സന്നിധാനത്ത് ജലമെത്തിക്കാന്‍ കുന്നാര്‍ ഡാമില്‍നിന്ന് ഒരു പൈപ്പ് ലൈന്‍ കൂടി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

sabarimala

ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാര്‍ ഡാമില്‍ നിന്ന് ഒരു പൈപ്പ് ലൈന്‍ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്ത് പറഞ്ഞു. കുന്നാര്‍ ഡാം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുന്നാര്‍ ഡാമില്‍നിന്ന് ശുദ്ധജലമെത്തിക്കുന്നതിനായി രണ്ടു പൈപ്പ് ലൈനുകളാണ് സന്നിധാനത്തേക്ക് ഉണ്ടായിരുന്നത്. 2018ലെ പ്രളയത്തില്‍ ഇതിലൊന്ന് തകര്‍ന്നുപോയിരുന്നു. ജലവിതരണം സുഗമമാക്കാനായി ഒരു പൈപ്പ് ലൈന്‍ കൂടി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ അനുമതിക്കായുള്ള നടപടി തുടരുകയാണ്. കുന്നാര്‍ ഡാമില്‍നിന്ന് ജലം എത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കാമെന്ന് ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ALSO READ: http://എസ്ഡിപിഐ പരിപാടിയിൽ പങ്കെടുത്ത സംഭവം; മാപ്പ് പറഞ്ഞ് തടിയൂരാൻ ലീഗ് നേതാവിന്‍റെ ശ്രമം

സന്നിധാനത്ത് കുടിവെള്ളം എത്തിക്കുന്നതിനായി 1953ലാണ് കുന്നാര്‍ ഡാം കമ്മീഷന്‍ ചെയ്തത്. സന്നിധാനത്തിന് എട്ടു കിലോമീറ്റര്‍ അകലെ പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് ഡാം സ്ഥിതിചെയ്യുന്നത്. മലമുകളില്‍നിന്നുള്ള ജലം ഡാം കെട്ടി പൈപ്പ് മുഖേനയാണ് സന്നിധാനത്തേക്ക് എത്തിക്കുന്നത്. വൈദ്യുതിയോ മോട്ടോറോ ഉപയോഗിക്കാതെ ഗുരുത്വകര്‍ഷണബലത്താലാണ് വെള്ളം സന്നിധാനത്തെ പാണ്ടിത്താവളത്തുള്ള ജലസംഭരണികളില്‍ എത്തുന്നത്. ഇവിടെനിന്നാണ് വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നത്.

ALSO READ: സ്ഥിരവരുമാനക്കാരുടെ എണ്ണത്തിൽ കേരളം മുന്നിലെത്താനുള്ള കാരണം മികച്ച തൊഴിൽ അന്തരീക്ഷം: മന്ത്രി വി ശിവൻകുട്ടി

വനത്തിനുള്ളിലൂടെ കാല്‍നടയായേ ഡാമില്‍ എത്താനാകൂ. പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല. പൊലീസും വനംവകുപ്പും കനത്ത സുരക്ഷയാണ് ഡാമില്‍ ഒരുക്കിയിട്ടുള്ളത്. കുന്നാര്‍ ഡാമിലെ ജലവിതരണസംവിധാനങ്ങളുടെ പ്രവര്‍ത്തനം ദേവസ്വം പ്രസിഡന്റും എന്‍ജിനീയര്‍മാരും വിലയിരുത്തി.
ദേവസ്വം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. ശ്യാമപ്രസാദ്, ഇലക്ട്രിക്കല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി. രാജേഷ് മോഹന്‍, എ.ഇ.ഒ. ശ്രീനിവാസന്‍ നമ്പൂതിരി എന്നിവര്‍ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News