‘വീട്ടില്‍ അച്ഛനായി മോള്‍ ഐസിയു സംവിധാനം ഒരുക്കി, ഇങ്ങനെയൊരു മകളെ കിട്ടിയതാണ് മഹാഭാഗ്യം’; നയന്‍താരയുടെ അമ്മ

Nayanthara

നയന്‍താരയുടെ പിറന്നാള്‍ ദിനത്തിലാണ് താരത്തിന്റെ വിവാഹ ഡോക്യുമെന്ററി, പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് സ്ട്രീമിംഗ് ചെയ്യാന്‍ ആരംഭിച്ചത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.

ഏറെ വിവാദങ്ങള്‍ക്കിടയിലായിരുന്നു നയന്‍താരയുടെ ഡോക്യുമെന്ററി പുറത്തിറങ്ങിയത്. നടി നയന്‍താരയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയില്‍ താരത്തിന്റെ അമ്മയും നിരവധി സംവിധായകരും അഭിനേതാക്കളും നയന്‍താരയ്ക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നയന്‍താരയെക്കുറിച്ച് അമ്മ ഓമന കുര്യന്‍ പറഞ്ഞ വാക്കുകളാണ്. അച്ഛന്റെ രോഗാവസ്ഥ ഗുരുതരമായപ്പോള്‍ വീട്ടില്‍ ഐസിയു വരെയൊരുക്കി നയന്‍താര ഒപ്പം നിന്നുവെന്ന് ഓമന കുര്യന്‍ പറയുന്നു.

“ഡിഗ്രിക്ക് പഠിക്കുമ്പോള്‍ തന്നെ സിഎയ്ക്ക് പഠിക്കണമെന്ന് മോള്‍ പറഞ്ഞു. കോട്ടയം സിഎംഎസ് കോളജില്‍ ആണ് പഠിക്കുന്നത്. ഞാനും അച്ഛനും കൂടി കാറില്‍ കൊണ്ടുപോകും. അവളുടെ ക്ലാസ് കഴിയുന്നതു വരെ ഞങ്ങള്‍ വെളിയില്‍ കാറില്‍ ഇരിക്കും. നല്ല മിടുക്കിയായി പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് സിനിമയിലേക്കുള്ള വിളി വന്നത്. ഒരു ദിവസം വീട്ടില്‍ ഇരുന്ന് അസൈന്‍മെന്റ് എഴുതുന്ന സമയത്താണ് സത്യന്‍ അന്തിക്കാട് സാറിന്റെ വിളി വരുന്നത്. അദ്ദേഹം വനിതാ മാസികയുടെ കവര്‍ചിത്രം കണ്ടു വിളിക്കുകയായിരുന്നു.

എനിക്ക് ആകെ പേടിയായി. കുടുംബത്തുള്ളവരൊക്കെ എന്തു പറയുമെന്ന് അറിയില്ല. ഞങ്ങള്‍ക്ക് സിനിമയോട് വലിയ അകല്‍ച്ചയില്ലായിരുന്നു. എങ്കിലും കസിന്‍സ് ഉള്‍പ്പെടുന്ന ബന്ധുക്കള്‍ക്ക് മകള്‍ സിനിമയിലേക്ക് പോകുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. ഞാനും അച്ഛനും മോളും കൂടി കുറെ ആലോചിച്ചതിനു ശേഷം പരുമല പള്ളിയില്‍ പോയി പ്രാര്‍ഥിച്ചു. പിന്നെ, പെട്ടെന്നു തന്നെ സിനിമയില്‍ അഭിനയിക്കാം എന്നു തീരുമാനമായി. ഒന്നു രണ്ടു സിനിമകള്‍ ചെയ്തിട്ട് വീണ്ടും പഠിക്കാം എന്നായിരുന്നു തീരുമാനം.

