ബ്രിജ് ഭൂഷണിനെതിരായ പീഡന പരാതിയിൽ മതിയായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ്. 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും എന്നും അത് കുറ്റപത്രമോ അന്തിമ റിപ്പോർട്ടോ ആവാം എന്നും ദില്ലി പൊലീസ് പറഞ്ഞു. രാജ്യത്തിന്റെ അഭിമാനതാരങ്ങളെ ദില്ലി പൊലീസ് തെരുവിൽ വലിച്ചിഴയ്‌ക്കുമ്പോൾ വിളിപ്പാടകലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ വിഐപികൾക്കൊപ്പം ഉദ്‌ഘാടനം ആസ്വദിക്കുന്ന തിരക്കിലായിരുന്നു ലൈംഗികാക്ഷേപം നേരിടുന്ന ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്.
അതേസമയം ഒരു ആരോപണം എങ്കിലും തെളിഞ്ഞാൽ താൻ തൂങ്ങിമരിക്കാൻ തയ്യാറെന്നും ,ഗുസ്തി താരങ്ങളുടെ പക്കൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് കോടതിയിൽ ഹാജരാക്കുക,ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ താൻ തയ്യാറാണ് എന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഗുസ്തി താരങ്ങളുടെ സമരം നാടകമെന്നും ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു.
അതേസമയം ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും രാജ്യത്തിനായി സ്വർണമെഡൽ നേടിയ ഗുസ്‌തി താരം വിനേഷ് ഫൊഗാട്ട് രാമായണത്തിലെ മന്ഥരയ്‌ക്ക് തുല്യമെന്ന് ബ്രിജ് ഭൂഷൺ സിങ് ആക്ഷേപം ഉയർത്തിയിരുന്നു. യുപിയിൽ സ്വന്തം തട്ടമായ ഗോണ്ടയിൽ പൊതുയോഗത്തിലാണ് അന്തർദേശീയ വേദികളിൽ ഇന്ത്യയ്‌ക്കായി നിരവധി മെഡലുകൾ നേടിയ താരങ്ങളെ ബ്രിജ് ഭൂഷൺ വാക്കുകളാൽ ക്രൂരമായി ആക്രമിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here