ലോകത്തെ ഏറ്റവും വലിയ മനുഷ്യക്കുരുതികളിലൊന്നിന് ഇന്ന് ഒരാണ്ട് തികയുന്നു. ഫലസ്തീനിലെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ടിന് ഒരു അറുതിയുമായിട്ടില്ല. ലോകത്തെ നോക്കുകുത്തിയാക്കി അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെ കുട്ടികളും സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെ മനുഷ്യരെ അരിഞ്ഞുതള്ളുന്ന ദുരിതകാഴ്ചയാണ് പശ്ചിമേഷ്യയില്‍.
Also Read: ഇസ്രയേലിനുള്ള ആയുധ വില്‍പ്പന നിരോധിക്കണമെന്ന് മാക്രോണ്‍; കയറ്റുമതി നിര്‍ത്തിവച്ച് ഫ്രാന്‍സ്
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തിന് മറുപടി എന്ന നിലയ്ക്ക് തുടങ്ങിയതാണ് ഈ അധിനിവേശം. പതിറ്റാണ്ടുകളായി അനീതി നിറഞ്ഞ പിടിച്ചുപറിക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഫലസ്തീനികളെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന കാഴ്ചകള്‍ക്കാണ് പിന്നീട് ലോകം സാക്ഷ്യംവഹിച്ചത്. മാധ്യമപ്രവര്‍ത്തകരെയും ആരോഗ്യ പ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും ഇല്ലാതാക്കിക്കൊണ്ടാണ് കണ്ണില്ലാത്ത ക്രൂരത നടമാടുന്നത്.
ആശുപത്രികളും ആംബുലന്‍സുകളും സ്‌കൂളുകളും അഭയാര്‍ഥി ക്യാമ്പുകളും ഇസ്രയേല്‍ നിരന്തരം തകര്‍ക്കുകയും വാസയോഗ്യമല്ലാത്ത കോണ്‍ക്രീറ്റ് കൂമ്പാരമായി ഗാസയെ മാറ്റുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും തൃണവത്ഗണിച്ചുള്ള ഈ നരനായാട്ടിന് ആര്‍ക്കും തടയിടാനാകുന്നില്ലെന്നതാണ് വസ്തുത.
Also Read: യെമനിൽ അമേരിക്കൻ വ്യോമാക്രമണം
അമേരിക്കയും പാശ്ചാത്യ ശക്തികളും ആളും അര്‍ഥവും നല്‍കി നടത്തുന്നതാണ് ഈ ക്രൂരതകള്‍. അതിനാല്‍, പിഞ്ചുകുഞ്ഞുങ്ങളുടെയും വയോധികരുടെയും കണ്ണീരിന് അവരും മറുപടി നല്‍കേണ്ടതുണ്ട്. ഹമാസിനെ ഇല്ലാതാക്കി ദിവസങ്ങള്‍ക്കകം ആക്രമണം അവസാനിപ്പിക്കുമെന്ന് പറഞ്ഞുതുടങ്ങിയ ഇസ്രയേലിന് ആ ലക്ഷ്യം നേടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, സാധാരണക്കാരെ ഉന്നമിടുന്നത് നിര്‍ബാധം തുടരുകയുമാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 41,870 പേരാണ് മരിച്ചത്. 97,166 പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 69 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. 16,756 കുട്ടികളും 11,346 സ്ത്രീകളും കൊല്ലപ്പെട്ടു.
ഗാസയില്‍ നിന്ന് തുടങ്ങി ലെബനാനിലേക്കും ഇറാനിലേക്കും ആക്രമണം വ്യാപിപ്പിക്കാനാണ് ഇസ്രയേലിന്റെ നീക്കം. അത് പശ്ചിമേഷ്യ മുഴുവനായി കീഴടക്കുന്നതില്‍ കലാശിക്കുമോയെന്ന് കണ്ടറിയേണ്ടി വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here