ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നായ നെല്‍പ്പറ നിറയ്ക്കല്‍ വഴിപാടിന് തിരക്കേറി. പറ നിറയ്ക്കുന്നതിലൂടെ തീർഥാടകനും കുടുംബത്തിനും ഐശ്വര്യം വന്നുചേരും എന്നാണ് സങ്കല്‍പം. പതിനെട്ടാം പടി കയറി വരുമ്പോള്‍ കൊടിമരത്തിന് സമീപമാണ് തീർഥാടകർക്ക് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുള്ളത്.
മലയാളികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീർഥാടകരും ഒരുപോലെ പറനിറയ്ക്കല്‍ വഴിപാട് ചെയ്തുവരുന്നതായി ശബരിമല കീഴ്ശാന്തി എസ്. കൃഷ്‌ണൻ പോറ്റി പറഞ്ഞു. ഇതോടൊന്നിച്ചുള്ള നാണയപ്പറയും വിശ്വാസികളെ ആകർഷിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഒരു ദിവസം ശരാശരി അഞ്ഞൂറില്‍പ്പരം തീർഥാടകരാണ് ശബരിമലയിൽ നെല്‍പ്പറ നിറയ്ക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ശബരിമല മണ്ഡലപൂജയ്ക്ക് ഒരുങ്ങുന്നതോടെ തീർഥാടകരുടെ തിരക്ക് കണക്കിലെടുത്തുകൊണ്ടുള്ള ഒരുക്കങ്ങൾ ചെയ്തു കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
ഡിസംബർ 22 മുതലുള്ള ദിവസങ്ങളിൽ വലിയ തിരക്കാണ് ശബരിമലയിൽ അധികൃതർ പ്രതീക്ഷിക്കുന്നതെന്നും മണ്ഡലപൂജ, തങ്കയങ്കി ദീപാരാധന എന്നിവയ്ക്ക് പുറമേ സ്കൂൾ അവധിക്കാലം കൂടി പരിഗണിച്ചു കൂടുതൽ ഭക്തർ മല കയറുമെന്നുമാണ് അധികൃതർ കണക്കാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here