കുപ്രസിദ്ധ അന്തര്‍ജില്ലാ മോഷ്ടാവ് പൊലീസ് പിടിയില്‍

ക്ഷേത്രവഞ്ചികള്‍ കുത്തിത്തുറന്ന് പണം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് ആറന്മുള പോലീസിന്റെ പിടിയിലായി. കേരളത്തിലെ വിവിധ ജില്ലകളില്‍ മോഷണക്കേസുകളുള്ള ആലപ്പുഴ കുട്ടനാട് തലവടി കാരിക്കുഴി നീരേറ്റുപുറം വാഴയില്‍ വീട്ടില്‍ യോഹന്നാന്റെ മകന്‍ വാവച്ചന്‍ എന്ന് വിളിക്കുന്ന മാത്തുക്കുട്ടി മത്തായി (52) ആണ് ആറന്മുള പോലീസിന്റെ സാഹസികനീക്കത്തില്‍ വലയിലായത്. കോഴഞ്ചേരിയിലെ ഒരു ചെരുപ്പ് കടയില്‍ നിന്നും വാങ്ങിയ ബാഗിലേക്ക്, കയ്യിലെ ചാക്കില്‍ സൂക്ഷിച്ച മോഷ്ടിച്ച പണം, ചന്തക്കടവ് റോഡില്‍ നിന്ന് മാറ്റിക്കൊണ്ടിരുന്നപ്പോഴാണ് സംശയം തോന്നിയ പോലീസ് വളഞ്ഞത്. എന്നാല്‍, അപകടം മനസ്സിലാക്കിയ മോഷ്ടാവ് പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ട് സമീപത്തെ പാമ്പയാറ്റിലേക്ക് ചാടി അക്കരയ്ക്ക് നീന്തി. ഒരു നിമിഷം പോലും പാഴാക്കാതെ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റോഡിലൂടെ മറുകരയെത്തി തന്ത്രശാലിയായ കള്ളനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നിരവധി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി പൊളിച്ച് പണംകവരുന്ന കുപ്രസിദ്ധ മോഷ്ടാവ് മാത്തുക്കുട്ടി മത്തായിയാണെന്ന് ഉറപ്പിച്ചത്. തുടര്‍ന്ന്, ചെയ്ത മോഷണങ്ങളെപ്പറ്റി കള്ളന്‍ വിശദീകരിച്ചു. എടത്വ പോലീസ് സ്റ്റേഷനില്‍ 2010 ലെ ഉള്‍പ്പെടെ 6 മോഷണക്കേസുകള്‍, തിരുവല്ലയിലൊന്നും. 2020, 21 കാലയളവിലായിരുന്നു ഈ കേസുകളൊക്കെയും. 2021 മുതല്‍ നടത്തിയ മോഷണങ്ങളില്‍ ഷൊര്‍ണൂര്‍ ബസ് സ്റ്റാന്റിന് 3 കിലോമീറ്റര്‍ ദൂരത്തുള്ള അമ്പലത്തിനു പുറത്ത് സൂക്ഷിച്ച കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചതും, കാഞ്ഞങ്ങാട് ഒരു കനാലിനോട് ചേര്‍ന്നുള്ള അമ്പലത്തിന്റെ കാണിക്കവഞ്ചി തുറന്ന് പണം അപഹരിച്ചതും, ചിങ്ങവനം പാലത്തിന് അടുത്തുള്ള ക്ഷേത്രത്തിന്റെ വഞ്ചിയിലെ പണം കവര്‍ന്നതും. ഉള്‍പ്പെടുന്നു. കൂടാതെ, പരപ്പനങ്ങാടി, കൊല്ലം, ശാസ്താം കോട്ട, കല്ലിശേരി എന്നിവടങ്ങളിലെ അമ്പലങ്ങളുടെ വഞ്ചികളില്‍ നിന്നും പണം അപഹരിച്ചു.

ഇന്നലെ രാത്രി 11 മണിയോടെ ചോറ്റാനിക്കര റെയില്‍വേ സ്റ്റേഷനടുത്തുള്ള ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് കവര്‍ന്നെടുത്ത പൈസ ചാക്കിലാക്കി വരുന്ന വരവിലാണ് ആറന്മുള പോലീസ് പിടികൂടിയത്. നാണയങ്ങളും നോട്ടുകളും ചാക്കിലാക്കി മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇയാള്‍, ഇന്ന് പുലര്‍ച്ചെ 5.45 നുള്ള ട്രെയിനില്‍ ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനലിറങ്ങി. അവിടെ നിന്നും ഓട്ടോറിക്ഷയില്‍ തിരുവല്ലയിലേക്ക്, തുടര്‍ന്ന് സ്വകാര്യ ബസ്സില്‍ കയറി തൊട്ടഭാഗത്ത് വന്നു. അവിടെ ഹോട്ടലില്‍ കയറി കാപ്പികുടിച്ചു, പിന്നീട് അടുത്ത ഓട്ടോയില്‍ കോഴഞ്ചേരിയിലെത്തി. അവിടെ നിന്നും ബാഗ് വാങ്ങി പണം അതിലേക്ക് മാറ്റുമ്പോഴാണ് പോലീസ് എത്തുന്നത്.

Also Read: സകൂളിൽ അധ്യാപകൻ്റെ ആത്മഹത്യാശ്രമം

അഞ്ചുവരെ മാത്രം പഠിച്ച മാത്തുക്കുട്ടിയുടെ മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു. ഭാര്യ പിണങ്ങി മക്കള്‍ക്കൊപ്പം താമസിക്കുന്നു. വീട്ടില്‍ പോകാത്ത വാവച്ചന്‍, റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലുമാണ് ഉറക്കം. അമ്പലങ്ങളിലെ വഞ്ചികള്‍ മാത്രമാണ് പൊളിക്കാറുള്ളതെന്ന് മോഷ്ടാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ആലപ്പുഴ സബ് ജയിലില്‍ മൂന്ന് വര്‍ഷവും, പത്തനംതിട്ട സബ് ജയിലില്‍ ഒരു വര്‍ഷത്തോളവും റിമാന്‍ഡില്‍ കഴിഞ്ഞു. ഒടുവില്‍ ജയില്‍ വാസം കഴിഞ്ഞിറങ്ങിയത് 2021 ലാണ്. ശേഷം ചാലക്കുടിക്ക് പോയി, തുടര്‍ന്ന് ഷൊര്‍ണൂരെത്തി അവിടെ ഹോട്ടല്‍ പണിചെയ്തു. പിന്നീടാണ് അവിടെ ബസ് സ്റ്റാന്റിനടുത്തുള്ള വഞ്ചി പൊളിച്ച് പണം കവര്‍ന്നത്. നോട്ടുകളും നാണയങ്ങളും ചേര്‍ത്ത് 8588 രൂപ ഇയാളില്‍ നിന്നും കണ്ടെടുത്തു. ചോറ്റാനിക്കരയില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി പ്രതിയുമായി ആറന്മുള പോലീസ് സംഘം തിരിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐ മാരായ അലോഷ്യസ്സ്, സന്തോഷ് കുമാര്‍, എ എസ് ഐ മാരായ നെപോളിയന്‍, അജി, എസ് സി പി ഓ നാസര്‍, സി പി ഓമാരായ രാജാഗോപാല്‍, ഫൈസല്‍, ബിനു ഡാനിയേല്‍, ഹോം ഗാര്‍ഡ് അനില്‍ എന്നിവരാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News