ഓച്ചിറക്കളി ജൂൺ 15നും 16നും, ചരിത്ര സമരണ പുതുക്കി യുദ്ധക്കളമവാൻ ഓച്ചിറ പടനിലം

ഈ വർഷത്തെ ഓച്ചിറകളി ജൂൺ 15,16 തീയതികളിൽ നടക്കും. ഓണാട്ടുകരയുടെ വീറും വാശിയും ആയോധന വൈഭവവും പ്രകടമാക്കുന്ന ഓച്ചിറകളി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തോട് ചേർന്ന് നിൽക്കുന്ന ഓച്ചിറ പടനിലത്താണ് അരങ്ങേറുന്നത്. ഓണാട്ടുകരയിലെ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട 52 കരകളിലെയും കളരികളിൽ പരിശീലനം തിങ്കളാഴ്ച ആരംഭിക്കും. ഒരുമാസം നീണ്ടുനിൽക്കുന്ന പരിശീലനമാണ് കളരി ആശാന്മാർ ശിഷ്യന്മാർക്ക് നൽകുക. ഇന്ന് പുലർച്ചെ കളരിയിൽ വിളക്ക് തെളിച്ച് കളരി പൂജയും ആയുധ പൂജയും നടത്തി. എല്ലാ ദിവസവും പുലർച്ചെയും വൈകുന്നേരങ്ങളിലും ആണ് പരിശീലനം. വായ്ത്താരിയോടുള്ള 12 ചുവടുകളും 18 അടവുകളും പരിശീലിപ്പിക്കും. അതിനുശേഷം വടി, വാൾ, പരിച എന്നിവ കൊണ്ടുള്ള വെട്ടും തടയും പരിശീലിപ്പിക്കും.

ഓച്ചിറക്കളിക്ക് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങളോടെ കളി സംഘങ്ങളുടെയും കളരി ആശാൻമാരുടെയും യോഗം പരബ്രഹ്മ ആഡിറ്റോറിയത്തിൽ നടന്നു. കളി സംഘങ്ങൾക്ക് പൂരിപ്പിക്കാനുള്ള ഫോമുകൾ ഓഫീസിൽ നിന്നും ഈ മാസം 31 വരെ വിതരണം ചെയ്യും. കളി ആശാന്മാർ തിരിച്ചറിയൽ രേഖ കളയുമായി വന്ന് രജിസ്റ്റർ ചെയ്യണം. ജൂൺ അഞ്ചിന് ഭാരവാഹികൾ കളരികൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും .

ഓച്ചിറക്കളി ഐതീഹ്യം

രണ്ട്‌ നൂറ്റാണ്ടു മുമ്പ്‌ കായംകുളം രാജാവും വേണാട്‌ രാജാവും തമ്മിൽ നിരവധി യുദ്ധങ്ങൾ നടന്ന വേദിയാണ്‌ ഓച്ചിറപടനിലം. ചരിത്രപ്രസിദ്ധമായ കായംകുളം വേണാട്‌ യുദ്ധങ്ങളുടെ സ്മരണ നിലനിർത്താനായി വർഷം തോറും മിഥുനം ഒന്ന്,‌ രണ്ട്‌ തീയതികളിൽ ഓച്ചിറക്കളി നടത്തിവരുന്നു

കരുനാഗപ്പള്ളി, കാർത്തികപ്പള്ളി ,മാവേലിക്കര താലൂക്കുകളിൽപെട്ട അമ്പത്തിരണ്ട് കരകളിൽ നിന്നുമായി മൂവായിരത്തോളം രണവീരൻമാർ പടനിലത്ത്‌ അങ്കം വെട്ടും. തലപ്പാവും പടചട്ടയും അണിഞ്ഞ്‌ കൈയ്യിൽ വാളും പരിചയുമായി എത്തുന്ന യോദ്ധാക്കൾ പടനിലം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാക്കും. ഓച്ചിറക്കളിക്ക്‌ മുന്നോടിയായി 30 ദിവസം വ്രതശുദ്ധിയോടെ കളരി ആശാന്മാരുടെ നേതൃത്വത്തിൽ വിവിധ കളരികളിൽ പരിശീലനം നടത്തിയാണ് ഓച്ചിറകളിക്കെത്തുന്നത്. നൂറ്റി എൺപതിലധികം കളരികളിൽനിന്നുമുള്ള സംഘങ്ങൾ പടനിലത്ത്‌ എത്തിച്ചേരും. കളരിപ്പയറ്റിലെ അടവുകൾ തന്നെയാണ്‌ ഓച്ചിറക്കളിയിലും സ്വീകരിച്ചിരിക്കുന്നത്‌. ആദ്യകാലങ്ങളിൽ ഓച്ചിറക്കളിക്ക്‌ ഇരുതലമൂർച്ചയുള്ള ‘കായംകുളം വാളും’ തോൽ പരിചയും ഉപയോഗിച്ചിരുന്നു.

