലിന്റെ കൂട്ടക്കുരുതിയില്‍ പൊലിഞ്ഞത് 70 ജീവനുകള്‍

അതേസമയം ക്രിസ്മസ് രാത്രിയിലും ഇസ്രയേല്‍ ഗാസയെ ആക്രമിച്ചിരുന്നു. ഗാസയിലെ അല്‍ മഗാസി അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ഞായാറാഴ്ച രാത്രിയിണ്ടായ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തതായി ഹമാസ് സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അഭയാര്‍ഥി ക്യാമ്പില്‍ നടന്നത് ഭീകരമായ കൂട്ടക്കൊലയാണെന്നും അത് യുദ്ധക്കുറ്റകൃത്യമാണെന്നും ഹമാസ് വക്താവ് ആരോപിച്ചു. ഗാസയ്ക്കുനേരെ ഇതുവരെയുണ്ടായ രക്തരൂക്ഷിതമായ ആക്രമണങ്ങളില്‍ ഒന്നാണ് ഞായറാഴ്ചയുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

അഭയാര്‍ഥി ക്യാമ്പില്‍ വളരെയധികം കുടുംബങ്ങള്‍ ഉണ്ടായിരുന്നതായും മരണനിരക്ക് ഇനിയും ഉയരാനിടയുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ് അഷറഫ് അല്‍ ഖിദ്ര പറഞ്ഞു. ക്യാമ്പില്‍ ധാരാളം കുടുംബങ്ങള്‍ താമസിക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും സംഭവം ഒരു കൂട്ടക്കൊലയാണെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 20,400ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 1,139 ആണെന്നുമാണ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 166 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും പലസ്തീനികളുടെ ആകെ മരണസംഖ്യ 20,400 ആയി ഉയര്‍ന്നതായും ഗാസ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News