പൊട്ടിച്ചിരിയുടെ മേളത്തില്‍ ഊരാക്കുടുക്കുകളുടെ ഘോഷയാത്രയുമായി ‘നുണക്കുഴി’ പ്രേക്ഷക മനസ്സുകള്‍ കീഴടക്കുന്നു, തിയേറ്ററുകളില്‍ വീണ്ടും ഹൗസ്ഫുള്‍ ബോര്‍ഡുകള്‍…

പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി ഒരു ചിത്രം. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ബേസില്‍ ജോസഫും സംഘവും തകര്‍ത്തഭിനയിച്ച ‘നുണക്കുഴി’ എന്ന ചിത്രത്തെ ഒറ്റ വാചകത്തില്‍ അങ്ങിനെ വിശേഷിപ്പിക്കാം. നായകന്‍ ബേസിലിന്റെ പക്വതയില്ലായ്മയില്‍ നിന്നും സംഭവിച്ച ഒരു അബദ്ധത്തില്‍ നിന്നും തുടങ്ങി അബദ്ധങ്ങളുടെയും ഊരാക്കുടുക്കുകളുടെയും വലിയൊരു യാത്രയാണ് ചിത്രം. ജീത്തു ജോസഫിന്റെ ക്രൈംത്രില്ലര്‍ ജോണറില്‍ നിന്നും മാറി സഞ്ചരിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് കോമഡി എന്റര്‍ടൈനറാണ്. നായകന്‍ ബേസില്‍ ജോസഫിന്റെ ‘എബി വര്‍ക്കി’ എന്ന കഥാപാത്രത്തിന്റെ കഥപറഞ്ഞാണ് ചിത്രം തുടങ്ങുന്നത്.

ALSO READ: കാണാതായവര്‍ക്കുള്ള തിരച്ചില്‍; മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയില്ല

ഒരു ധനിക കുടുംബത്തിലെ അംഗമായ എബിയ്ക്ക് അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ കമ്പനിയുടെ എംഡിയായി ചുമതലയേല്‍ക്കേണ്ടി വരുന്നു. കുട്ടിക്കളിയുമായി നടക്കുന്ന എബിയ്ക്ക് ജീവിതത്തിലൊരു ഉത്തരവാദിത്വം വരുന്നതിനായി അയാളുടെ അമ്മ കണ്ടുപിടിച്ച ഉപായമായിരുന്നു അത്. എന്നാല്‍, വീട്ടില്‍ ‘വാവ’ യെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന എബി കല്യാണം കഴിഞ്ഞതിന്റെ ആലസ്യത്തില്‍ ഭാര്യയുമായുള്ള പ്രണയത്തില്‍ ഒതുങ്ങിക്കൂടാനായിരുന്നു ആഗ്രഹിച്ചിരുന്നത്.
ഈ സാഹചര്യത്തിലാണ് ഒരു ദിവസം ഓഫിസിലെ ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനായി ഇന്‍കംടാക്‌സ് പരിശോധനയ്‌ക്കെത്തുന്നത്. നടന്‍ സിദ്ധീഖാണ് ഇന്‍കം ടാക്‌സ് ഓഫിസര്‍ ‘ഭാമ കൃഷ്ണനായി’ ബേസിലിന്റെ ഓഫിസിലെത്തുന്നത്. തുടര്‍ന്ന് എബിയുടെ പഴ്‌സനല്‍ ലാപ്‌ടോപ് അവര്‍ കസ്റ്റഡിയിലെടുക്കുന്നു. ഇതോടെ എബി അകപ്പെടുന്ന ഒരു കുരുക്കിനെച്ചുറ്റിപ്പറ്റിയാണ് പിന്നീട് ചിത്രം മുന്നോട്ട് പോകുന്നത്.

