സൗദി അറേബ്യൻ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ജോസ് മൗറീഞ്ഞോയ്ക്ക് വൻതുക വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ. രണ്ട് വർഷത്തെ കരാറിൽ സൗദിയെ പരിശീലിപ്പിക്കാൻ മൗറീഞ്ഞോയ്ക്ക് 900കോടി രൂപ (100 മില്യൺ) വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. കരാർ
യാഥാർത്ഥ്യമായാൽ അദ്ദേഹമായിരിക്കും എക്കാലത്തെയും ഉയർന്ന പ്രതിഫലം വാങ്ങുന്ന മാനേജർ. ആദ്യ സീസണിന്റെ അവസാനത്തിൽ കരാർ റദ്ദാക്കാനോ അല്ലെങ്കിൽ 2026 ലോകകപ്പ് വരെ നീട്ടാനോ കരാറിൽ ഉപാധി വെച്ചിട്ടുണ്ട്.
ഹെർവ് റെനാർഡിന്റെ രാജിയെ തുടർന്നാണ് സൗദി അറേബ്യ ദേശീയ ടീമിനായി പുതിയ പരിശീലകനെ തേടുന്നത്. ഹെർവ് റെനാർഡിന്റെ കീഴിൽ സൗദി അറേബ്യക്ക് ലോകകപ്പ് ജേതാക്കളായ അർജന്റീനയെ ഗ്രൂപ്പ് സ്റ്റേജിൽ പരാജയപ്പെടുത്താൻ കഴിഞ്ഞിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ് അൽനാസറിനും മൗറീഞ്ഞോയോട് താൽപ്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ മാനേജർ റൂഡി ഗാർഷ്യ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങളാണ് അതിന് ശക്തി പകരുന്നത്. അൽ-നാസറിന്റെ പരിശീലക സ്ഥാനം മൗറീഞ്ഞോ ഏറ്റെടുക്കുയാണെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം ഒരിക്കൽ കൂടി മൗറീഞ്ഞോക്ക് പ്രവർത്തിക്കാനാകും. 2010-13 സീസണിൽ റയൽ മാഡ്രിഡിൽ റൊണാൾഡോയൊടോപ്പം പ്രവർത്തിച്ച മൗറീഞ്ഞോ ലാലീഗ, കോപ്പ ഡെൽ റേ കിരീടങ്ങൾ ടീമിന് നേടിക്കൊടുത്തിരുന്നു.
നിലവിൽ ഇറ്റാലിയൻ ലീഗായ സീരി എയിൽ റോമയുടെ പരിശീലകനാണ് അറുപതുകാരനായ മൗറീഞ്ഞോ. പോർച്ചുഗീസ് പരിശീലകനായ അദ്ദേഹം 2021-ലാണ് റോമയിൽ ചേരുന്നത്. റോമയുമായി 2024 വരെ കരാറും നിലനിൽക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here