ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനൊരുങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍. വിഷയം പഠിക്കാന്‍ നിയോഗിച്ച മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറി. ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനും, സമൂഹത്തിനും ഇത് ഗുണകരമാണെന്ന് വ്യക്തമാക്കുന്ന പതിനെണ്ണായിരത്തോളം പേജുളള റിപ്പോര്‍ട്ടാണ് കൈമാറിയത്.
ഏകീകൃത സിവില്‍കോഡിനും പൗരത്വ നിയമഭേദഗതിക്കും പിന്നാലെ ആര്‍എസ്എസിന്റെ മറ്റൊരു അജണ്ടയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്തുക എന്നതാണ് ലക്ഷ്യം. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ 2029ഓടെ നടപ്പാക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.
ഇവ നടപ്പാക്കുന്നതിന്റെ ഭാഗമായി നിയോഗിച്ച മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് പഠന റിപ്പോര്‍ട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സമര്‍പ്പിച്ചത്. സമിതിയംഗങ്ങളായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, എന്നിവരും കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളും രാഷ്ട്രപതി ഭവനിലെത്തിയിരുന്നു.
എട്ട് വാല്യങ്ങളില്‍ ആയി 18000-ത്തോളം പേജുള്ള റിപ്പോര്‍ട്ടില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്തണമെന്ന അനുകൂല അഭിപ്രായമാണുളളതെന്നാണ് വിവരം. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും സമൂഹത്തിനും ഗുണകരമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇവ നടപ്പാക്കാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയിലെ ആറ് അനുഛേദങ്ങളില്‍ മാറ്റം വരുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തേ റിട്ടയേര്‍ഡ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുളള നിയമ കമ്മീഷനും അനുകൂല റിപ്പോര്‍ട്ട് കൈമാറിയിരുന്നു. എന്നാല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം, കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നും തെരഞ്ഞെടുപ്പുകളില്‍ പ്രാദേശിക വിഷയങ്ങള്‍ അപ്രസക്തമാകുമെന്നും പ്രതിപക്ഷം വിമര്‍ശിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here