സ്കാനിംഗ് മെഷിനുകൾ മാത്രം പോര വേണ്ടത് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ; കെ.ജി.എം.ഒ.എ

Scaning

ആലപ്പുഴ കടപ്പുറം ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് ഉണ്ടായ വൈകല്യങ്ങൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് നടത്തിയ സമഗ്രമായ അന്വേഷണത്തിൻ്റെ റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കുമെന്ന് മനസ്സിലാക്കുന്നു. വിഷയത്തിൽ വൈദ്യ ശാസ്ത്രത്തിൻ്റെ പരിമിതികളോടൊപ്പം മാനുഷിക വശങ്ങളും മനസ്സിലാക്കി സർക്കാർ സ്വീകരിച്ചു പോരുന്ന നിലപാടുകളെ കെ.ജി.എം.ഒ.എ അങ്ങേയറ്റം ബഹുമാനിക്കുന്നു.

അതേസമയം വിഷയം സംബന്ധിച്ച് വരുന്ന ചില വാർത്തകളിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ സാധ്യതയുള്ള കാര്യങ്ങൾ കടന്നു കൂടുന്നു. അത് ദൂരീകരിക്കാനുള്ള ഉത്തരവാദിത്തം സംഘടനക്കുണ്ട്. ആലപ്പുഴ കടപ്പുറം ആശുപത്രി അടക്കം പ്രസവം നടക്കുന്ന ആശുപത്രികളിൽ ലഭ്യമായ സ്കാനിംഗ് മെഷിൻ ഉപയോഗിക്കാൻ ഗൈനക്കോളജിസ്റ്റുകൾ തയ്യാറാവാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം എന്ന തരത്തിൽ വരുന്ന വാർത്തകൾ തികച്ചും നിർഭാഗ്യകരമാണ്.

Also Read: രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി കേരള ആരോഗ്യവകുപ്പ്

എംബിബിഎസ് പഠനത്തിനുശേഷം മൂന്നുവർഷം റേഡിയോ ഡയഗ്നോസിസ് എന്ന സ്പെഷ്യാലിറ്റിയിൽ ഉപരിപഠനം നടത്തിയ ഡോക്ടർമാരാണ് ആധികാരികമായി സ്കാനിങ് പരിശോധന നടത്തേണ്ടതും വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കേണ്ടതും. അതിൽ ഗൈനക്കോളജിസ്റ്റുകൾക്ക് വൈദഗ്ദ്യവുമില്ല അത് അവരുടെ ഉത്തരവാദിത്തവുമല്ല.

ആരോഗ്യവകുപ്പിന് കീഴിലുള്ള മിക്ക പ്രധാന ആശുപത്രികളിലും ഇന്ന് അൾട്രാ സൗണ്ട് സ്കാനിംഗ് മെഷിൻ ഉണ്ട്. എന്നാൽ നിർഭാഗ്യവശാൽ ചുരുക്കം ചില ആശുപത്രികളിൽ മാത്രമാണ് റേഡിയോ ഡയഗ്നോസിസ് സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ തസ്തിക ഉള്ളത്. സ്കാനിങ് പരിശോധന വളരെ അത്യാവശ്യമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിലടക്കം ഇതാണ് സാഹചര്യം.

Also Read: ആലപ്പുഴയിലെ ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം; അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകും: മന്ത്രി വീണ ജോർജ്

ഗർഭസ്ഥ ശിശുവിൻ്റെ വൈകല്യങ്ങൾ കണ്ടെത്തുന്നതിനായി ചെയ്യേണ്ട ലവൽ 2 അൾട്ര സൗണ്ട് സ്കാനിങ്ങ് നടത്തേണ്ടത് ഫീറ്റൽ മെഡിസിൻ വിഭാഗത്തിൽ പ്രത്യേകം പരിശീലനം സിദ്ധിച്ച ഗൈനക്കോളജിസ്റ്റുമാരോ റേഡിയോ ഡയഗ്നോസ്റ്റീഷ്യൻസോ ആണ്. വളരെ സൂക്ഷ്മമായി മണിക്കൂറുകൾ ചെലവിട്ട് ചെയ്യുന്ന പരിശോധനയാണ് ഇത്. സർക്കാർ സംവിധാനത്തിൽ തിരുവനന്തപുരം SAT ആശുപത്രിയിൽ മാത്രമാണ് ഫീറ്റൽ മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നത്.

