ഓഫ്‌ഷോർ കമ്പനികളുടെയും ഇന്ത്യൻ പൗരന്മാരുടെയും വിവരങ്ങൾ ലഭ്യമല്ലെന്ന് കേന്ദ്രസർക്കാർ

വിദേശരാജ്യങ്ങളിൽ നികുതി വെട്ടിപ്പ് നടത്താനായി ഇന്ത്യക്കാർ സ്ഥാപിക്കുന്ന ഓഫ്‌ഷോർ ഷെൽ കമ്പനികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ലെന്നും ഓഫ്‌ഷോർ കമ്പനികളിലെ ഉടമസ്ഥത കൊണ്ട് പ്രയോജനം ലഭിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പ്രത്യേക നടപടികൾ എടുത്തിട്ടില്ലെന്നും കേന്ദ്ര സർക്കാർ. ഡോ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

ധനകാര്യ മന്ത്രാലയം കൈകാര്യം ചെയ്യുന്ന നിയമങ്ങളിലൊന്നും തന്നെ ‘ഓഫ്‌ഷോർ ഷെൽ കമ്പനി’ എന്ന ഒരു വാക്ക് നിർവചിച്ചിട്ടില്ലെന്നും ആയതിനാൽ തന്നെ ഇപ്രകാരമുള്ള കമ്പനികളുടെ വിശദാംശങ്ങൾ ശേഖരിക്കുകയോ അതിനുവേണ്ട നടപടികൾ എടുക്കുകയോ ചെയ്യേണ്ടതില്ലെന്നുമുള്ള വിചിത്രവാദമാണ് ധനമന്ത്രാലയം മുന്നോട്ട് വച്ചത്. കൂടാതെ പനാമ പേപ്പർ, പാരഡൈസ് പേപ്പർ, പണ്ടോറ പേപ്പർ എന്നീ വെളിപ്പെടുത്തലുകളിലൂടെ പുറത്തുവന്ന ഇന്ത്യൻ പൗരന്മാരുടെ വിശദാംശങ്ങളെ കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാൻ സർക്കാർ തയ്യാറായില്ല. ഈ വെളിപ്പെടുത്തലുകളിൽ പരാമർശിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ മൊത്തം എണ്ണമോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്താതെ ഭാഗികമായ വിവരങ്ങൾ മാത്രമാണ് കേന്ദ്രം നൽകിയത്.

പനാമ, പാരഡൈസ് പേപ്പർ വെളിപ്പെടുത്തലുകളിൽ 31.12.2022 വരെ 13,800 കോടി രൂപയോളം വെളിപ്പെടുത്താത്ത വരുമാനം നികുതിയുടെ പരിധിയിൽ കൊണ്ടുവന്നെന്നും കൂടാതെ പണ്ടോറ വെളിപ്പെടുത്തലുകളിൽ പരാമർശിച്ചിട്ടുള്ള 250ലധികം ഇന്ത്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നുണ്ട്. എന്നാൽ ഈ മൂന്ന് വെളിപ്പെടുത്തലുകളിലും കൂടി മൊത്തം എത്ര ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നോ ഇനിയും എത്രപേർക്കെതിരെ നടപടികൾ സ്വീകരിക്കാനുണ്ടെന്നോ കേന്ദ്രം വ്യക്തമാക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News