ഒന്നര ലക്ഷത്തിലേറെ പുതിയ ജോലികള്‍ രാജ്യത്തെ ടെക്-മാനുഫാക്ച്ചറിംഗ് മേഖലയില്‍ ഈ സാമ്പത്തികവര്‍ഷം ഉണ്ടാകുമെന്ന് പ്രതീക്ഷ

കൂടുതല്‍ ടെക്-മാനുഫാക്ചറിംഗ് കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനായി സര്‍ക്കാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. 1,50,000 പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം രാജ്യത്ത് സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി ഇക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍നിര ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ വലിയ തോതിലുള്ള നിയമനത്തിനായി പദ്ധതിയിടുന്നതായി ഈ സ്ഥാപനങ്ങളിലെ റിക്രൂട്ടിംഗ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നുള്ള ഉദ്പാദനത്തിന്റെ ആഗോള മാറ്റവും കേന്ദ്രസര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയുമാണ് പുതിയ മാറ്റങ്ങളിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ സാമ്പത്തിക വര്‍ഷം മാനുഫാക്ച്ചറിംഗ് മേഖലയില്‍ സൃഷ്ടിക്കപ്പെടുന്ന 1,20,000 മുതല്‍ 1,50,000 വരെയുള്ള തൊഴിലവസരങ്ങളില്‍ എകദേശം 30,000 മുതല്‍ 40,000 വരെയുള്ള തൊഴിലവസരങ്ങള്‍ നേരിട്ടുള്ളവയും ബാക്കിയുള്ളവ പരോക്ഷമായ തൊഴില്‍ അവസരങ്ങളും ആയിരിക്കുമെന്നാണ് പ്രമുഖ സ്റ്റാഫിംഗ് കമ്പനികള്‍ പറയുന്നത്.

സാംസങ്ങ്, നോക്കിയ, ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗാചട്രോണ്‍, ടാറ്റാ ഗ്രൂപ്പ്, സാല്‍കോംപ് തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ ഇന്ത്യയില്‍ അവരുടെ തൊഴില്‍ശക്തി വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്പന്നങ്ങളുടെ ഡിമാന്റ് വര്‍ദ്ധന പ്രതീക്ഷിച്ച് ഇന്ത്യയിലെ മൊബൈല്‍ നിര്‍മ്മാതാക്കള്‍ നിയമനങ്ങള്‍ പുന:സ്ഥാപിച്ചു. ചിപ്പ് ക്ഷാമത്തിന്റേതായ സപ്ലൈ ചെയിന്‍ വിഷയം ഈ കമ്പനികളെ ഇപ്പോള്‍ അലട്ടുന്നതായി തോന്നുന്നില്ല. സാങ്കേതിക വിദഗ്ധര്‍, സൂപ്പര്‍വൈസര്‍മാര്‍, ഗുണനിലവാരം ഉറപ്പുനല്‍കുന്ന പ്രൊഫൈലുകള്‍ എന്നിവയുടെ ആവശ്യം കഴിഞ്ഞ രണ്ട് സാമ്പത്തിക പാദങ്ങളിലെ ഡിമാന്റിനെ അപേക്ഷിച്ച് ഇരട്ടിയായി ഉയര്‍ന്നതായി പ്രമുഖ എച്ചആര്‍ സര്‍വ്വീസായ സിയാലിന്റെ സിഇഒ ആദിത്യ നാരായണ്‍ മിശ്ര വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here