അതിലും പരിതാപകരമായ വിഷയം ആരോഗ്യ വകുപ്പിൽ സ്പെഷ്യാലിറ്റി കേഡർ 2010 ൽ നിലവിൽ വന്നുവെങ്കിലും റേഡിയോളജി എന്ന വിഭാഗത്തിൽ പരസ്പരം ബന്ധമില്ലാത്ത റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപ്പി എന്നീ രണ്ടു വിഭാഗങ്ങളേയും ഒരുമിച്ചാണ് കണക്കാക്കിയിരിന്നത് എന്നതാണ്.

MRI സ്കാൻ , CT സ്കാൻ, USS സ്കാൻ തുടങ്ങിയവ ഒക്കെ ചെയ്യുന്ന റേഡിയോ ഡയഗ്നോസിസ് വിഭാഗവും അർബുദ ചികിത്സയിൽ റേഡിയേഷൻ കീമോതെറാപ്പി എന്നിവ നൽകുന്നതിനായി പരിശീലനം സിദ്ധിച്ചവരുടെ വിഭാഗമായ റേഡിയോ തെറാപ്പി വിഭാഗവും ഒരൊറ്റ സ്പെഷ്യാലിറ്റി ആയാണ് കണക്കാക്കിയിരുന്നത്. ഫലത്തിൽ CT scan ചെയ്യുന്ന ഡോക്ടർ സ്ഥലം മാറ്റം ലഭിച്ച് അടുത്ത ആശുപത്രിയിൽ എത്തുമ്പോൾ അവിടെ ഉണ്ടാവുക CT scan ഉപകരണത്തിനു പകരം അർബുദ ചികിത്സക്ക് റേഡിയേഷൻ നൽകുന്ന ഉപകരണങ്ങളാകും. റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറാപ്പി ബൈഫർകേഷൻ നടപ്പാക്കാൻ കെ.ജി.എം.ഒ.എ നടത്തിയ നിരന്തര ശ്രമങ്ങളാണ് 2021 ൽ സ്പെഷ്യൽ റൂൾസ് ഭേദഗതിയിലൂടെ സർക്കാർ ഉത്തരവായത്.

എന്നാൽ മൂന്നു വർഷങ്ങൾക്കിപ്പുറവും ഇത് കടലാസിൽ മാത്രം ഒതുങ്ങുകയാണ്. വിഷയത്തിൽ പല തവണ അധികൃതർക്ക് കത്തുകൾ നൽകിയെങ്കിലും ഇതേ വരെ ഇതിന് പരിഹാരം ഉണ്ടായില്ല. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും റേഡിയോ ഡയഗോസിസ് വിദഗ്ദ്ധൻ്റെ പൂർണ്ണ സമയ പോസ്റ്റ് സൃഷ്ടിക്കുന്നതിലൂടെ മാത്രമേ നിലവാരമുള്ള ചികിത്സ ഗർഭിണികൾക്ക് ഉറപ്പാക്കാൻ കഴിയൂ. അതു പോലെ ജില്ല ജനറൽ ആശുപത്രികളിൽ ക്യാൻസർ വിദഗ്ദൻ്റെയും റേഡിയോ ഡയഗോസിസ് വിദഗ്ദ്ധൻ്റെയും സേവനവും ഉറപ്പു വരുത്തേണ്ടതുണ്ട്.

കെട്ടിട സമുച്ചയങ്ങളും, നൂതന ഉപകരണങ്ങളും വർദ്ധിക്കുന്നതോടൊപ്പം ഓരോ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദഗ്ദ്ധ്യം സിദ്ധിച്ച ജീവനക്കാർ കൂടി ആശുപത്രികളിൽ ഉണ്ടാകേണ്ടതുണ്ട്. കടുത്ത മാനവ വിഭവശേഷിക്കുറവ് നേരിട്ടു കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പിൽ അടിയന്തിരമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ പൊതുജനങ്ങൾക്ക് നിലവാരമുള്ള ചികിത്സ നൽകാൻ ആവില്ല എന്ന യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കണമെന്ന് കെ.ജി.എം.ഒ.എ അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News