ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) റിക്രൂട്ട്മെന്റ് പരീക്ഷ നടത്തിപ്പിൽ നിന്നും പിന്മാറുന്നു. ഇനി മുതൽ റിക്രൂട്ട്മെന്റ് പരീക്ഷ നടത്തില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ എഴുത്തുപരീക്ഷയായി തുടരണോ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണോ എന്നതിൽ ആരോഗ്യ മന്ത്രാലയവുമായി ചർച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി ജെപി നദ്ദയുമായി ചർച്ച നടത്തിയിട്ടുണ്ട്. കോമണ്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) വർഷത്തിൽ ഒരിക്കൽ നടത്തുന്നത് തുടരും. പരീക്ഷ നടത്തിപ്പിനും കുറ്റമറ്റ രീതിയിലുള്ള പരിശോധന തുടങ്ങിയവ ഉറപ്പാക്കാനും എൻടിഎയുടെ പ്രവര്‍ത്തനങ്ങളിൽ മാറ്റം വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) ചോദ്യം ചോർന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർന്നതോടെ രൂപവത്കരിച്ച ഉന്നതാധികാര സമിതി പ്രവേശന പരീക്ഷയിൽ കേന്ദ്രീകരിക്കാൻ ശിപാർശ ചെയ്തിരുന്നു. 2025ൽ എൻടിഎ പുനഃസംഘടിപ്പിക്കുമെന്നും പ്രധാൻ പറഞ്ഞു. ‘2025-ൽ ഏജൻസി പുനഃക്രമീകരിക്കും, കുറഞ്ഞത് പത്ത് പുതിയ തസ്തികകളെങ്കിലും സൃഷ്ടിക്കും. കൂടാതെ സീറോ-എറർ ടെസ്റ്റിംഗ് ഉണ്ടെന്ന് ഉറപ്പാക്കാൻ എൻടിഎയുടെ പ്രവർത്തനത്തിൽ നിരവധി മാറ്റങ്ങളുണ്ടാകും’ – പ്രധാൻ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here