തിരുവിതാംകൂർ ദിവാനായിരുന്ന ടി മാധവറാവു 1857ൽ സ്ഥാനമേറ്റെടുത്ത് കഴിഞ്ഞാണ് മാരകമായ ആയുധങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചത്. അലകുകൊണ്ടുള്ള വാളും കൃത്രിമ പരിചയുമാണ്‌ ഇപ്പോൾ ഉപയോഗിക്കുന്നത്‌. 41 ദിവസത്തെ വ്രതത്തിനും പരിശീലനത്തിനും ശേഷമാണ്‌ യോദ്ധാക്കൾ കളിക്കളത്തിൽ എത്തുന്നത്‌.

കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളിലായി 52 കരകടങ്ങിയ ഓണാട്ടുകര ദേശക്കാർ വ്രതശുദ്ധിയോടെ തങ്ങളുടെ ആയോധനപാടവം കാഴ്ച്ചവയ്ക്കുവാൻ പരബ്രഹ്മ സന്നിധിയിൽ എത്തുന്നത്‌ ഈ ദിവസങ്ങളിലാണ്‌. ഓച്ചിറക്കളിയിൽ പ്രധാനമായും രണ്ടിനങ്ങളാണ്‌ പ്രദർശിപ്പിക്കുന്നത്‌. കളിക്കളത്തിൽ ഇറങ്ങുന്നതിന്‌ മുമ്പുള്ള പയറ്റു പ്രദർശനമായ ‘കരക്കളിയും’ എട്ടുകണ്ടത്തിൽ നടത്തുന്ന ‘തകിടകളിയും’. ഇതിൽ ആദ്യത്തേത്‌ തെക്കെകണ്ടത്തിലും, കളിക്കാരുടെ അഭ്യാസമികവ് തെളിയിക്കുന്ന പ്രദർശനം വടക്കേക്കണ്ടത്തിലുമാണ്‌ നടക്കുന്നത്‌.

അങ്കത്തിനു സമയമായി എന്ന സൂചന നൽകികൊണ്ട്‌ ശ്രീകൃഷ്ണപ്പരുന്ത്‌ ആകാശത്തിൽ കളിക്കളത്തിന്‌ മുകളിലായി വട്ടമിട്ട്‌ പറക്കുമ്പോൾ ഇരുകരകളിൽ നിന്നും കരനാഥന്മാർ പടനിലത്തേക്ക്‌ കുതിക്കുന്നു. പരസ്പരം ഹസ്‌തദാനം ചെയ്‌ത്‌ കര പറഞ്ഞ്‌ അങ്കം കുറിക്കുന്നു. അടുത്ത ദിവസം പടനിലത്ത്‌ മുഖാമുഖം കാണാം എന്ന്‌ പ്രതിജ്ഞയെടുത്ത്‌ പിരിയുന്നതോടെ ആദ്യ ദിവസത്തെ ചടങ്ങുകൾ അവസാനിക്കും. രണ്ടാം ദിവസം ഉച്ചയ്ക്ക്‌ ശേഷം യോദ്ധാക്കൾ കളിക്കണ്ടത്തിൽ എത്തുകയും ‘തകിടകളിയിൽ’ പ്രാഗല്ഭ്യം തെളിയിച്ച്‌ കളിക്കുശേഷം ഭരണസമിതി സമ്മാനമായി നൽകുന്ന ‘പണക്കിഴി’ സ്വീകരിച്ച്‌ സദ്യയുണ്ട്‌ കരകളിലേക്ക്‌ മടങ്ങുന്നതോടെ ഓച്ചിറക്കളിക്ക്‌ തിരശ്ശീല വീഴുന്നു.

കരകളിൽ നിന്നു വരുന്ന കളരി ഗുരുക്കന്മാരുടെ നേതൃത്വത്തിൽ അയ്യായിരത്തിൽപ്പരം അഭ്യാസികൾ ഋഷഭവാഹനത്തിലുള്ള ഭഗവാന്റെ എഴുന്നള്ളത്തിന്‌ അകമ്പടി സേവിക്കും. എഴുന്നള്ളത്ത്‌ കിഴക്കും പടിഞ്ഞാറും ആൽത്തറകൾ ചുറ്റി മഹാലക്ഷ്മിക്കാവും ഗണപതി ആൽത്തറയും കടന്ന്‌ എട്ടുകണ്ടത്തിന്റെ നടുവിലെ ത്തുന്നു. തുടർന്ന്‌ യോദ്ധാക്കൾ കിഴക്കും പടിഞ്ഞാറും കരകളിലെത്തി മെയ്‌ വഴക്കവും അഭ്യാസങ്ങളും പ്രദർശിപ്പിക്കുന്ന ‘കരക്കളി’ ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News