അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പണമില്ലാത്തതിനാല്‍ അച്ഛന്റെ മൃതദേഹം കുന്നില്‍ മുകളില്‍ ഉപേക്ഷിച്ച് മകന്‍. ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ ജില്ലയിലാണ് സംഭവം. കുന്നിന്‍ മുകളിലെ ഒറ്റപ്പെട്ട സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ച മകനെതിരെ പൊലീസ് കേസെടുത്തു.
കടപ്പയിലെ ഗുവ്വലചെരുവ് ഘട്ട് റോഡില്‍ നിന്ന് ഒരു വയോധികന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ 24 കാരനായ ബൊമ്മ രാജശേഖര റെഡ്ഡിക്കെതിരെ പൊലീസ് കേസെടുത്തു.
മുതിര്‍ന്ന പൗരന്മാരുടെ കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും അവരെ പരിപാലിക്കാനും സംരക്ഷിക്കാനും വ്യവസ്ഥ ചെയ്യുന്ന സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ സെക്ഷന്‍ 5 പ്രകാരമാണ് രാജശേഖറിനെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം ആദ്യം കണ്ട ഒരു ട്രെക്കിന്റെ ഡ്രൈവറും ക്ലീനറുമാണ് പോലീസിനെ വിവരമറിച്ചത്. ആദ്യം കൊലപാതകമെന്ന് സംശയിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ആശുപത്രിയിലെ ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്ന മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. ആശുപത്രി ബെഡ് ഷീറ്റിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് മരിച്ചത് 62 കാരനായ ബൊമ്മ ചിന്ന പുല്ലാ റെഡ്ഡിയാണെന്ന് മനസിലായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തിന് ടിബി ആയിരുന്നെന്നും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് വാങ്ങി മകന്‍ അച്ഛനെയും കൂട്ടി ഒരു ഓട്ടോ റിക്ഷയില്‍ വീട്ടിലേക്ക് തിരിച്ചെന്നും പൊലീസ് കണ്ടെത്തി.
എന്നാല്‍ പോകുന്നവഴി അച്ഛന്‍ മരിച്ചു. തുടര്‍ന്ന് അന്തിമ കര്‍മ്മം ചെയ്യാന്‍ തന്റെ കൈയില്‍ പണമില്ലെന്നും തന്നെ ഗുവ്വാലചെരുവിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് ഇറക്കിവിടണമെന്നും ഇയാള്‍ ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടു.
ഓട്ടോ ഡ്രൈവര്‍ അച്ഛന്റെ മൃതദേഹത്തോടൊപ്പം മകനെയും കടപ്പ-രായച്ചോട്ടി ഹൈവേയിലെ ഗുവ്വലച്ചെരുവ് ഘട്ട് റോഡിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇറക്കി. തുടര്‍ന്ന് രാജശേഖര്‍ അച്ഛന്റെ മൃതദേഹം ചുമന്ന് കുന്നില്‍പ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here