‘പോക്കറ്റിൽ ഒതുങ്ങുന്ന’ ഇലക്ട്രിക് വാഹനനവുമായി എത്തി ഇന്ത്യൻ വാഹന വിപണിയെ ഞെട്ടിച്ച് ഒല. വെറും 39,999 രൂപക്ക് ബഡ്ജറ്റ് സ്കൂട്ടറുകൾ രംഗത്തെത്തിച്ചാണ് ഒല വാർത്തകളിൽ നിറയുന്നത്. തങ്ങളുടെ ആദ്യത്തെ ബി2ബി-ഓറിയന്റഡ് ഇലക്ട്രിക് സ്കൂട്ടറാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒല ഗിഗ്, ഒല ഗിഗ് പ്ലസ്, ഒല എസ്1 ഇസഡ്, ഒല എസ്1 ഇസഡ് പ്ലസ് എന്നീ മോഡലുകൾ യഥാക്രമം 39,999 രൂപ, 49,999 രൂപ, 59,999 രൂപ, 64,999 രൂപ എക്സ് ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്.
2025 ഏപ്രിൽ മുതൽ ഉപഭോക്താക്കളുടെ കൈകളിലെത്തുന്ന സ്കൂട്ടറിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. താൽപര്യമുള്ളവർക്ക് ഇന്നുമുതൽ 499 രൂപ മുടക്കി ബുക്ക് ചെയ്യാം. അടുത്ത വർഷം ഏപ്രിൽ മുതൽ ഡെലിവറി ആരംഭിച്ചേക്കും. വിദ്യാർഥികൾ, യുവ പ്രഫഷണലുകൾ, പ്രായമായ റൈഡർമാർ എന്നിവരെ ലക്ഷ്യം വച്ചുള്ളതാണ് മോഡലുകൾ. ഒല എസ്1 ഇസഡ് പ്ലസ് ഇ-കൊമേഴ്‌സ്/ ഫുഡ് ഡെലിവറിക്കും മറ്റുമുള്ള വാണിജ്യപരമായ ഉപയോഗത്തിനും അനുയോജ്യമാണ്.
ALSO READ; ആക്ടീവയുടെ ഇലക്ട്രിക് പതിപ്പുമായി വിപണി പിടിക്കാൻ ഹോണ്ട എത്തുന്നു; കൂടെ മറ്റൊരു ഇവി സ്കൂട്ടറും
ഡെലിവറി ജീവനക്കാർക്ക് ഭാരമേറിയ സാധനങ്ങളുമായി കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഒല ഗിഗ് പ്ലസ്. ഗിഗ് പ്ലസിന് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയും 157 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട ബാറ്ററി സപ്പോർട്ടും ലഭിക്കും. എസ്1 ഇസെഡ് 70 കിലോമീറ്റർ വേഗതയും 146 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട ബാറ്ററി സപ്പോർട്ടും ലഭിക്കും.
1.8 സെക്കൻഡിൽ 0-20 കിലോമീറ്റർ വേഗതയും 4.8 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗതയും പുതിയ ഇലക്ട്രിക് സ്‌കൂട്ടർ കൈവരിക്കും. ആപ് ഉപയോഗിച്ച് സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യാനാകും. ഫാസ്റ്റ് ചാർജിങ് പിന്തുണയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.സീറ്റിന്റെ ഉയരം, ഭാരം, ഭാരം വഹിക്കാനുള്ള കഴിവ്, ചക്രങ്ങളുടെ വലുപ്പം തുടങ്ങിയ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here