നീറ്റില്‍ പുന:പരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി. വീണ്ടും പരീക്ഷ നടത്തുന്നത് മെഡിക്കല്‍ സീറ്റിനായി കാത്തിരിക്കുന്ന 24 ലക്ഷം വിദ്യാര്‍ത്ഥികളെ ഗുരുതരമായി ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ച് നിരീക്ഷിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നും നീറ്റ് പരീക്ഷാ നടത്തിപ്പില്‍ ഗുരുതര വീഴ്ചയുണ്ടായിയെന്നും സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തു.
നീറ്റില്‍ ക്രമക്കേടുണ്ടായെങ്കിലും 24 ലക്ഷം വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷയെഴുതുന്നത് ഗുരുതരമായ പ്രത്യാഘ്യാതം ഉണ്ടാക്കുമെന്ന നിരീക്ഷണമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നടത്തിയത്. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 155 വിദ്യാര്‍ത്ഥികള്‍ക്ക് അതിന്റെ ഗുണം ലഭിച്ചുവെന്നും സുപ്രീംകോടതി കണ്ടെത്തി. പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലടക്കം ഗുരുതരമായ വീഴ്ച കേന്ദ്രസര്‍ക്കാരിനും എന്‍ടിഎയ്ക്കും ഉണ്ടായിയെന്നും കോടതി വിലയിരുത്തി.
Also read:‘ഗംഗാവലി പുഴയിൽ ഉഗ്രസ്‌ഫോടനം, വെള്ളം സുനാമി പോലെ അടിച്ചുകയറി’; വാര്‍ത്തയിലെ വസ്‌തുതയെന്ത് ?
ഝാര്‍ഖണ്ഡിലും ബിഹാറിലെ പട്‌നയിലും മാത്രമാണ് ക്രമക്കേട് തെളിയിക്കാനായത്. മറ്റിടങ്ങളില്‍ വ്യാപക ക്രമക്കേട് ആവര്‍ത്തിച്ചുവെന്ന് ഹര്‍ജിക്കാര്‍ വാദിച്ചെങ്കിലും തെളിവുകളുടെ അഭാവം കോടതി ചൂണ്ടിക്കാട്ടി. പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന് വിലയിരുത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടായാല്‍ കൗണ്‍സിലിംഗ് നടപടിയെ ബാധിക്കും. മാത്രമല്ല, മെഡിക്കല്‍ കോളേജുകളിലേക്കുളള പ്രവേശനക്രമം തന്നെ തകിടംമറിയുമെന്നും സുപ്രീംകോടതി വിലയിരുത്തി. ഭാവിയില്‍ മെഡിക്കല്‍ പ്രൊഫഷണലുകളുടെ ലഭ്യതയെ ബാധിക്കുന്ന വിഷയമായി മാറുമെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് പുനഃപരീക്ഷ വേണ്ടെന്ന നിഗമനത്തിലെത്തുകയായിരുന്നു. മൂന്നു ദിവസം നീണ്ട തുടര്‍ച്ചയായ വാദങ്ങളില്‍ പുനഃപരീക്ഷ ആവശ്യപ്പെട്ടുളള 38ഓളം ഹര്‍ജികളാണ് പരിഗണിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here