മരണത്തെ തോല്‍പ്പിച്ച ഇവള്‍ ലോകത്തിന്റെ വെളിച്ചം..! ഫീനിക്‌സ് അവാര്‍ഡ് നേടി നൂര്‍ ജലീല

കൈരളി ടി വി വനിത വിഭാഗത്തിലെ ഫീനിക്സ്  അവാര്‍ഡ് കൈരളി ന്യൂസ് ചെയര്‍മാന്‍ മമ്മൂട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി നൂര്‍. മരണം കൊണ്ടുപോകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ ചോരക്കുഞ്ഞിനെ മാറോണയ്ക്കുമ്പോള്‍ ആ മാതാപിതാക്കള്‍ക്ക് അവളില്‍ പ്രതീക്ഷയുടെ വെളിച്ചമുണ്ടായിരുന്നു. ചിത്രകാരിയായും പാട്ടുകാരിയായും വയലിന്‍ വായിച്ചും അവള്‍ ലോകത്തിന് തന്നെ മാതൃകയായി.

അറിയാം നൂറിനെ കുറിച്ച്…

23 വര്‍ഷം മുമ്പാണ്. പ്രസവമുറിക്കുമുന്നില്‍ കാത്തുനില്ക്കുന്ന ഒരു ചെറുപ്പക്കാരനോട് ഡോക്ടര്‍ ചോദിച്ചു ‘മോളെ കാണണോ? കുഞ്ഞ് ജീവിക്കില്ല, കുഞ്ഞിനെ കാണുന്ന മനഃപ്രയാസം ഒഴിവാക്കുകയെങ്കിലും ചെയ്യൂ എന്നാണ് ഡോക്ടര്‍ പറയാതെ പറഞ്ഞത്. പക്ഷേ, ആ പിതാവ് ആ കുഞ്ഞിനെ കണ്ടു ആവശ്യത്തിനു തൂക്കമില്ല. ജീവിക്കാനിടയില്ലാത്തവിധം അവശ. കൈകാലുകള്‍ക്ക് പകുതിയില്‍ത്താഴെയേ
വളര്‍ച്ചയുള്ളൂ. അബ്ദുല്‍ കരീമും അസ്മാബിയും ആ കുഞ്ഞിനെ പാലൂട്ടിത്താരാട്ടി ചികിത്സിച്ചു വളര്‍ത്തി. മരണത്തിന് അവളെ തൊടാനായില്ല. അവള്‍ക്കവര്‍ ‘നൂര്‍’ എന്നു പേരിട്ടു. ‘വെളിച്ചം’ എന്നര്‍ത്ഥം. അവളിന്ന് അവരുടെ വീടിന്റെ വെളിച്ചമാണ്.

ALSO READ : തൃശൂരിൽ മതിൽ ഇടിഞ്ഞു വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

ഇല്ലാക്കൈകള്‍കൊണ്ട് പ്രൊഫഷനല്‍ ആര്‍ട്ടിസ്റ്റുകളെപ്പോലെ ചിത്രങ്ങള്‍ വരയ്ക്കുന്ന ചിത്രകാരി… ഇത്തിരിപ്പോന്ന കൈകാലുകള്‍ ഉപയോഗിച്ച് ആയാസപ്പെട്ടു വായിച്ചിട്ടും വയലിനില്‍നിന്ന് അത്ഭുതരാഗങ്ങള്‍ തീര്‍ക്കുന്ന തന്ത്രീവാദ്യകാരി… ജീവിതം വേദനയ്ക്ക വലിച്ചെറിഞ്ഞുകൊടുക്കാതെ പാടുന്ന പാട്ടുകാരി. കടലാസുതുണ്ടുകളിലും ഉപേക്ഷിച്ച വസ്തുക്കളിലും അത്ഭുതക്കാഴ്ചകളൊരുക്കുന്ന കരകൗശലകലാകാരി.
മമ്മൂക്കയോടൊപ്പംവരെ മുഖംകാണിച്ച പരസ്യചിത്രങ്ങളിലെ അഭിനേത്രി. അകംനുറുങ്ങിയവരോട് പ്രചോദകപ്രസംഗങ്ങള്‍ നടത്തുന്ന പ്രഭാഷക.

ദിവസങ്ങള്‍ എണ്ണപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് സ്‌നേഹംപകരുന്ന സാന്ത്വനചികിത്സാസന്നദ്ധപ്രവര്‍ത്തക. എംഎ ബിരുദധാരിണി. കോളേജ് ടീച്ചറാകല്‍ ലക്ഷ്യമാക്കി പഠിക്കുന്ന മിടുമിടുക്കി. നൂറിന്റെതന്നെ ഭാഷയില്‍, പ്രസവാനന്തരം മരണത്തിനു കീഴടങ്ങി, മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷണശാലയില്‍ ചില്ലുപാത്രത്തില്‍ പഠനവസ്തുവാകേണ്ടിയിരുന്ന ഒരു കുഞ്ഞാണ് ഈ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ചത്.

ALSO READ : ഇതാ പാർലെജി പരസ്യത്തിലെ പെൺകുട്ടിയല്ലേ? ആധാർ കാർഡ് എടുക്കാൻ വന്ന സുന്ദരിയെ കണ്ട് ഞെട്ടി എൻറോൾമെൻറ് സെന്ററിലെ ജീവനക്കാർ: വീഡിയോ

ഒരു ഉമ്മയുടെയും ഉപ്പയുടെയും വിശ്വാസദാര്‍ഢ്യത്തിനു സ്തുതി. വൈദ്യശാസ്ത്രത്തിനു സ്തുതി. സര്‍വ്വോപരി, ഒരു പെണ്‍കുട്ടിയുടെ കൊടിപ്പടം താഴ്ത്താത്ത ഇച്ഛാശക്തിക്കു സ്തുതി. നൂര്‍ ജലീലാ,നീ ഉപ്പയുടെയും ഉമ്മയുടെയും ഇത്താത്തയുടെയും മാത്രം വെളിച്ചമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here