ALSO READ: ഉരുള്‍പൊട്ടല്‍ ദുരന്തം; കുട്ടികളുടെ പരിരക്ഷകള്‍ ഉറപ്പാക്കണം: ബാലാവകാശ കമ്മീഷന്‍

സിദ്ധീഖിന്റെ ‘ഭാമ കൃഷ്ണന്‍’ എന്ന ഇന്‍കം ടാക്‌സ് ഓഫിസറുടെ കഥാപാത്രത്തിലൂടെയാണ് കഥയിലെ നിര്‍ണായക മാറ്റങ്ങള്‍ നടക്കുന്നത്. ആദ്യം ഗൗരവക്കാരനായൊരു ഓഫിസറായി എത്തുന്ന ‘ഭാമ കൃഷ്ണന്‍’ പിന്നീട് സിനിമയുടെ രസച്ചരട് മൊത്തം കൈപ്പിടിയിലൊതുക്കുന്ന മുഴുനീള ഹാസ്യകഥാപാത്രമായി മാറുന്നുണ്ട്. അനായാസമായ അഭിനയ ശൈലിയിലൂടെ സിദ്ധീഖിന്റെ സമ്പൂര്‍ണ അഴിഞ്ഞാട്ടം തന്നെയാണ് സിനിമയുടെ ആദ്യപകുതിയാകെ. എന്നാല്‍, ഇതിനിടയിലും പ്രേക്ഷകര്‍ക്ക് പെട്ടെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത കഥാപരിസരങ്ങള്‍ സൃഷ്ടിച്ച് തിരക്കഥാകൃത്ത് കെ.ആര്‍. കൃഷ്ണകുമാര്‍ പ്രേക്ഷകരെ ബോറടിപ്പിക്കാതെ ചിത്രത്തില്‍ തന്നെ പിടിച്ചിരുത്തുന്നുണ്ട്. സംവിധായകന്‍ ജീത്തു ജോസഫിന്റെ ചടുലമായ സംവിധാനവും ചിത്രത്തെ ആസ്വാദ്യകരമാക്കി മാറ്റുന്നു. പലപ്പോഴും ജീത്തുവിന്റെ എവര്‍ഗ്രീന്‍ കോമഡി എന്റര്‍ടൈനറായ ‘മൈ ബോസ്’ നെ അനുസ്മരിപ്പിക്കും വിധം പ്രേക്ഷകരെ കോമഡിയാല്‍ എന്‍ഗേജിങ് ആക്കുന്നുണ്ട് നുണക്കുഴിയും.

ALSO READ: വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍

സിറ്റ്വേഷനനുസരിച്ച് സിനിമയിലെ കഥാപാത്രങ്ങള്‍ പറഞ്ഞുപോകുന്ന നുണകളാണ് സിനിമയുടെ മറ്റൊരു ആകര്‍ഷണം. ഈ നുണകള്‍ തന്നെ അവരെ പിന്നീട് കുഴിയില്‍ ചാടിക്കുന്നു. പിന്നീട് ഈ നുണക്കുഴിയില്‍ നിന്നും കരകയറാനുള്ള ശ്രമങ്ങളിലാണ് ഓരോ കഥാപാത്രങ്ങളും. വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. മനോജ് കെ. ജയന്‍, ബൈജു കെ. സന്തോഷ്, അജു വര്‍ഗീസ്, സൈജുക്കുറുപ്പ്, ബിനു പപ്പു, അല്‍ത്താഫ്, ലെന, നിഖില വിമല്‍, ഗ്രേസ് ആന്റണി തുടങ്ങി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരായ ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്റെ കഥാഗതിയ്ക്ക് അനുസരിച്ച് ചിത്രത്തില്‍ മല്‍സരിച്ച് അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്ത് ബേസിലിനൊപ്പം സിദ്ധീഖ്-മനോജ് കെ. ജയന്‍, ബിനുപപ്പു, അല്‍ത്താഫ് എന്നീ കോംബോയാണ് അരങ്ങ് തകര്‍ക്കുന്നതെങ്കില്‍ രണ്ടാം പകുതിയില്‍ ബൈജു സന്തോഷാണ് തന്റെ സ്വതസിദ്ധമായ കൗണ്ടര്‍ അടികളാല്‍ കളം നിറയുന്നത്. ജയ് ഉണ്ണിത്താനും വിഷ്ണു ശ്യാമും ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ വിനായക് ശശികുമാര്‍ വരികളെഴുതിയിരിക്കുന്നു. സരിഗമയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News