ബിഹാറില്‍ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് തുടങ്ങിയ സംഘര്‍ഷം തുടരുന്നു. ശനിയാഴ്ച രാത്രി നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നളന്ദ, റോഹ്താഹ് ജില്ലകളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസുകാരന്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു. നളന്ദയിലെ ബിഹാര്‍ ഷെരിഫില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ പ്രായപൂര്‍ത്തിയാകാത്ത ആളെ പട്‌ന മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.
ക്രമസമാധാനം നിയന്ത്രിക്കാനായി നളന്ദയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണങ്ങളെ തുടര്‍ന്ന് 80 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് നളന്ദ ജില്ലാ കളക്ടര്‍ അറിയിച്ചു. ജനങ്ങളെ ശാന്തരാക്കാന്‍ പ്രദേശത്തെ സമുദായ നേതാക്കളുമായി യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്ത് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നു. ആരെങ്കിലും മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നുണ്ടോ എന്നറിയാന്‍ സമൂഹ മാധ്യമങ്ങള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
രോഹ്തഹിലെ സസറാമിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ക്കാണ് പരിക്കേറ്റത്. സസറാമിലെ ഒരു വീട്ടിലാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് പറഞ്ഞു. അനധികൃത സ്‌ഫോടന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ ഉണ്ടായ സ്‌ഫോടനത്തിലാണ് ആറുപേര്‍ക്ക് പരിക്കേറ്റത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here