ഒഡിഷ സ്വദേശിയായ യുവാവ് രണ്ട് ലക്ഷം രൂപ വരുന്ന ബില്ല് അടയ്ക്കാതെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും മുങ്ങി. ഉത്തർപ്രദേശിലെ വാരാണസിയിലാണ് സംഭവം. നാല് ദിവസം ഹോട്ടലിൽ അത്യാഢംബര രീതിയിൽ താമസിച്ചതിന് പിന്നാലെയാണ് യുവാവ് ബില്ലടക്കാതെ മുങ്ങിയത്.
വാരാണസിയിലെ ഹോട്ടൽ താജ് ഗാഞ്ചസിലാണ് ഇത്തരമൊരു തട്ടിപ്പ് നടന്നത്. ഒഡിഷ സ്വദേശിയായ സർത്താക് സഞ്ജയ് ആണ് തട്ടിപ്പ് നടത്തിയത്. ഒക്ടോബർ പതിനാല് മുതൽ പതിനെട്ട് വരെയാണ് ഇയാൾ ഹോട്ടലിൽ താമസിച്ചത്. മൂന്ന് നേരം ഇവിടെ നിന്നും ഇയാൾ ഭക്ഷണം വരെ കഴിച്ചിരുന്നു. ഇതിനിടെ ഒരു ദിവസം ഇയാൾ ബില്ലടയ്ക്കാതെ മുങ്ങുകയായിരുന്നു.
ഇതേ തുടർന്ന് ഹോട്ടൽ അധികൃതർ ഇയാളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് ദിവസത്തെ വാടക ഇനത്തിൽ
1,67,796 രൂപയും ഭക്ഷണത്തിന്റെ ഇനത്തിൽ 36,750 രൂപയും ചേർത്ത് ആകെ മൊത്തം 2,04,521 രൂപയാണ് ഇയാൾ അടക്കേണ്ടതെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ ഹോട്ടൽ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
ഹോട്ടലിൽ നിന്നും മുങ്ങിയ ഇയാളെ കണ്ടെത്താൻ ഹോട്ടൽ അധികൃതർ പല തവണ ശ്രമിച്ചുവെങ്കിലും ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.അതേസമയം താമസിച്ച മുറിയിൽ ഇയാളുടെ ചില വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട് ഹോട്ടൽ അധികൃതർ അറിയിച്ചിട്ടുണ്ട്,
ഇയാൾ ഹോട്ടലിൽ നൽകിയ മേൽ വിലാസവും ഫോൺ നമ്പറും ഹോട്ടൽ അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here