‘ഇവിഎമ്മിന് പോരായ്മയൊന്നുമില്ല, ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകില്ല’: തെരഞ്ഞെടുപ്പ് കമ്മിഷണര്‍

ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന് ദുരുപയോഗം ചെയ്യപ്പെടുന്നെന്ന ആരോപണത്തെ പൂര്‍ണമായും തള്ളി ഇലക്ഷന്‍ കമ്മിഷന്‍. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ചീഫ് ഇലക്ഷന്‍ കമ്മിഷ്ണര്‍ രാജീവ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

42 വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ രാജ്യത്തെ കോടതികളുടെ വിശ്വാസം നേടിയെടുത്ത, ജുഡീഷ്യല്‍ സൂക്ഷമപരിശോധന പാസായവയാണ് ഇവിഎമ്മുകള്‍ എന്നും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഫെബ്രുവരി അഞ്ചിനാണ് ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടിന് വോട്ടെണ്ണല്‍ നടക്കും.

ALSO READ: നേപ്പാള്‍ ഭൂചലനം; മരണം 95ആയി, കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു

ഇവിഎമ്മിന് എതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഊന്നിപറഞ്ഞ അദ്ദേഹം സുതാര്യതയും വിശ്വാസ്യതയുമാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എപ്പോഴും പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ല. അവ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങളെയെല്ലാം വിശദമായ അന്വേഷണത്തിനൊടുവിലാണ് തള്ളിയത്. ഇവിഎം സാങ്കേതിക വിദ്യ സത്യവും സുതാര്യവുമായ തത്വങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടുള്ളതാണെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടേഴ്‌സ് ലിസ്റ്റില്‍ തിരിമറി നടത്തിയെന്ന ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഈ വിഷയത്തിലും ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ പ്രതികരിച്ചു. വോട്ടര്‍ പട്ടികയില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൃത്യമായ നടപടി ക്രമങ്ങളാണ് പാലിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇലക്ട്രല്‍ റോളുകള്‍ തയ്യാറാക്കുന്നത് സുതാര്യമായ പ്രക്രിയയാണെന്നും ഓരോ തവണയുള്ള നടപടികളിലും രാഷ്ട്രിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News