ഒഡീഷ ട്രെയിൻ ദുരന്തം; അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ട്രെയിനുകള്‍ ഓടിത്തുടങ്ങി

ബാലസോര്‍ അപകടസ്ഥലത്തെ റെയില്‍വേ ട്രാക്കുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതിന് പിന്നാലെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായി. 275 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദാരുണ അപകടത്തിന് 51 മണിക്കൂറിനുള്ളിലാണ് റെയില്‍വേ ട്രാക്ക് വീണ്ടും ഗതാഗത സജ്ജമായത്. ഈ ട്രാക്കുകളിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥലത്തുണ്ടായിരുന്നു. ഒഡീഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ ഉള്‍പ്പെട്ട അപകടത്തില്‍ നിരവധിയാളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരും സാധാരണക്കാരാണ്.

‘രണ്ട് ട്രാക്കുകളും പുനഃസ്ഥാപിച്ചു. 51 മണിക്കൂറിനുള്ളില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായി. ട്രെയിന്‍ ഗതാഗതം ഇപ്പോള്‍ ആരംഭിക്കും,’ അശ്വിനി വൈഷ്ണവ് പറഞ്ഞു. ഉദ്യോഗസ്ഥരുടെയും ജോലിസ്ഥലത്തുള്ള നൂറുകണക്കിന് പേരുടേയും സാന്നിധ്യത്തില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചതിന്റെ ഒരു വീഡിയോയും അശ്വിനി വൈഷ്ണവ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കിടുകയുമുണ്ടായി. ട്രാക്കുകളിലൂടെ ട്രെയിന്‍ ഓടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം അദ്ദേഹം തല കുനിച്ച് കാര്യങ്ങൾ നിരീക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

‘ഡൗണ്‍ ലൈന്‍ പുനഃസ്ഥാപിക്കല്‍ പൂര്‍ത്തിയായി. ഈ സെക്ഷനിലെ ആദ്യ ട്രെയിന്‍ യാത്ര’ എന്ന് റെയില്‍വേ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.ആദ്യ ട്രെയിന്‍ യാത്രയ്ക്ക് തൊട്ടുപിന്നാലെ അപ്പ്-ലൈന്‍ ട്രെയിന്‍ യാത്രയും ആരംഭിച്ചതായി അശ്വിനി വൈഷ്ണവ് പറഞ്ഞു. അപ്പ്-ലൈനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് പുനഃസ്ഥാപിച്ചതായും ഓവര്‍ഹെഡ് വൈദ്യുതീകരണ ജോലികളും ആരംഭിച്ചതായും അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News