അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വ്യാഴാഴ്ച്ച വിധി പറയും. അപ്പീല്‍ പരിഗണിക്കവേ സൂറത്ത് സെഷന്‍സ് കോടതിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് അരങ്ങേറിയത്. രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതിനിടെ സൂറത്ത് സെഷന്‍സ് കോടതി സാക്ഷ്യം വഹിച്ചത് രൂക്ഷമായ വാദപ്രതിവാദത്തിനാണ്.
വാദം പൂര്‍ത്തിയാക്കിയാണ് അപ്പീല്‍ ഈ മാസം 20 ന് വിധി പറയാനായി മാറ്റിയത്. രാഹുല്‍ ഗാന്ധിക്ക് അഹങ്കാരമാണെന്നും ശിക്ഷാ വിധി കേട്ടിട്ട് പോലും രാഹുല്‍ വീണ്ടും കോടതിക്കെതിരെ സംസാരിക്കുകയാണെന്നും കേസിലെ പരാതിക്കാരനായ പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ ഹര്‍ഷിത് തോലിയ കോടതിയില്‍ വാദിച്ചു.
വലിയ നേതാവാണ് രാഹുല്‍ ഗാന്ധി, പക്ഷേ ഒരു ഖേദപ്രകടനം നടത്താന്‍ തയ്യാറല്ല. ശിക്ഷിക്കപ്പെട്ട വ്യക്തി മാത്രം അപ്പീല്‍ തരാന്‍ വരേണ്ടതിന് പകരം പാര്‍ട്ടിക്കാരെ മുഴുവന്‍ കൂട്ടിവന്ന് കോടതിയെ സമ്മര്‍ദത്തിലാക്കാന്‍ നോക്കിയെന്നും തോലിയ ചൂണ്ടിക്കാട്ടി. എന്നാല്‍ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും വളരെ കഠിനമായി പ്രതികരിച്ചുവെന്നും രാഹുലിന്റെ അഭിഭാഷകന്‍ ആര്‍എസ്. ചീമ കോടതിയില്‍ പറഞ്ഞു.
സുപ്രീംകോടതി മുന്നറിയിപ്പ് തന്നതല്ലേ, എന്നിട്ടും നിങ്ങള്‍ക്കൊന്നും മനസ്സിലായില്ലെന്ന് വിചാരണ ജഡ്ജി പറഞ്ഞതും ഞെട്ടലുളവാക്കി. പ്രസംഗത്തില്‍നിന്ന് ഒരുഭാഗം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തതാണ് ഈ കേസ്. കേസ് നിയമപരമായി നിലനില്‍ക്കില്ല, പരാതിക്കാരനായ പൂര്‍ണേഷ് മോദിയെ കോലാറിലെ പ്രസംഗവുമായി ബന്ധപ്പെടുത്താന്‍ കഴിയില്ല. അധികാരപരിധിയില്‍ പ്രശ്‌നമുണ്ടെന്നും ചീമ വാദിച്ചു. ഇരുപക്ഷത്തേയും വാദങ്ങള്‍ കേട്ടശേഷമാണ് കോടതി അപ്പീല്‍ വിധി പറയുന്നതിനായി മാറ്റിയത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here