വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ കെ പി സി സി അന്വേഷണമില്ല. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണന് പിന്തുണ നല്‍കാനാണ് നേതൃ തീരുമാനം. കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളുടെ പുന്തുണയുണ്ടെന്ന് ഐ സി ബാലകൃഷണന്‍ പറഞ്ഞു.
സംഭവത്തില്‍ കെ പി സി സി സമിതിയുടെ അന്വേഷണം ഇനിയുണ്ടാവില്ല. നിരവധി പരാതികളിലും സാമ്പത്തിക ഇടപാടുകളിലും പേരുണ്ടെങ്കിലും ഐ സി ബാലകൃഷ്ണന് പ്രത്യക്ഷ പിന്തുണ നല്‍കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
എന്‍ എം വിജയനും മകനും മരണപ്പെട്ട ദിവസം സമഗ്ര അന്വേഷണം വേണമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടിരിന്നു. മരണത്തിനിടയാക്കിയ ബാങ്ക് നിയമന കോഴയില്‍ കെ പി സി സിക്ക് മുന്‍പാകെ നിരവധി പരാതികളും എന്‍ എം വിജയന്‍ തന്നെ നല്‍കിയ പരാതിയും നിലനില്‍ക്കുമ്പോഴാണ് നേതൃത്വം ഐ സി ബാലകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചത്.
കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ള നേതാക്കളുടെ പിന്തുണയുണ്ടെന്നും ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം ഉപേക്ഷിക്കുമെന്നും ഐ സി ബാലകൃഷ്ണന്‍ ഇന്നലെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പറഞ്ഞു.
ജില്ലാ നേതൃയോഗം വിളിക്കാതെ തീരുമാനമെടുത്തതില്‍ കടുത്ത ഭിന്നത കോണ്‍ഗ്രസില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇന്നലെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഒരു വിഭാഗം ബഹിഷ്‌ക്കരിച്ചു. ഭൂരിഭാഗം ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here