ഒഡീഷയിലെ ബാലസോറില്‍ അപകടത്തില്‍പ്പെട്ട ട്രെയിനില്‍ യാത്ര ചെയ്ത തൃശൂര്‍ അന്തിക്കാട് സ്വദേശികള്‍ സുരക്ഷിതര്‍. രഘു, കിരണ്‍, ബിജേഷ്, വൈശാഖ് എന്നിവരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ക്ഷേത്ര നിര്‍മാണത്തില്‍ ഓട് പതിക്കാനായാണ് അന്തിക്കാട്ടുകാരായ ഒമ്പതുപേര്‍ യാത്ര പോയത്. ഇതില്‍ അഞ്ചുപേര്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തി. മറ്റ് നാലുപേര്‍ മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച ട്രെയിന്‍ അപകടത്തില്‍പെട്ടത്. ഇവരില്‍ ഒരാള്‍ക്ക് നിസാര പരുക്കേറ്റു.
Also Read- ഒഡീഷ ട്രെയിന്‍ ദുരന്തം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
ഇന്നലെ രാത്രി 7.20 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 233 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി പേര്‍ ബോഗികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Also Read- ഒഡീഷ ട്രെയിൻ ദുരന്തം; മരണസംഖ്യ 233 കടന്നു, ആയിരത്തോളം പേര്‍ക്ക് പരുക്ക്
ബാലസോര്‍ സ്റ്റേഷനില്‍ ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ചിതറിക്കിടന്നിരുന്ന ബോഗികളിലേക്ക് ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ഹൗറ സൂപ്പര്‍ഫാസ്റ്റ് ഇടിച്ചുകയറിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. സിഗ്നല്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here