ഇന്ത്യന്‍ കായിക ചരിത്രത്തെ സമ്പന്നമാക്കിയ ഒളിംപിക്‌സിലെ പെണ്‍പുലികള്‍

പാരിസ് ഒളിംപിക്‌സിലെ ഷൂട്ടിങ്ങിലൂടെ മനു ഭാക്കര്‍ രാജ്യത്തിനു വേണ്ടി മെഡല്‍ നേടിയപ്പോള്‍ ഇന്ത്യന്‍ കായിക രംഗത്ത് കുറിക്കപ്പെട്ടത് മറ്റൊരു അധ്യായം കൂടിയാണ്. ഇന്ത്യയുടെ ഒളിംപിക് സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളപ്പിച്ച ഒരുപറ്റം പെണ്‍പുലികളുടെ കഥയില്‍ നിന്നാണ് ആ അധ്യായം തുടങ്ങുന്നത്. കര്‍ണം മല്ലേശ്വരിയില്‍ നിന്നു തുടങ്ങുന്ന വനിതകളുടെയാ മെഡല്‍വേട്ടയിലൂടെ നാളിതുവരെയായി രാജ്യം വാരിക്കൂട്ടിയത് 9 മെഡലുകളാണ്. ഇന്ത്യയുടെ മെഡല്‍നേട്ടം ഇന്ന് മനു ഭാക്കറില്‍ എത്തി നില്‍ക്കുമ്പോള്‍, അടയാളപ്പെടുത്തുന്നത് ഇന്ത്യന്‍ കായിക
രംഗത്തെ സുവര്‍ണ നിമിഷങ്ങളാണ്. 2000 ത്തിലെ സിഡ്‌നി ഒളിംപിക്‌സില്‍ കര്‍ണം മല്ലേശ്വരിയിലൂടെ ഭാരോദ്വഹനത്തില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയതോടെ തുടക്കമായത് ഒളിംപിക്‌സിലൂടെയുള്ള ഇന്ത്യന്‍ വനിതകളുടെ കായിക കുതിപ്പിനു കൂടിയായിരുന്നു.

ALSO READ: ഒളിംപിക്‌സില്‍ ഒരിക്കല്‍ വീണ കണ്ണീരിന് മധുരപ്രതികാരവുമായി മനു ഭാക്കര്‍; അറിയാം പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെയീ ആദ്യ മെഡല്‍ ജേതാവിനെ

കര്‍ണം മല്ലേശ്വരിയ്ക്കു ശേഷം രാജ്യത്തിനായി മെഡല്‍ കൊണ്ടുവരുന്നത് ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ളൈ എന്ന് വിശേഷിക്കപ്പെടുന്ന സൈന നേവാളാണ്. മെഡല്‍ നേട്ടത്തോടെ, ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായും സൈന മാറി. പിന്നീടൊരു ഇന്ത്യന്‍ വനിത ഒളിംപിക് മെഡല്‍ നേടുന്നത് 2012 ലണ്ടന്‍ ഒളിംപിക്‌സിലാണ്. ബോക്‌സിങില്‍ 51 കിലോഗ്രാം വിഭാഗം ഫ്‌ളൈവെയ്റ്റില്‍ മേരികോമിലൂടെയുള്ള വെങ്കല നേട്ടമായിരുന്നു അത്. രണ്ട് തവണ മെഡല്‍ നേടിയ ഇന്ത്യന്‍ വനിതയാണ് പി.വി. സിന്ധു. ബാഡ്മിന്റണില്‍ 2016 റിയോ ഒളിംപിക്‌സില്‍ വെള്ളി നേടിയും 2020 ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയും സിന്ധു ഇന്ത്യന്‍ വനിതകളുടെ കരുത്ത് കാട്ടി. 2016 റിയോ ഒളിംപിക്‌സിലെ വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ മല്‍സരത്തില്‍ വെങ്കലം നേടി അക്കാലത്ത് സാക്ഷി മാലിക്കും ഗോദയിലെ രാജകുമാരിയായി. 2000ല്‍ കര്‍ണം മല്ലേശ്വരി ഭാരോദ്വഹനത്തിലൂടെ സ്വന്തമാക്കിയ വെങ്കലം 2020 ടോക്കിയോ ഒളിംപിക്‌സില്‍ എത്തിയപ്പോള്‍ സായ്‌കോം മീരബായി ചാനു വെള്ളിയാക്കി മാറ്റി മെഡലിന്റെ മാറ്റ് കൂട്ടി. 2020ല്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ എന്ന വനിത ബോക്‌സിങില്‍ വെങ്കലം നേടി പി.വി.സിന്ധുവിനൊപ്പം ഇന്ത്യയുടെ യശസ്സാവുകയും മേരികോമിന്റെ പിന്‍ഗാമിയാവുകയും ചെയ്തു.

ALSO READ: ‘വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം’; മുഖ്യമന്ത്രി

ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ മനു ഭാക്കറും ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. എന്ന് മാത്രമല്ല, ടോക്കിയോയിലും റിയോയിലും പാരിസിലും ഇന്ത്യയുടെ അക്കൗണ്ട് തുറന്നത് വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്. ഇതില്‍ എടുത്തുപറയേണ്ടത് റിയോ ഒളിംപിക്‌സില്‍ ഇന്ത്യ നേടിയ രണ്ട് മെഡലുകളും വനിതകളുടെ സംഭാവനയാണ് എന്നതാണ്. ബാലവിവാഹം, പ്രാഥമിക വിദ്യാഭ്യാസം നിഷേധിക്കുക, ലിംഗ വിവേചനം, പെണ്‍ഭ്രൂണഹത്യ തുടങ്ങി ഒട്ടേറെ സാമൂഹിക വിപത്തുകള്‍ നിലനില്‍ക്കുന്ന ഈ രാജ്യത്തെ കളിക്കളങ്ങളില്‍ നിന്നും വനിതകള്‍ പൊരുതി നേടുന്ന ഈ ഓരോ നേട്ടങ്ങളും ഒരു കരണത്തടിയാണ്. പെണ്ണിനെ പിന്നാമ്പുറങ്ങളില്‍ തളച്ചിടുന്ന ദുഷ്പ്രവണതകള്‍ക്കെതിരെയുള്ള ഒരു സമരകാഹളമാണ്. ഇനിയും ഒരുപാട് പേരുകള്‍ ഈ പട്ടികയില്‍ കൂടിചേരുമെന്ന് പ്രതീക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News