ഹരിയാനയിലെ നൂഹിലെ വര്‍ഗീയ കലാപം ആളിക്കത്തിച്ച കേസില്‍ പശുഗുണ്ട തലവന്‍ ബിട്ടു ബജ്റംഗിയെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച ഫരീദാബാദിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നൂഹ് കോടതി ഒരു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ പ്രകോപന വീഡിയോ പ്രചരിപ്പിച്ച ബിട്ടു ബജ്‌റംഗിക്കെതിരെ ഫരീദാബാദിലെ ദാബുവ പൊലീസാണ് കേസെടുത്തിരുന്നത്. കാവി വസ്ത്രം ധരിച്ച് ബിട്ടു നടന്നുപോകുന്നതും പിന്നീട് ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും പ്രകോപനപരമായ ഗാനവും ബിട്ടു ബജ്‌റംഗി പുറത്തുവിട്ട വീഡിയോയിലുണ്ടായിരുന്നു. ഇയാളുടെ നേതൃത്വത്തില്‍ 20ഓളം വരുന്ന സംഘം വാളുകളും ത്രിശൂലവുമായി മാര്‍ച്ച് നടത്തുമ്പോള്‍ എസ്.എസ്.പി ഉഷ കുണ്ടുവിന്റെ നേതൃത്വത്തില്‍ പൊലീസ് തടയുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തപ്പോള്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു.
ജൂലൈ 31ന് നൂഹില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 88 പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫരീദാബാദിലെ താമസക്കാരനായ ബിട്ടു ബജ്റംഗി പശുസംരക്ഷണത്തിന്റെ പേരില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് കുപ്രസിദ്ധനായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here