പരസ്പര മത്സരത്തിന്റെ കുത്തൊഴുക്കില്‍ മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യത ഇല്ലാതായിപ്പോവുന്നത് നല്ലതല്ല: മുരളി തുമ്മാരുകുടി

റേറ്റിങ്ങിന് വേണ്ടിയുള്ള മാധ്യമപ്രവര്‍ത്തകരുടെ പരസ്പരമത്സരത്തിന്റെ കുത്തൊഴുക്കില്‍ വിശ്വാസ്യത ഇല്ലാതായിപ്പോവുന്നത് മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒപ്പം സമൂഹത്തിനും നല്ലതല്ലെന്ന് മുരളി തുമ്മാരുകുടി. ജനാധിപത്യത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു തൊഴിലാണ് മാധ്യമപ്രവര്‍ത്തകരുടേത്. വിശ്വസിക്കാവുന്ന മാധ്യമങ്ങളും ധീരരായ മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരിക്കേണ്ടത് തുറന്ന സമൂഹത്തിന്റെ വളര്‍ച്ചക്കും നിലനില്‍പ്പിനും ആവശ്യമാണ്.

READ ALSO:തൊഴിൽ നിയമം ലംഘിച്ച 15 പ്രവാസികൾ അറസ്റ്റിൽ

എന്നാല്‍ എവിടെയോ മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യത തീര്‍ച്ചയായും നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ കൂടുതലായി നഷ്ടപ്പെട്ടത് ഔചിത്യബോധം ആണ്. ബ്രേക്കിംഗ് ന്യൂസ് സംസ്‌കാരം വന്നതും, നിയര്‍ റിയല്‍ ടൈം റേറ്റിങ്ങും, സാമൂഹ്യമാധ്യമങ്ങള്‍ വന്നതോടെ ഫോണുള്ളവരെല്ലാം മാധ്യമപ്രവര്‍ത്തനത്തിറങ്ങിയതും എല്ലാം ഇതിന് കാരണമാണ്. പരസ്പരമത്സരത്തിന്റെ കുത്തൊഴുക്കില്‍ മാധ്യമപ്രവര്‍ത്തകരുടെ ഔചിത്യമില്ലായ്മ അന്തം കാണാതെ വളരുകയും വിശ്വാസ്യത തീരെ ഇല്ലാതായിപ്പോവുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാകുന്നത് ആര്‍ക്കും നല്ലതല്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, സമൂഹത്തിനും. മുരൡതുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു.

READ ALSO:സാമ്പത്തിക ക്രമക്കേട്; ദേവസ്വം വാച്ചര്‍ പിടിയില്‍

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:-

മാ പ്ര കളോട് തന്നെ

ആരാണ് മാധ്യമപ്രവര്‍ത്തകരെ മാ പ്ര കള്‍ എന്ന് ആദ്യമായി വിളിച്ചതെന്ന് അറിയില്ല. അധികനാളൊന്നുമായിട്ടില്ല. പക്ഷെ അത് ഇരിപ്പതായി.
സ്‌നേഹം കൊണ്ടോ ബഹുമാനം കൊണ്ടോ അല്ല ഈ വിളി വരുന്നത്. ‘നീ എന്തിനാണ് സാറേ എന്ന് വിളിക്കുന്നതെന്ന് എനിക്കറിയാം’ എന്ന് റണ്‍ വേ സിനിമയില്‍ ഒരു ഡയലോഗ് ഉണ്ട്. അതുപോലെ.
വാസ്തവത്തില്‍ ഇത് കഷ്ടമാണ്. ജനാധിപത്യത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു തൊഴിലാണ് മാധ്യമപ്രവര്‍ത്തകരുടേത്. വിശ്വസിക്കാവുന്ന മാധ്യമങ്ങളും ധീരരായ മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരിക്കേണ്ടത് തുറന്ന സമൂഹത്തിന്റെ വളര്‍ച്ചക്കും നിലനില്‍പ്പിനും ആവശ്യമാണ്.
പക്ഷെ എവിടെയോ നമുക്ക് വിശ്വാസ്യത തീര്‍ച്ചയായും നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ കൂടുതലായി നഷ്ടപ്പെട്ടത് ഔചിത്യബോധം ആണ്. ബ്രേക്കിംഗ് ന്യൂസ് സംസ്‌കാരം വന്നതും, നിയര്‍ റിയല്‍ ടൈം റേറ്റിങ്ങും, സാമൂഹ്യമാധ്യമങ്ങള്‍ വന്നതോടെ ഫോണുള്ളവരെല്ലാം മാധ്യമപ്രവര്‍ത്തനത്തിറങ്ങിയതും എല്ലാം ഇതിന് കാരണമാണ്. പരസ്പരമത്സരത്തിന്റെ കുത്തൊഴുക്കില്‍ മാധ്യമപ്രവര്‍ത്തകരുടെ ഔചിത്യമില്ലായ്മ അന്തം കാണാതെ വളരുകയും വിശ്വാസ്യത തീരെ ഇല്ലാതായിപ്പോവുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാകുന്നത് ആര്‍ക്കും നല്ലതല്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, സമൂഹത്തിനും.

