പ്രാണ പ്രതിഷ്ഠ ഏറ്റവും വലിയ നേട്ടമായി കണ്ട രാഷ്ട്രപതിയുടെ അഭിസംബോധന രാജ്യത്തിന്റെ സാമൂഹിക – സാമ്പത്തിക യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത, പൊള്ളയായ അവകാശ വാദങ്ങളും ഊതിപ്പെരുപ്പിച്ച കണക്കുകളും മാത്രമാണെന്ന് നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതികരിച്ചു കൊണ്ട് എ എ റഹീം എം പി രാജ്യസഭയില്‍ അഭിപ്രായപ്പെട്ടു.
ശ്രീനാരായണ ഗുരുവിനെ ഉദ്ധരിച്ച് തുടങ്ങിയ പ്രതികരണത്തില്‍, രാജ്യത്തെ നീറുന്ന പ്രശ്‌നങ്ങളായ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവ അഭിസംബോധന ചെയ്യുന്നതില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് എം പി ചൂണ്ടിക്കാട്ടി. പ്രാണ പ്രതിഷ്ഠ നടക്കുന്ന ദിവസം മധ്യ പ്രദേശിലെ 3 ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സര്‍ക്കാര്‍ തന്ത്രത്തിന്റെ തുടര്‍ച്ചയാണ്.
31 പേജുള്ള തന്റെ പ്രസംഗത്തില്‍ ഒരിക്കല്‍ പോലും പ്രസിഡന്റ് ‘ തൊഴിലില്ലായ്മ ‘ എന്ന പദം ഉപയോഗിച്ചിട്ടില്ല. ഇങകഋ യുടേ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒക്ടോബറില്‍ രാജ്യത്തെ തൊഴിലില്ലായ്മ 10 ശതമാനമായി ഉയര്‍ന്നു. അതേ സമയം കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇത്തരം സ്ഥിരം തസ്തികകളിലേക്ക് നിയമനം നടത്താതെ, രാജ്യത്തെ തൊഴില്‍ മേഖല കരാര്‍വല്‍കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
തൊഴിലില്ലായ്മ കൊണ്ട് വീര്‍പ്പുമുട്ടുന്ന ഇന്ത്യയിലെ അഭ്യസ്തവിദ്യരായ ധാരാളം യുവാക്കള്‍ ഗിഗ് സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ്. നല്ല വിദ്യാഭ്യാസമുള്ള യുവാക്കള്‍ സ്വിഗ്ഗി, സൊമാറ്റോ, യൂബര്‍ തുടങ്ങിയ കമ്പനികളിലും മറ്റ് അസംഘടിത മേഖലകളിലും കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്നു. മഴയും വേനലും, ശൈത്യകാലവും കണക്കിലെടുക്കാതെ അവര്‍ തെരുവുകളില്‍ കഷ്ടപ്പെടുന്നു. ഇത്തരം ഗിഗ് തൊഴിലാളികളെക്കുറിച്ച് ഒരു രാഷ്ട്രപതിയുടെ അഭിസംബോധനയില്‍ ഒരു പരാമര്‍ശവുമില്ല. അവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികളോ സ്‌കീമുകളോ ഇല്ല.
രാജ്യത്ത് പണപ്പെരുപ്പം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ചടഛ ഡാറ്റ പ്രകാരം ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പം 5.69% ആയി ഉയര്‍ന്നിരിക്കുന്നു .മാത്രമല്ല, നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളില്‍ പണപ്പെരുപ്പം കൂടുതലാണ്. ഇത് പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില ഉയരാന്‍ കാരണമായി. അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ദരിദ്രര്‍ അതി ദരിദ്രരായി മാറുകയാണ്. ആഗോള പട്ടിണി സൂചികയില്‍ രാജ്യം 111-ാം സ്ഥാനത്തായിരിക്കുമ്പോള്‍ ഇത് ഒരു ‘അമൃത് കാല്’ ആണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത് ലജ്ജാകരമാണെന്ന് എ എ റഹീം എം പി കുറ്റപ്പെടുത്തി.
പെട്രോള്‍, ഡീസല്‍ തുടങ്ങി വിമാന ടിക്കറ്റ് നിരക്ക് വരെ ഇന്ന് കമ്പനികളാണ് നിശ്ചയിക്കുന്നത്. സര്‍ക്കാരിന് അതില്‍ യാതൊരു പങ്കും ഇല്ല. ഡജഅ സര്‍ക്കാര്‍ പെട്രോള്‍ വില നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കിയപ്പോള്‍ കേരളത്തില്‍ പ്രതിഷേധിച്ച മഹാരാഷ്ട്രയില്‍ നിന്നുള്ള അംഗമായ വി മുരളീധരന്റെ സര്‍ക്കാര്‍, അധികാരത്തില്‍ വന്നപ്പോള്‍ ഡീസല്‍ വില കൂടി നിശ്ചയിക്കാന്‍ കമ്പനികളെ ഏല്‍പ്പിച്ചു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത സാമ്പത്തിക അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തുകയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രതിപക്ഷ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ചഇഞആ യുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ മണിക്കൂറിലും 51 സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. മണിപ്പൂരില്‍ സ്ത്രീകള്‍ നഗ്‌നരാക്കപ്പെട്ടപ്പോഴും ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടപ്പോഴും മൗനം മാത്രമാണ് സര്‍ക്കാരിന്റെ മറുപടി. ഇതിനെയാണ് നാരീ ശക്തി വന്ദന്‍ എന്ന് ബിജെപി അവകാശപ്പെടുന്നത്.
രാജ്യത്തിന്റെ മതേതര സ്വഭാവം ഇല്ലാതായ് ക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇത് മൃതകാലമാണ്. രാജ്യത്തിന്റെ ഭരണഘടന തകര്‍ക്കപ്പെടുകയാണെന്നും അതിന് ചുക്കാന്‍ പിടിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും എ എ റഹീം എം പി നന്ദി പ്രമേയത്തില്‍ പ്രതികരിച്ച് കൊണ്ട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here