Also Read : ‘അവളുടെ ഫോണ്‍ റിങ് ചെയ്യുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പേടിയാണ്, ആ കോള്‍ വരുമ്പോള്‍ നയന്‍താരയുടെ മൂഡ് പോകും’; തുറന്നുപറഞ്ഞ് നാഗാര്‍ജുന

പക്ഷേ പിന്നെ പഠനമൊന്നും നടന്നില്ല. സിനിമയുടെ ആദ്യ നാളുകളില്‍ ഞങ്ങള്‍ രണ്ടും അവളോടൊപ്പം സെറ്റില്‍ പോകുമായിരുന്നു. പിന്നീട് അച്ഛന്‍ ആയി മകള്‍ക്കൊപ്പം പോകുന്നത്. മൂന്നോ നാലോ തമിഴ് ചിത്രങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അച്ഛനില്‍ ചില മാറ്റങ്ങള്‍ വന്നു തുടങ്ങി. തുടക്കത്തില്‍ ഭക്ഷണം കഴിക്കാനായിരുന്നു ബുദ്ധിമുട്ട്. പതിയെ പതിയെ അദ്ദേഹം കാര്യങ്ങള്‍ മറക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഒന്നര പതിറ്റാണ്ടിലേറെയായി അദ്ദേഹം മോശം ആരോഗ്യാവസ്ഥയിലൂടെ കടന്നു പോകുന്നു. ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ട്. മകന്‍ ദുബായില്‍ താമസമായതിനാല്‍ ഇടയ്ക്കിടെ ഓടിയെത്താന്‍ കഴിയില്ല. പ്രയാസമുണ്ട്.

അതിനാല്‍, നയന്‍താര തന്നെയാണ് ഉത്തരവാദിത്തങ്ങള്‍ നോക്കിനടത്താറുള്ളത്. എത്ര തിരക്കുണ്ടെങ്കിലും മകള്‍ ഓരോ ദിവസവും മൂന്നോ നാലോ തവണയെങ്കിലും വീട്ടിലേക്ക് ഫോണ്‍ ചെയ്യും. അമ്മയ്ക്കും അച്ഛനും സുഖമാണോ എന്ന് തിരക്കും. എന്തു വിഷമം ഉണ്ടെങ്കിലും, എന്നോടാകും വിളിച്ചു സംസാരിക്കുക. വീട്ടില്‍ അച്ഛനായി ഒരു ഐസിയു സംവിധാനം തന്നെ മോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഏതു നേരത്തും പ്രവര്‍ത്തനസജ്ജമാണ്. അദ്ദേഹത്തെ പരിപാലിക്കുന്നത് ഞാന്‍ തന്നെയാണ്. എത്ര തിരക്കുണ്ടെങ്കിലും അച്ഛനെയും എന്നെയും മകള്‍ പൊന്നുപോലെയാണ് നോക്കുന്നത്.

ഇങ്ങനെ ഒരു മകളെ കിട്ടിയതാണ് ഞങ്ങളുടെ മഹാഭാഗ്യം. അതുപോലെ തന്നെ ഞാന്‍ ഏറെ ആഗ്രഹിച്ചതു പോലെ വളരെ നല്ലൊരു മരുമകനെ തന്നെയാണ് വിഘ്‌നേഷ് ശിവനിലൂടെ കിട്ടിയത്. മകള്‍ക്ക് അവളെ മനസിലാക്കുന്ന, സ്‌നേഹമുള്ള ഒരു ഭര്‍ത്താവിനെ കിട്ടണമെന്ന് ഞാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് കിട്ടിയതും.

ചെട്ടിക്കുളങ്ങര ക്ഷേത്രം അടുത്താണ്. രാവിലെ എഴുന്നേറ്റാലുടനെ ക്ഷേത്രത്തില്‍ പോയാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. യേശുവിനെയും പ്രാര്‍ഥിക്കും. ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്. ഇവള്‍ കയ്യില്‍ നിന്നു പോയി എന്ന് വിചാരിച്ച സമയങ്ങളുണ്ടായിരുന്നു.

ആ സമയത്ത് ഒത്തിരി വിഷമം ഉണ്ടായിരുന്നു. ഞാന്‍ അവിടെയിരുന്നങ്ങ് പ്രാര്‍ഥിച്ചു. ‘എനിക്കെന്റെ മോളെ തിരിച്ച് തരണം, വേറൊന്നും തരണ്ട’ എന്നു പ്രാര്‍ഥിച്ചു. എന്റെ മോളെ എനിക്കറിയാം. ദൈവം കഴിഞ്ഞാല്‍ എനിക്കാണ് അവളെ അറിയുന്നത്. ഒരു ദോഷവും വരില്ലെന്ന് എനിക്കറിയാം. ദൈവം നമുക്ക് ജീവിക്കാന്‍ ധൈര്യം തന്നിട്ടുണ്ടെന്ന് അവള്‍ പറഞ്ഞിട്ടുണ്ട്”- ഓമന കുര്യന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News