കഴിഞ്ഞ ദിവസം കുസാറ്റിലെ അപകടത്തില്‍ മരിച്ച കുട്ടികളുടെ പേരുവിവരം സ്‌ക്രോള്‍ ചെയ്തതിനെ വിമര്‍ശിച്ച് ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു. വളരെ അപൂര്‍വ്വമായിട്ടാണ് ഇപ്പോള്‍ ഞാന്‍ ഒരു പോസ്റ്റിട്ടാല്‍ അതിന് അനുകൂലമായും എതിരായും പ്രതികരണങ്ങള്‍ വരാതിരിക്കുന്നത്. ഈ പോസ്റ്റിന് ലക്ഷക്കണക്കിന് റീച്ച് ഉണ്ടായിട്ടും എല്ലാവരും അനുകൂലമായിട്ടാണ് പ്രതികരിച്ചത്. മാധ്യമങ്ങള്‍ ശ്രദ്ധിച്ചോ എന്തോ.
പക്ഷെ തൊട്ടടുത്ത ദിവസം കൊല്ലത്ത് ഒരു കുട്ടിയെ കാണാതെ പോയ സാഹചര്യത്തില്‍ ആ കുട്ടിയുടെ വീട്ടില്‍ ചെന്ന് കുട്ടിയുടെ സുരക്ഷയെപ്പോലും അപകടത്തിലാക്കുന്ന തരത്തില്‍ ലൈവ് ചെയ്തതോടെ സമൂഹത്തില്‍ എല്ലായിടത്തുനിന്നും മാധ്യമപ്രവര്‍ത്തകരുടെ ഔചിത്യമില്ലായ്മക്കെതിരെ വിമര്‍ശനം ഉണ്ടായി. അവര്‍ തീര്‍ച്ചയായും ശ്രദ്ധച്ചു എന്ന് തോന്നുന്നു. ചുരുക്കം ചിലര്‍ ഇട്ട പോസ്റ്റുകള്‍ പിന്‍വലിച്ചതായി പോലും കണ്ടു. നല്ലത്.

സത്യം പറഞ്ഞാല്‍ എനിക്ക് കഷ്ടം തോന്നി. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത് പോലെ വിഷ്വല്‍ മീഡിയയില്‍ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരും, ലീസ് ഡ്യൂസെറ്റും അനിത പ്രതാപും നടത്തുന്ന മീഡിയ പ്രവര്‍ത്തനം കണ്ടിട്ട് താല്പര്യമായി വരുന്നവരുമാണ്. അവര്‍ക്കൊക്കെ സത്യത്തില്‍ നല്ല രീതിയില്‍ ഉളള മാധ്യമപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിക്കുന്നുണ്ടോ? ഒരു അപകടം നടന്നാല്‍ എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്? അപകടത്തില്‍ പെട്ടവരുടെ കുടുംബത്തില്‍ ഉള്ളവരോട് എപ്പോഴാണ് എങ്ങനെയാണ് സംസാരിക്കേണ്ടത്? വ്യക്തികളുടെ പ്രൈവസിയും സമൂഹത്തിന്റെ അറിയാനുള്ള ആവശ്യവും ആകാംക്ഷയും തമ്മിലുള്ള ബാലന്‍സ് എന്താണ്? ഇതിന്റെ ലോകത്തെ നാലാള്‍ മാതൃകകള്‍ എന്താണ്?. ഇതൊക്കെ ഇവരുടെ പാഠ്യവിഷയം ആണോ? ആകണ്ടേ?

