ഉത്സവ സീസണിന് മുന്നോടിയായി രാജ്യത്ത് ഉള്ളി വില കുതിച്ചുയർന്നതിനാൽ ഡൽഹിയിൽ കരുതൽ ശേഖരമെത്തിച്ച് കേന്ദ്രം. മഹാരാഷ്ട്രയിൽ നിന്ന് കാണ്ട എക്സ്പ്രസ് ട്രെയിനിലാണ് 1,600 ടൺ സവാള എത്തിച്ചത്. 56 ട്രക്കുകൾക്ക് തുല്യമായ പ്രത്യേക റേക്ക് ആണ് ട്രെയിനിലുണ്ടായിരുന്നത്.
മഹാരാഷ്ട്ര നാസിക്കിലെ ലാസൽഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഡൽഹിയിലെ കിഷൻഗഞ്ച് റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ എത്തിയത്. ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) സ്റ്റോക്കുകൾ എത്തിക്കും. ഇവിടങ്ങളിൽ ഉള്ളി വില കിലോയ്ക്ക് 75 രൂപയായി ഉയർന്നിട്ടുണ്ട്.
നാഗാലാൻഡ്, അസം, മണിപ്പൂർ എന്നിവയുൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ലഖ്‌നൗ, വാരണാസി എന്നിവിടങ്ങളിലേക്കും ബഫർ സ്റ്റോക്ക് എത്തിക്കും. നാസിക്കിൽ നിന്ന് ഡൽഹിയിലേക്ക് ഒരു റേക്കിന് റെയിൽ മാർഗം 70.20 ലക്ഷം രൂപ ചെലവ് വരുമ്പോൾ റോഡ് മാർഗം 84 ലക്ഷം രൂപ ചെലവ് വരും. ഈ വർഷം റാബി കാലത്ത് 4.7 ലക്ഷം ടൺ ഉള്ളി സംഭരിക്കുകയും കിലോയ്ക്ക് 35 രൂപ നിരക്കിൽ ചില്ലറ വിൽപ്പനയ്ക്ക് അനുവദിക്കുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here