മദ്യനയവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ പോലും ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. ബാര്‍ വിഷയത്തെ കുറിച്ച് റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മദ്യനയം ആവിഷ്‌കരിക്കുന്നത് ബന്ധപ്പെട്ട സ്റ്റേക്ക് ഹോള്‍ഡേഴ്സുമായി നടത്തുന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ്. ഇത്തവണ അത്തരത്തിലുള്ള പ്രാഥമിക ചര്‍ച്ചകള്‍ പോലും ആരംഭിച്ചിട്ടില്ല. ജൂണ്‍ 12, 13 തീയതികളിലാണ് ആ ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നത്. ഭരണപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ഇത് പതിവായി നടക്കുന്ന യോഗമാണ്. ടൂറിസം ഡയറക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗവും പതിവ് യോഗം മാത്രമാണ്. അത് ഡയറക്ടര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ രണ്ട് യോഗങ്ങളെ കുറിച്ചാണ് നോട്ടീസില്‍ പറയുന്നത്.
പ്രാഥമിക നടപടി പോലും സ്വീകരിക്കാത്ത മദ്യനയത്തെക്കുറിച്ച് കഴിഞ്ഞ ഒരു മാസമായി നിരന്തരമായി വാര്‍ത്തകള്‍ വരുന്നു. അന്വേഷണം നടക്കുന്നില്ല എന്ന നോട്ടീസിലെ പരാമര്‍ശം അടിസ്ഥാനരഹിതമാണ്. ബാറുടമയുടെ ശബ്ദസന്ദേശം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാര്‍ നടപടിയെടുത്തു. അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങളാണ് പ്രമേയ അവതാരകനായ റോജി എം ജോണ്‍ പറഞ്ഞത്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ അതിന് എണ്ണിയെണ്ണി കാര്യങ്ങള്‍ വിശദീകരിക്കാമെന്നും മന്ത്രി പറഞ്ഞു. മദ്യനയം ആവിഷ്‌കരിക്കുന്നത് എക്‌സൈസ് വകുപ്പാണ്. അത് എക്‌സൈസ് മന്ത്രി സ്റ്റേക്ക് ഹോള്‍ഡേഴ്സുമായി നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. ആദ്യഘട്ട ചര്‍ച്ച നടക്കാന്‍ ഇരിക്കുന്നതേയുള്ളൂ.
ടൂറിസം വകുപ്പ് മദ്യനയത്തില്‍ ഇടപെട്ടു എന്ന ആക്ഷേപം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ടൂറിസം വകുപ്പും മദ്യ വ്യവസായവും തമ്മില്‍ ഏത് കാലത്താണ് ബന്ധമില്ലാത്തത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എക്‌സൈസ് മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി മന്ത്രി എം ബി രാജേഷ് ഉദ്ധരിച്ചു. ബാറുകള്‍ പൂട്ടിയതിനെ തുടര്‍ന്നുള്ള സാഹചര്യം പഠിക്കാന്‍ അന്നത്തെ എക്‌സൈസ് മന്ത്രി നിയോഗിച്ചത് ടൂറിസം വകുപ്പ് സെക്രട്ടറിയെയാണ്. ഒരു വസ്തുത മാത്രമാണ് ഇപ്പോള്‍ പറഞ്ഞത്, ഇനിയും കാര്യങ്ങള്‍ പറയാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ALSO READ:തൃശൂരിലെ പരാജയവും ഡിസിസിയിലെ കൂട്ടത്തല്ലും; ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ രാജിവയ്ക്കും
മറുപടിയില്‍ അസ്വസ്ഥരാകേണ്ടതില്ലെന്നും പ്രതിപക്ഷത്തോട് മന്ത്രി പറഞ്ഞു. ഒറ്റ വര്‍ഷം കൊണ്ട് മൈസ് ടൂറിസത്തെ UDF കാലത്തെ മദ്യ നയം തകര്‍ത്തു. ഇതില്‍ അന്നത്തെ മന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചു. തുടര്‍ന്നാണ് വിദഗ്ധ സമിതി പഠനം നടത്തിയത്. അപ്പോള്‍ ടൂറിസം വകുപ്പാണോ മദ്യനയം ഉണ്ടാക്കുന്നത് എന്നത് മുന്‍കാല പ്രാബല്യത്തോടെ ചോദിക്കേണ്ടി വരുമെന്ന് മന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു.
ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരു തരത്തിലും തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ ഡ്രൈ ഡേ കേരളത്തില്‍ പിന്‍വലിച്ചത് ഇപ്പോള്‍ പ്രതിപക്ഷത്ത് ഇരിക്കുന്നവരാണ്. 2014ല്‍ ഒരു വര്‍ഷം മൂന്ന് മദ്യനയമാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയത്. 52 ഡ്രൈ ഡേ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് എത്ര വാങ്ങിയെന്ന് താന്‍ ചോദിക്കുന്നില്ലെന്നും മന്ത്രി പരിഹസിച്ചു. പക്ഷേ നിങ്ങളുടെ ചോദ്യങ്ങള്‍ തിരിഞ്ഞുകൊത്തും. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡ്രൈ ഡേ കേരളത്തിലാണ്. അത് പിന്‍വലിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ല. ത്രീസ്റ്റാറിന് മുകളിലുള്ളവര്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന യുഡിഎഫ് ശുപാര്‍ശ നടപ്പിലാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്.
ALSO READ:തെറ്റിനെ തെറ്റായി തന്നെ കാണും; ചികിത്സ പിഴവിന് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചു: മന്ത്രി വീണ ജോർജ്
ഈ സര്‍ക്കാര്‍ മദ്യത്തില്‍ മുക്കിക്കൊല്ലുകയാണോ ജനങ്ങളെ എന്നതാണ് മറ്റൊരാക്ഷേപം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മദ്യത്തിന്റെ വിതരണം കുറഞ്ഞു. ബാറുകളുടെ എണ്ണവും കുറഞ്ഞു. സര്‍ക്കാരിന്റെ വരുമാനം മുഴുവന്‍ മദ്യത്തിലൂടെ എന്നതാണ് മറ്റൊരാക്ഷേപം. അത് വസ്തുതാവിരുദ്ധമാണ്. മദ്യത്തില്‍ നിന്നുള്ള വരുമാനം 10 വര്‍ഷം കൊണ്ട് നാല് ശതമാനം കുറഞ്ഞു. ബാറുകളുടെ ലൈസന്‍സ് ഫീസ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൂട്ടിയത് ഒരു ലക്ഷമാണ്. അത് സഹായിക്കാന്‍ ആയിരുന്നോ എതിര്‍ക്കാനായിരുന്നോ- മന്ത്രി ചോദിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ 7 ലക്ഷവും രണ്ടാം പിണറായി സര്‍ക്കാര്‍ 5 ലക്ഷവുമാണ് കൂട്ടിയത്. അപ്പോള്‍ ആരാണ് ബാറുടമകളെ സഹായിച്ചത്?യുഡിഎഫ് സര്‍ക്കാര്‍ കമ്മീഷന്റെ ശുപാര്‍ശ തള്ളിക്കളഞ്ഞത് എന്തിനുവേണ്ടിയായിരുന്നുവെന്നും മന്ത്രി ചോദിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുകൊല്ലം കൊണ്ട് സസ്‌പെന്‍ഡ് ചെയ്ത ബാറുകളുടെ ലൈസന്‍സിന്റെ മൂന്നിരട്ടിയാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നുവര്‍ഷം കൊണ്ട് സസ്‌പെന്‍ഡ് ചെയ്തത്. ഞങ്ങള്‍ക്ക് ബാര്‍ ഉടമകളുടെ മുന്നില്‍ പോയി നില്‍ക്കേണ്ട അവസ്ഥയില്ല, അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നടപടികള്‍ കൈക്കൊണ്ടതെന്നും മന്ത്രി മറുപടി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here