ലോക പ്രശസ്തമായ നോത്രദാം പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. അഞ്ചുവര്‍ഷം മുന്‍പ് അഗ്നിക്കിരയായ പാരീസിലെ ക്രിസ്ത്യൻ ദേവാലയമാണ് നോത്രദാം പള്ളി. ഡിസംബര്‍ ഏഴിനാണ് പ്രധാന അള്‍ത്താരയുടെ കൂദാശ നടക്കുക. അന്ന് തന്നെ വിശ്വാസികൾക്കും തീർത്ഥാടകർക്കുമായി ദേവാലയം തുറന്നുകൊടുക്കും. 2019 ഏപ്രില്‍ 15 നായിരുന്നു ലോകത്തെ ഞെട്ടിച്ച തീപിടിത്തമുണ്ടായത്. അന്നത്തെ അപകടത്തിൽ മേല്‍ക്കൂരയുടെ ഒരു ഭാഗം കത്തിയമര്‍ന്ന് ഉള്ളിലേക്കു വീണ് ദേവാലയത്തിന്റെ വലിയൊരു ഭാഗം നശിച്ചിരുന്നു. ആകെ 7463 കോടി രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായത്.
ഇപ്പോൾ വിശ്വാസികളുടെയും സഞ്ചാരികളുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ് നവീകരിച്ച നേത്രദാം പള്ളിയുടെ ചിത്രങ്ങള്‍. ഗോഥിക് വാസ്തുവിദ്യയുടെ എല്ലാ സൗന്ദര്യവും നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വികാരം. അതേസമയം, പള്ളിയുടെ അള്‍ത്താരയുടെയും കിളിവാതിലുകളുടെയും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. പഴയ ദേവാലയത്തിനോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്നതാണ് പുതിയ നിര്‍മ്മിതിയെന്നും, ഇത്ര മനോഹരമായ ഒരു മേക്കോവര്‍ ഇന്നേവരെ ഉണ്ടായിട്ടില്ലെന്നുമാണ് പല ആളുകളുടെയും അഭിപ്രായം.
നാലാം കുരിശുയുദ്ധകാലത്താണ് ഫ്രഞ്ചു ചക്രവര്‍ത്തി ഫിലിപ്പ് അഗസ്റ്റിൻ സെയിന്‍ നദിയുടെ ഒരു തുരുത്തിലായി നോത്രദാം ദേവാലയം പണിതുതുടങ്ങിയത്. ഇരുനൂറു വർഷമെടുത്താണ് ഗോഥിക് കലയുടെ സര്‍വസൗന്ദര്യങ്ങളുമുള്ള ഈ ദേവാലയം പൂര്‍ത്തിയാക്കിയത്. ഫ്രാന്‍സിന്റെ ഉയര്‍ച്ച താഴ്ചകളിലും ഗംഭീര മുഹൂര്‍ത്തങ്ങളിലുമെല്ലാം ഈ ദേവാലയം സാക്ഷിയായിട്ടുണ്ട്. ഫ്രാന്‍സിലെ ചക്രവര്‍ത്തിമാരുടെ സ്ഥാനാരോഹണങ്ങൾ വിവാഹങ്ങൾ കബറടക്കങ്ങൾ തുടങ്ങിയ ചടങ്ങുകൾ നോത്രദാം ദേവാലയം ഏറ്റെടുത്തിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവം പാരീസിനെ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോള്‍ ഈ ദേവാലയത്തില്‍നിന്ന് മതാനുഷ്ഠാനങ്ങള്‍ ഒഴിവാക്കപ്പെട്ടു.
അതേസമയം തന്നെ ദേവാലയം മ്യൂസിയമായി മാറ്റാനുള്ള തീരുമാനവുമുണ്ടായി. എന്നാല്‍ 1831-ല്‍ വിക്ടര്‍ ഹ്യൂഗോയുടെ നോവല്‍ പുറത്തുവന്നതോടെ നോത്രദാം ദേവാലയം പുനർജനിച്ചു. നൂറ്റാണ്ടുകളായി ഫ്രാന്‍സിലെ കത്തോലിക്കാ ജീവിതത്തിന്റെ ഹൃദയഭാഗമായി നോത്രദാമിനെ കണക്കാക്കുന്നു. ഇരട്ട ഗോപുരങ്ങള്‍ എന്ന് തോന്നിക്കുന്ന വടക്കേ ഗോപുരവും തെക്കേ ഗോപുരവും ദേവാലയത്തിന്റെ പ്രധാന ആകര്‍ഷണമാണ്. മുട്ടുചുവരുകളും വൃത്താകൃതിയിലുള്ള ജാലകങ്ങളും കത്തീഡ്രലിന്റെ ഘടനയ്ക്ക് മനോഹാരിത കൂട്ടുന്നു.
കത്തോലിക്കാ വിശ്വാസത്തിന്റെ തിരുശേഷിപ്പുകളുടെ ഒരു വലിയ കലവറ തന്നെയാണ് നോത്രദാം ദേവാലയം. തിരുശേഷിപ്പുകളില്‍ ഏറ്റവും പ്രധാനം കുരിശേറ്റത്തിനു മുമ്പ് ക്രിസ്തുവിന്റെ ശിരസ്സില്‍ അണിയിച്ച മുള്‍ക്കിരീടമാണ്. ജെറുസലേമില്‍നിന്ന് കുരിശുയുദ്ധകാലത്താണ് ഈ മുള്‍ക്കിരീടം കൊണ്ടുവന്നത്. പിന്നീട് യൂറോപ്പിലെ പല ചക്രവര്‍ത്തിമാരിലൂടെയും കൈമാറി ഇത് 1235-ല്‍ ലൂയി ഒമ്പതാമനില്‍ എത്തിച്ചേരുകയായിരുന്നു.
അദ്ദേഹമാണ് നോത്രദാം ദേവാലയത്തിനുള്ളിൽ വെള്ളിയിലും സ്വര്‍ണത്തിലും മെനഞ്ഞ ഒരു സ്ഫടികഗോളത്തില്‍ മുള്‍ക്കിരീടം സംരക്ഷിക്കാനേല്‍പ്പിച്ചത്. ക്രിസ്തുവിനെ തറച്ച മൂന്നു കുരിശാണികളിലൊന്ന് നോത്രദാം ദേവാലയത്തിലുണ്ട്. ക്രിസ്തുവിന്റെ മൃതശരീരം പൊതിഞ്ഞ തിരുക്കച്ചയുടെ ഒരു ചീന്തും തിരുശേഷിപ്പുകളുടെ ചാപ്പലില്‍ സൂക്ഷിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here