‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’: കേന്ദ്രത്തിന് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടക്കെതിരെ ജനാധിപത്യ സമൂഹം മുന്നോട്ടുവരണം- മുഖ്യമന്ത്രി

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം കേന്ദ്രത്തിന് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയാണെന്നും ജനാധിപത്യ സമൂഹം ഇതിനെതിരെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇന്ത്യയെന്ന ആശയവും പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയും ഭരണഘടനാ മൂല്യങ്ങളും കനത്ത ഭീഷണി നേരിടുകയാണ്. ആ ഭീഷണിയെ കൂടുതല്‍ രൂക്ഷമാക്കുന്നതാണ് ഇപ്പോള്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം.
ഫെഡറല്‍ സംവിധാനത്തിന് തുരങ്കം വെച്ച് കേന്ദ്രത്തിന് സര്‍വ്വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് സംഘപരിവാറിന്റേത്.

Also Read: രാഷ്ട്രപതിയുടെ അത്താഴ വിരുന്ന്; ക്ഷണക്കത്തിനെ ചൊല്ലി വിവാദം

തങ്ങള്‍ക്ക് ഹിതകരമല്ലാത്ത സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തി കുറുക്കുവഴിയിലൂടെ സംസ്ഥാന ഭരണം കയ്യാളാനുള്ള നീക്കമാണിത്. ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തിന്റെ നെടുംതൂണുകളില്‍ ഒന്നായ രാജ്യസഭയുടെ പ്രസക്തിയെ തന്നെ സംഘപരിവാര്‍ ഇതിലൂടെ ചോദ്യം ചെയ്യുകയാണ്. വ്യത്യസ്ത ഘട്ടങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കക്ഷി നിലകളാണ് രാജ്യസഭയിലെ പ്രാതിനിധ്യത്തെ നിരന്തരം പുതുക്കുന്നത്. ലോകസഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടക്കുന്നതുവഴി രാജ്യസഭയുടെ രാഷ്ട്രീയ വൈവിധ്യസ്വഭാവം ഇല്ലാതായി മാറുകയാണ് ചെയ്യുക.

ഈ വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയഭീതിയില്‍ നിന്നാണ് സംഘപരിവാര്‍ തിടുക്കത്തില്‍ ഇത്തരമൊരു നീക്കത്തിലേക്കെത്തിയതെന്ന് വ്യക്തമാണ്. ഈ സംസ്ഥാനങ്ങളില്‍ തിരിച്ചടിയുണ്ടായാല്‍ അത് വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെ ബാധിക്കുമെന്നും എന്‍ഡിഎക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നുമുള്ള രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ് സംഘപരിവാറിനെ പരിഭ്രാന്തരാക്കിയത്. എന്നാല്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്നതുപോലെ രാജ്യത്തെ തെരഞ്ഞെടുപ്പ് വ്യവസ്ഥ പൊളിച്ചെഴുതാന്‍ ഇന്ത്യന്‍ ഭരണഘടനയും പാര്‍ലമെന്ററി ജനാധിപത്യ ക്രമവും അനുവദിച്ചു കൊടുക്കില്ല എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.

Also Read: നമ്മുടെ വിദ്യാഭ്യാസ മേഖല വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതായി മാറിയതിനു പിന്നിൽ അധ്യാപകരുടെ കഠിന പ്രയത്നമുണ്ട്: മുഖ്യമന്ത്രി

ജനാധിപത്യ രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കപ്പെടേണ്ടതുണ്ട്. ഭരണഘടനാമൂല്യങ്ങളെ കാറ്റില്‍ പറത്തി പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലെ വൈവിധ്യ സ്വഭാവത്തെ ഇല്ലാതാക്കാന്‍ ഉന്നം വെച്ചുള്ള ഇത്തരം നടപടികള്‍ക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News