ലോക്‌സഭ തെരഞ്ഞെടുപ്പില്‍, സംസ്ഥാനത്ത് പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയുണ്ടാക്കുമെന്ന വിശകലന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ഓണ്‍ മനോരമ വെബ്‌സൈറ്റ്. മനോരമയുടെ ഇംഗ്ലീഷ് വാര്‍ത്താപോര്‍ട്ടലായ ഓണ്‍ മനോരമ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍, സമാനമായ വാര്‍ത്ത നല്‍കാന്‍ മനോരമ ദിനപത്രമേ അവരുടെ മലയാളം ഓണ്‍ലൈനോ വാര്‍ത്താചാനലോ തയ്യാറായില്ല.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണത്തെ പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് കോൺഗ്രസിനും സഖ്യകക്ഷികൾക്കും ആശങ്കയുണ്ടാക്കുന്നു. വന്‍ ആത്മവിശ്വാസത്തോടെയിരുന്ന കോൺഗ്രസിനും യുഡിഎഫ് മുന്നണിക്കും തന്നെ അനുകൂലമായ ഒരു തരംഗവും സംസ്ഥാനത്തുണ്ടായിട്ടില്ലാ എന്നും കണക്കുകളെ ഉദ്ദരിച്ച് ഓണ്‍ മനോരമ നല്‍കിയ വിശകലനം ചൂണ്ടിക്കാട്ടുന്നു.
‘യുഡിഎഫിന്‍റെ ആവേശം കെടുത്തുന്ന പോളിങ് ശതമാനം’
സംസ്ഥാനം വൻതോതിൽ വോട്ട് രേഖപ്പെടുത്തിയ 2019ല്‍ 20ൽ 19 സീറ്റ് നേടി യുഡിഎഫ് മികച്ച വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 77.84 ശതമാനമാണ് കേരളം രേഖപ്പെടുത്തിയതെങ്കിലും ഇക്കുറി അത് 70 ശതമാനമാണ്. സംസ്ഥാനത്ത് ഇത്തവണ 20 സീറ്റുകളിലും തങ്ങൾ വിജയിക്കുമെന്ന് അവകാശവാദം ഉന്നയിച്ച പ്രതിപക്ഷത്തിന്‍റെ ആവേശം കെടുത്തുന്നതാണ് പോളിങ് ശതമാനത്തിലെ കുറവ്. സംസ്ഥാന സർക്കാരിനെതിരായ വികാരമുണ്ടാക്കി അതിലൂടെ മുതലെടുപ്പ് നടത്താമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷയർപ്പിച്ചിരുന്നതെങ്കിലും അത് വേണ്ടത്ര ഫലിച്ചില്ലെന്നാണ് മനോരമയുടെ ഇംഗ്ലീഷ് പോര്‍ട്ടല്‍ നല്‍കുന്ന വിശകലനത്തില്‍ നിന്നും വ്യക്തമാകുന്നത്.
ചരിത്രം പരിശോധിച്ചാൽ, കുറഞ്ഞ പോളിങ് കോൺഗ്രസിൻ്റെ പ്രതീക്ഷകൾ വോട്ടായി മാറില്ലെന്നാണ് സൂചിപ്പിക്കുന്നതെന്നും ഓണ്‍ മനോരമ വ്യക്തമാക്കുന്നു. പോളിങ് ശതമാനം 75ലോ അതിലധികമോ ഉയര്‍ന്നപ്പോള്‍ കോൺഗ്രസിനും മുന്നണിക്കും അത് അനുകൂലമായിരുന്നു. 70 ശതമാനത്തില്‍ എത്തിയപ്പോള്‍ യുഡിഎഫിനും സിപിഐഎം നയിക്കുന്ന ഇടതുമുന്നണിക്കും സമനിലയായിരുന്നുവെന്ന ചരിത്രം ഓര്‍മിക്കുക്കുന്നുമുണ്ട് റിപ്പോര്‍ട്ടില്‍. അതേസമയം, മലയാളത്തില്‍ ഈ വസ്‌തുത തുറന്നുപറയാത്ത മനോരമ പത്രം, ഓണ്‍ലൈന്‍, വാര്‍ത്താചാനല്‍ എന്നിവയ്‌ക്കെതിരെ വന്‍ പരിസാഹമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്.
