മാനവീയം വീഥിക്കെതിരെ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമായ വാർത്ത, പ്രതികരിച്ച് ഭാരവാഹികൾ

തലസ്ഥാനത്തെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥി ഡ്രഗ് മാഫിയയുടെ നിയന്ത്രണത്തിലാണെന്ന തരത്തിൽ മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാ വിരുദ്ധമെന്ന് മാനവീയം സ്ട്രീറ്റ് ലൈബ്രറി പ്രസിഡൻ്റ് വിനോദ് വൈശാഖിയും സെക്രട്ടറി കെ.ജി. സൂരജും. വ്യാജ മാധ്യമ വാർത്തകൾക്കെതിരെ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പ്രസ്താവനയിലാണ് മാധ്യമ വാർത്തകളെ വിമർശിക്കുന്നത്. മാനവീയം വീഥിയുടെ വിദൂര പരിസരങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ പോലും മാനവീയം വീഥിയുമായി കൂട്ടിക്കെട്ടി വാർത്തയാക്കുന്ന സ്ഥിതി അപമാനകരമാണെന്നും പ്രസ്താവനയിൽ ഇരുവരും കുറ്റപ്പെടുത്തുന്നു.
പ്രസ്താവനയുടെ പൂർണ രൂപം:
മാനവീയം വീഥിക്കെതിരായ മാധ്യമ വാർത്തകൾ കെട്ടിച്ചമച്ചത്.
തലസ്ഥാനത്തിൻ്റെ സാംസ്കാരിക ഇടനാഴി മാനവീയം വീഥി ഡ്രഗ് മാഫിയയുടെ നിയന്ത്രണത്തിലാണെന്ന നിലയിൽ ചില മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാവിരുദ്ധമാണ്. മാനവീയം വീഥിയുടെ വിദൂര പരിസരങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ പോലും മാനവീയം വീഥിയുമായി കൂട്ടിക്കെട്ടി വാർത്തയാക്കുന്ന സ്ഥിതിയുണ്ട്. ഇത് മാനവീയം വീഥിയിലെ കലാസാംസ്കാരിക പ്രവർത്തകരേയും ആസ്വാദകരേയും അപമാനിക്കുന്നതിനു തുല്യമാണ്.
വെള്ളയമ്പലം ആൽത്തറ റോഡിൽ യുവാവിന് കുത്തേറ്റിരുന്നു. പ്രസ്തുത വാർത്ത നൽകുമ്പോഴും വെള്ളയമ്പലമെന്നോ ആൽത്തറയെന്നോ സൂചിപ്പിക്കാതെ ‘ മാനവീയം വീഥിക്ക് സമീപം യുവാവിന് കുത്തേറ്റു എന്ന നിലയിൽ തലക്കെട്ടും ഉള്ളടക്കവും നൽകുന്നത് ദുരുദ്ദേശപരമാണ്. വയോജനങ്ങൾ, ഭിന്നശേഷിതർ, സ്ത്രീകൾ, കുട്ടികൾ, ട്രാൻസ്ജെന്റർ വ്യക്തികൾ തുടങ്ങി നൂറുകണക്കിന് കലാകാരരും ആസ്വാദകരും പ്രതിദിനം രാപ്പകൽ ഭേദമെന്യേ സൗഹൃദത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി പ്രയോജനപ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമാണ് മാനവീയം സാംസ്കാരിക ഇടനാഴി. ഇരുപത്തി നാല് മണിക്കൂറും പ്രവർത്തനസജ്ജമായ പൊലീസ് എയ്ഡ് പോസ്റ്റും മാനവീയത്തിലുണ്ട്. സമാധാനപൂർണ്ണവും ഭയരഹിതവുമായ മാനവീയം വീഥിയിലെ പൊതുഇട അന്തരീക്ഷത്തെയാണ് മറ്റെവിടെയോ നടക്കുന്ന അനിഷ്ട സംഭവങ്ങളുമായി ബോധപൂർവ്വം ബന്ധപ്പെടുത്തി ബഹുജനങ്ങൾക്കിടയിൽ ഭീതിയും തെറ്റിദ്ധാരണയും പടർത്താൻ ബോധപൂർവ്വം ശ്രമിക്കുന്നത്. നൈറ്റ് ലൈഫ് കേന്ദ്രമെന്ന നിലയിൽ പാതിരാവിലും ആടുകയും പാടുകയും വായിക്കുകയും ചെയ്യുന്ന സ്ത്രീകളുടേയും കുട്ടികളുടേയും വലിയ സാന്നിധ്യമാണ് മാനവീയം വീഥിയുടെ സമകാലീന സവിശേഷത. അതില്ലാതാക്കുന്നതിനുള്ള ഗൂഢോദ്ദേശവും ഇത്തരം വാർത്തകൾക്കുണ്ട്. കപട സദാചാരവാദികൾക്കും സാമൂഹികവിരുദ്ധർക്കും മേൽക്കൈ ലഭ്യമാകുന്ന നിലയിലെ വ്യാജ വാർത്തകളെ തള്ളിക്കളയണമെന്ന് മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി പ്രസിഡന്റ് വിനോദ് വൈശാഖി സെക്രട്ടറി കെജി സൂരജ് എന്നിവർ അഭ്യർത്ഥിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration