നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമാക്കി മുന്നണികള്‍

election

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമാക്കി മുന്നണികള്‍. മഹാവികാസ് അഘാഡിയില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാത്തതില്‍ സിപിഐഎമ്മും എസ്പിയും അടക്കം അതൃപ്തിയിലാണ്. ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും തീവ്ര വര്‍ഗീയ പ്രചരണം തന്നെയാണ് ബിജെപിയുടെ അജണ്ട.

അവസാന മണിക്കൂറിലും തര്‍ക്കങ്ങള്‍ക്കും മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ശേഷമാണ് മഹാരാഷ്ട്രയില്‍ ഇരുസഖ്യങ്ങളുടെയും നാമനിര്‍ദേശ പത്രികകള്‍ അന്തിമമായത്. നവംബര്‍ നാല് വരെ പത്രിക പിന്‍വലിക്കാന്‍ സമയമിരിക്കെ, വിമതന്മാരെയും അപരന്മാരെയും പിന്‍വലിപ്പിക്കാനുളള നീക്കത്തിലാണ് മുന്നണികള്‍. മഹാവികാസ് അഘാഡിയില്‍ കോണ്‍ഗ്രസ് 103 സീറ്റിലും ശിവസേന ഉദ്ധവ് വിഭാഗം 96 സീറ്റിലും എന്‍സിപി ശരദ് പവാര്‍ പക്ഷം 85 സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. സിപിഐഎം നേരത്തേ മൂന്ന് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച അര്‍ധരാത്രി കോണ്‍ഗ്രസ് പുറത്തുവിട്ട പട്ടികയില്‍ സിപിഐഎം പ്രഖ്യാപിച്ച സോളാപുര്‍ സിറ്റി സെന്‍ട്രല്‍ സീറ്റിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഇതോടെ കോണ്‍ഗ്രസ് പിന്നില്‍ നിന്നും കുത്തിയെന്നും സോളാപുര്‍ സിറ്റിയില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്നും പിബി അംഗം അശോക് ധവ്‌ളെ വ്യക്തമാക്കി.

ALSO READ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: നോമിനേഷൻ സമയപരിധി അവസാനിച്ചിട്ടും അവ്യക്തത തുടരുന്നു

പാല്‍ഘര്‍ ജില്ലയിലെ ദഹാനു മണ്ഡലത്തിലും നാസിക് കല്‍വാന്‍ മണ്ഡലത്തിലും സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാസിക് വെസ്റ്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെങ്കിലും ശിവസേനയുടെ ആവശ്യപ്രകാരം മുന്നണി മര്യാദയുടെ ഭാഗമായി സിപിഐഎം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചിരുന്നു. അഞ്ച് സീറ്റുകളില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. മഹായുതി സഖ്യത്തില്‍ ബിജെപി 148ഉം ശിവസേന ഷിന്‍ഡേ വിഭാഗം 85 സീറ്റിലും എന്‍സിപി അജിത് പവാര്‍ പക്ഷം 51 സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. മുന്‍ മന്ത്രി നവാബ് മാലിക്കിനെ ഏറെ അഭ്യുഹങ്ങള്‍ക്കൊടുവില്‍ അജിത് പവാറിന്റെ എന്‍സിപി സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും പിന്തുണക്കില്ലെന്ന നിലപാടിലാണ് ബിജെപി. അതിനിടെ ജാര്‍ഖണ്ഡില്‍ തീവ്ര വര്‍ഗീയ ധ്രുവീകരണം തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രചരണ ആയുധം. ജെഎംഎം ഭരണം തുടര്‍ന്നാല്‍ ജാര്‍ഖണ്ഡ് ‘മിനി ബംഗ്ലാദേശ്’ ആയി മാറുമെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ പ്രസംഗിച്ചു.

ബിജെപി അധികാരത്തിലെത്തിയാല്‍ ജാര്‍ഖണ്ഡില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും നുഴഞ്ഞുകയറ്റക്കാര്‍ ആദിവാസി സ്ത്രീകളെ വിവാഹം ചെയ്താല്‍ അവരുടെ കുട്ടികള്‍ക്ക് പട്ടികവര്‍ഗ പദവി ലഭിക്കില്ലെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ വര്‍ഗീയ പ്രചാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News