ഫ്ലെക്സിബിൾ എന്നു നമ്മൾ വാഴ്ത്തിയ മോഹൻലാലിനെ ഇങ്ങനെ കാണുമ്പോൾ സങ്കടം തോന്നും, നേര് മികച്ച സിനിമയല്ലെന്ന് നോവലിസ്റ്റ് അഷ്ടമൂർത്തി

ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം നേരിനെ കുറിച്ച് നോവലിസ്റ്റ് അഷ്ടമൂർത്തി എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. നേര് ഒരു മികച്ച സിനിമയല്ലെന്ന് അഷ്ടമൂർത്തി കുറിച്ചു. മോഹൻലാൽ സിനിമയിൽ ഉടനീളം അൺകംഫർട്ടബ്ൾ ആയിരുന്നുവെന്നും, ഫ്ലെക്സിബിൾ എന്നു നമ്മൾ വാഴ്ത്തിയ മോഹൻലാലിനെ ഇങ്ങനെ കാണുമ്പോൾ സങ്കടം തോന്നുമെന്നും നേരിനെ കുറിച്ച് അഷ്ടമൂർത്തി എഴുതിയ കുറിപ്പിൽ പറയുന്നു. അനശ്വര രാജനെ അത്ഭുതത്തോടെയാണ് സിനിമയിൽ കണ്ടുകൊണ്ടിരുന്നതെന്നും, തണ്ണീർമത്തൻ ദിനങ്ങളിൽ നിന്നും സൂപ്പർ ശരണ്യയിൽ നിന്നുമൊക്കെ ആ നടി എത്രമാത്രം വളർന്നുപോയെന്നും അഷ്ടമൂർത്തി നേരിനെ കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

അഷ്ടമൂർത്തിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

ALSO READ: വാലിബനിൽ ഇനി എന്തൊക്കെ സംഭവിക്കും? വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ ശബ്ദത്തിൽ ഒരു പാട്ട്; ലിജോ ഇതൊരു പൂരം തന്നെയോ?

സിനിമ കാണാത്തവർ വായിക്കേണ്ടതില്ല സ്‌പോയ്‌ലർ ഉണ്ട്

നേരു പറഞ്ഞാൽ അതത്ര മികച്ച സിനിമയൊന്നുമല്ല. ആകപ്പാടെ ഒരു കൃത്രിമത്വമുണ്ട്. ബലാൽസംഗത്തിനു വിധേയയാകുന്ന പെൺകുട്ടി അവന്റെ മുഖത്തു തപ്പിനോക്കി പ്രതിയുടെ രൂപം ഗണിച്ചെടുക്കുന്നതും പിന്നീട് അത് പ്രതിമയാക്കുന്നതും മുതൽ തുടങ്ങുന്നു അത്. വക്കീൽപ്പണി ഉപേക്ഷിച്ച നായകനെ നിർബ്ബന്ധപൂർവം പി പിയാക്കുന്നത് പോട്ടെ എന്നു വെയ്ക്കാം. പക്ഷേ തികച്ചും അപരിചിതയായ ഒരുവളെ ആ വീട്ടിൽ ഒരു നിശ്ചിതസമയത്ത് മറ്റാരുമുണ്ടാവില്ല എന്ന് യാദൃച്ഛികമായി അറിവു കിട്ടി ബലാൽസംഗത്തിന് എത്തുന്നത് വല്ലാതെ കൃത്രിമമായി. ഗുണ്ടകളെ കൂട്ടി വന്ന് അവരേക്കൊണ്ട് അച്ഛനമ്മമാരുടെ വായ പൊത്തിപ്പിടിപ്പിച്ച് (കൈകളൊന്നും പിന്നിലേയ്ക്കു പിടിച്ചു കെട്ടാതിരുന്നിട്ടും ഗുണ്ടകളുടെ കൈകളിൽ നിന്നു കുതറി മാറാൻ എന്തുകൊണ്ടാണാവോ അവർ ശ്രമിക്കാതിരുന്നത്!) പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നതൊക്കെ ഇപ്പോഴും സിനിമയിൽ ഉണ്ടല്ലോ എന്ന് അത്ഭുതപ്പെട്ടു പോയി.

കോടതി രംഗങ്ങൾ വിശേഷമാണെന്ന് പറഞ്ഞു കേട്ടുവെങ്കിലും അതെല്ലാം സിനിമാക്കോടതിരംഗങ്ങൾ തന്നെ! പിന്നെ ടിവി സ്ക്രീൻ വാർത്തകളും മൈക്ക് കയ്യിൽപ്പിടിച്ച് പരക്കംപായുന്ന മാ. പ്രവർത്തകരുമില്ലാത്ത ഒരു സിനിമ ഇപ്പോൾ മലയാളത്തിൽ പതിവില്ലല്ലോ! മോഹൻലാൽ ഉടനീളം അൺകംഫർട്ടബ്ൾ ആയിരുന്നു. അങ്ങേയറ്റം ഫ്ലെക്സിബിൾ എന്നു നമ്മൾ വാഴ്ത്തിയ നടനെ ഇങ്ങനെ കാണുമ്പോൾ സങ്കടം തോന്നും. ഒപ്പമുള്ള സിദ്ദിക്കിന്റെ പ്രകടനവുമായി ആരെങ്കിലും ആ മഹാനടനെ താരതമ്യപ്പെടുത്തിപ്പോയാൽ അതിൽ അസാംഗത്യമൊന്നുമില്ല.

ALSO READ: പ്രേക്ഷക എന്ന രീതിയിൽ നേര് എൻജോയ് ചെയ്യാൻ കഴിഞ്ഞില്ല, അതിന് ഒരു കാരണമുണ്ട്; തുറന്നു പറഞ്ഞ് അനശ്വര രാജൻ

പി പി ക്ക് സഹായിയായി വരുന്ന ജൂനിയർ എത്രമാത്രം അൺഇന്റലിജന്റാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ നടിയുടെ ഭാവഹാവാദികൾ. അതുകൊണ്ടു തന്നെ ആ വക്കീലിൽ നിന്ന് ഒരിടപെടലും പ്രതീക്ഷിച്ചതുമില്ല. തിരക്കഥയെഴുത്തുകാരിയാവട്ടെ ആകെ പരിഭ്രമിച്ചുവശായതു പോലെയായിരുന്നു തിരശ്ശീലയിൽ ഓടിനടന്നത്. ആശ്വാസം തോന്നിയത് മാത്യു വർഗീസിന്റെ ജഡ്ജിയുടെ അഭിനയം കണ്ടപ്പോഴാണ്. അനശ്വര രാജനെ അത്ഭുതത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്. തണ്ണീർമത്തൻ ദിനങ്ങളിൽ നിന്നും സൂപ്പർ ശരണ്യയിൽ നിന്നുമൊക്കെ ആ നടി എത്രമാത്രം വളർന്നുപോയി! അവസാനം “ഒരു ജിത്തു ജോസഫ് ഫിലിം” എന്ന് എഴുതിക്കാണിക്കുന്നുണ്ട്. അതെ; അതാണ് ആകെയുള്ള നേര്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News