കടലുപോലെ അനുഭവങ്ങൾ ഉണ്ടായിരുന്ന മനുഷ്യൻ; ഭാസുരേന്ദ്ര ബാബുവിന്റെ വിയോഗത്തിൽ അനുശോചിച്ച് എൻ പി ചന്ദ്രശേഖരൻ

ബാബുവേട്ടൻ ഓർമ്മയായി. കടലുപോലെ അനുഭവങ്ങൾ ഉണ്ടായിരുന്ന മനുഷ്യൻ.എഴുപതുകളിൽ സിപിഐ (എംഎൽ) വഴി പൊതുപ്രവർത്തനം തുടങ്ങി. അടിയന്തരാവസ്ഥയിൽ ജയിലിലായി. മർദ്ദനങ്ങളനുഭവിച്ചു. അടിയന്തരാവസ്ഥയ്ക്കു ശേഷം നക്സലൈറ്റ് പ്രസ്ഥാനം കാഴ്ചവച്ച സാംസ്കാരിക പ്രവർത്തനങ്ങളുടെ നേതൃതലത്തിൽ. ആ വഴിത്താരയിലെ ആശയസമരങ്ങളെത്തുടർന്ന് പ്രസ്ഥാനംവിട്ടു.

തൊണ്ണൂറുകളിൽ പൊതു ഇടതുപക്ഷത്തിലേയ്ക്കെത്തി. പിന്നാലേ, സിപിഐ (എം) സഹയാത്രികനായി.അതേ, സിപിഐ (എം) സഹയാത്രികൻ!കേരളത്തിലെ തീവ്രവലതുപക്ഷം മുതൽ കപട ഇടതുപക്ഷം വരെ ഏറെ കടന്നാക്രമിക്കുന്ന ആ നിലപാടുതറയിൽനിന്ന് ഇടതടവില്ലാതെ ആശയസംവേദനം നടത്തി. കാതലില്ലാത്ത ടെലിവിഷൻ ചർച്ചകളിൽ ചിന്തയുടെ തെളിമകൊണ്ടും ആഖ്യാനത്തിന്റെ ചടുലതകൊണ്ടും പ്രത്യാശയുടെ പ്രകാശം പരത്തി. ചിന്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ തലയെടുപ്പോടെ നിന്നു.കൈരളിയിൽ ചെയ്ത പത്രനിരൂപണപംക്തി – വർത്തമാനം – നമ്മുടെ മാധ്യമചരിത്രത്തിലെ വേറിട്ട അധ്യായം. എല്ലാ ദിനപത്രങ്ങളും രണ്ടേ രണ്ടു മണിക്കൂർ കൊണ്ട് ഓടിച്ചു നോക്കി, തത്സമയം അദ്ദേഹം നല്കിയ വിശകലനങ്ങൾ പത്രനിരൂപണത്തിനപ്പുറത്തേയ്ക്കു കടന്ന് മലയാളക്കരയുടെ പ്രഭാതങ്ങൾക്ക് ആശയത്തെളിമ പകർന്നു. കോവിഡ് ബാധിതനായി ആരോഗ്യപ്രശ്നങ്ങൾ വരുംവരെ ആ തിങ്കൾ-വെള്ളി പരിപാടി മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോയി.വിശ്രമത്തിനു നിർബന്ധിതനായപ്പോഴും വായനയും പഠനവും ചിന്തയും എഴുത്തും ഫോൺ വിളികളും അഭിപ്രായവിനിമയവും കൂടെയുണ്ടായിരുന്നു. മരണത്തിനു മുമ്പും പദ്മജയുടെ ബിജെപിയിലേയ്ക്കുള്ള പോക്കിന്റെ വാർത്ത ടി വിയിൽക്കണ്ടെന്നും രോഷത്തോടെ അഭിപ്രായം പറഞ്ഞെന്നും ഇന്ദിരേച്ചി കണ്ണീരോടെ പറഞ്ഞു.ആതുരകാലത്താണ് ഋതുസംഹാരത്തിന് ഞാൻ നടത്തിയ പുനരാവിഷ്കാരം വായിച്ചതും മികച്ച ഒരു പഠനം എഴുതിയതും. എന്റെ കണ്ണു നനയിച്ച ഒരു കുറിപ്പായി അത് ആ പുസ്തകത്തെ അലങ്കരിച്ചു.

ഇനി ജീവിച്ചിരിക്കുന്ന ബാബുവേട്ടൻ ഇല്ല.ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം കേട്ടുണർന്ന എഴുപതുകളിലെ യുവാക്കൾ പല രീതിയിൽ, പല ആടയാഭരണങ്ങളോടെ, നമുക്കു മുന്നിലുണ്ട്. അവർക്കിടയിൽ ഇതാ രാഷ്ട്രീയത്തിന്റെ കൊടിയുയർത്തിപ്പിടിച്ച് നഗ്നപാദനായി ഭാസുരേന്ദ്രബാബു എന്ന രാഷ്ട്രീയസത്യാന്വേഷകൻ.എനിക്കിയാൾ, എല്ലാ പ്രതിലോമകാരികളും കടലാസുകടുവകൾമാത്രമെന്ന് ഓർമ്മിപ്പിക്കുന്ന നാട്ടുകവലയിലെ പ്രഭാഷകൻ.
ഋതുസംഹാരപഠനത്തിൽ ബാബുവേട്ടൻ എഴുതിയ ആ വാക്യം അദ്ദേഹത്തിന്റെ മുഴക്കമുള്ള പ്രസംഗശബ്ദത്തിൽ ഞാൻ അശരീരിപോലെ കേൾക്കുന്നു:
“ഒരു കിണറ്റിലെ വെള്ളം കോരിക്കുടിക്കുമ്പോൾ ആ കിണറു കുത്തിയവരെ ഓർക്കണം.”തീർച്ചയായും ബാബുവേട്ടാ.ഞങ്ങളുടെ തട്ടകത്തിൽ എന്നുമെന്നും ചീനത്തെ പ‍ഴഞ്ചൊല്ലിലെ ജീവജലമൂറുന്ന ആ കിണറുണ്ടാകും.അതിനു ചേറെടുക്കാൻ ഉടൻ കൊല്ലികളുടെയും ഒറ്റുകാരുടെയും കാലത്ത് ചരിത്രത്തിന്റെ പണിയുപകരണങ്ങളുമായി
നിങ്ങളുമുണ്ടായിരുന്നു എന്ന് ഞങ്ങൾ ഓർക്കുകയും ചെയ്യും. റെഡ് സല്യൂട്ട്

ALSO READ: അസാധ്യമെന്ന് തോന്നുന്ന കഥപറച്ചിൽ, ഹിന്ദിയിൽ ഇത്തരം ആശയങ്ങളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ: മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News