2018 ലെ വെള്ളപ്പൊക്കത്തിന് മുന്‍പ്, ഒരിക്കല്‍ ഞാന്‍ എങ്ങനെയാണ് ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് എന്ന വിഷയത്തില്‍ ഒരു പരിശീലനം നല്‍കിക്കൂടെ എന്ന് അന്ന് പ്രസ്സ് അക്കാദമിയുടെ ചെയര്‍ പേഴ്‌സണ്‍ ആയ ശ്രീ. എന്‍. പി. രാജേന്ദ്രനോട് ചോദിച്ചു. ഉടന്‍ അദ്ദേഹം സമ്മതിച്ചു. ഡിസാസ്റ്റര്‍ മാനേജമെന്റ് അതോറിറ്റി അതിനുള്ള പിന്തുണയും സാന്പത്തിക സഹായവും വാഗ്ദാനം ചെയ്തു. ഇന്ത്യയില്‍ പലയിടത്തുനിന്നും ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് പരിചയം ഉള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ഞങ്ങള്‍ കൊണ്ടുവന്നു. മന്ത്രിയും സ്ഥലം എം എല്‍ യും വരാന്‍ സമ്മതിച്ചു. എല്ലാ മാധ്യമങ്ങള്‍ക്കും ഞങ്ങള്‍ കത്തയച്ചു. രണ്ടു ദിവസം ട്രെയിനിങ്ങ്, താമസം, ഭക്ഷണം, യാത്ര ഫ്രീ.
ട്രെയിനിങ്ങിനും രണ്ടു ദിവസം മുന്‍പ് സംഘാടകര്‍ എന്നെ വിളിച്ചു. ‘സാര്‍, ഒരു കുഴപ്പമുണ്ട്, അധികം ആളുകള്‍ ഒന്നും വരുന്നില്ല. മന്ത്രി വരുന്‌പോള്‍ ട്രെയിനീസ് ഇല്ലാതെ ആയാല്‍ കുഴപ്പമല്ലേ.” അവസാനം ജേര്‍ണലിസം പഠിപ്പിക്കുന്ന കോളേജില്‍ നിന്നും വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നു ക്ലാസ് നടത്തി.

ഒരു വര്‍ഷത്തിന് ശേഷം 2018 ലെ വെള്ളപ്പൊക്കം കഴിഞ്ഞപ്പോള്‍ ഇതേ പരിശീലനം ആവര്‍ത്തിക്കാന്‍ എന്നോട് പി ആര്‍ ഡി ആവശ്യപ്പെട്ടു. പഴയ മാനക്കേട് ഓര്‍ത്ത് ഞാന്‍ ആദ്യം വിസമ്മതിച്ചുവെങ്കിലും സ്‌നേഹപൂര്‍വ്വമുളള നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും ട്രെയിനിങ്ങ് നടത്തി. ഇത്തവണ തൈക്കാട് ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് റൂം നിറഞ്ഞു കവിഞ്ഞും പത്രപ്രവര്‍ത്തകര്‍ ആയിരുന്നു. പതിവ് പോലെ ഒരു ദുരന്തം വേണ്ടിവന്നു ആ പാഠം പഠിക്കാന്‍.

ഇപ്പോള്‍ അടിക്കടിക്ക് രണ്ടു സാഹചര്യങ്ങളില്‍ നമ്മുടെ മാധ്യമങ്ങള്‍ പാഠങ്ങള്‍ പഠിച്ചിരിക്കണം. അതുകൊണ്ട് തന്നെ ഇനി ഇങ്ങനെ സാഹചര്യങ്ങള്‍ ഉണ്ടാകുന്‌പോള്‍ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പരസ്പരം ചര്‍ച്ച ചെയ്യാനും ലോകത്തെ നല്ല മാതൃകകള്‍ നോക്കിക്കാണാനും പറ്റിയ അവസരമാണ്.

മീഡിയ അക്കാദമിയും ദുരന്ത നിവാരണ അതോറിറ്റിയും ഒരിക്കല്‍ കൂടി മുന്‍കൈ എടുത്ത് ഈ വിഷയത്തില്‍ ഒരു മീറ്റിംഗ് സംഘടിപ്പിച്ചാല്‍ മതി.
സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചാല്‍ ഞാനും വരാം.
മുരളി തുമ്മാരുകുടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News