ഉയരുന്നത് വന്‍ പരിഹാസം
മലയാള മനോരമ പോളിങ്ങിന് ശേഷം മലയാളത്തിൽ എഴുതാതെ ഇംഗ്ലീഷിൽ എഴുതി എന്ന തലക്കെട്ടോടെയാണ് സുധീര്‍ ഇബ്രാഹിം എഫ്‌ബി കുറിപ്പ് പങ്കുവെച്ചത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെയാണ്. – ” മലയാള മനോരമ പോളിങ്ങിന് ശേഷം മലയാളത്തിൽ എഴുതാതെ ഇംഗ്ലീഷിൽ എഴുതിയത്…. 1- വലിയ ആത്മവിശ്വാസം പ്രതീക്ഷയും വെച്ച് പുലർത്തിയിരുന്ന കോൺഗ്രസും യുഡിഎഫും പക്ഷേ പ്രതീക്ഷിച്ചത് പോലെ അനുകൂലമായ ഒരു തരംഗം ഉണ്ടായിട്ടില്ല എന്നാണ് കരുതുന്നത്…!. 2-ഇരുപത് സീറ്റിലും തങ്ങൾ വിജയിക്കും എന്ന് കരുതിയ പ്രതിപക്ഷത്തിന്റെ ആവേശം കെടുത്തുന്നതായി പോളിങ് ശതമാനത്തിന്‍റെ കുറവ്..!
3 – സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അത് തങ്ങൾക്ക് ഗുണകരമാകുമെന്നും കണക്ക് കൂട്ടിയിരുന്നെങ്കിലും ആ പ്രതീക്ഷകൾ വോട്ടായില്ല എന്നാണ് നിഗമനം…!. അതെന്താടാ… ഇപ്പോൾ അങ്ങനെ ഒരു ടോക്ക്…. സർവേയിൽ നീയൊക്കെ ഇങ്ങനെയല്ലല്ലോ പറഞ്ഞത്….!!”. – സുധീര്‍ ഇബ്രാഹിം എഫ്‌ബി കുറിപ്പില്‍ പറയുന്നു.
ഓണ്‍ മനോരമയില്‍ പറയുന്ന മറ്റ് കണക്കുകള്‍ ഇങ്ങനെ
ഒരു പൊതുവിശകലനം കണക്കിലെടുത്താല്‍ ഉയർന്ന വോട്ടിങ് ശതമാനം പലപ്പോഴും വന്‍ തരംഗത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതൊരു മുന്നണിക്ക് വ്യക്തമായ മേൽക്കൈ നൽകുന്നതാണ്. കേരളത്തില്‍ അത് പലപ്പോഴും യുഡിഎഫിന് അനുകൂലമാണ്. അതേസമയം 2019ല്‍ പോളിങ് ഉയര്‍ത്തിയ രണ്ട് ഘടകങ്ങൾ ഒന്ന് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉയര്‍ത്തിയ ആവേശം. രണ്ട് – ശബരിമല സുപ്രീംകോടതി വിധി. 78 ശതമാനം പോളിങ് കണക്ക് യുഡിഎഫ് അനുകൂല തരംഗത്തിന് സഹായിച്ചു. 2019 ലെ പോളിങ് ശതമാനം 1984 ലെ 77.10% എന്ന കണക്കിന് അടുത്തായിരുന്നു. കോൺഗ്രസ് 13 സീറ്റുകളും സഖ്യകക്ഷിയായ ലീഗിന് രണ്ടും നോടാനായി.
ഇന്ദിര വധത്തിന് ശേഷം നടന്ന 1984 ലെ തെരഞ്ഞെടുപ്പ് ജനവികാരം ഉയര്‍ത്തി. രാജ്യത്ത് 404 സീറ്റ് നേടാനായി. കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ ജനവിധി അതിലൂടെ ലഭിച്ചു. 1989-ൽ നടന്ന തെരഞ്ഞെടുപ്പില്‍ കേരളം വൻതോതിൽ പോളിങ് രേഖപ്പെടുത്തി. 79.3 ശതമാനമായി അത് ഉയര്‍ന്നു. അന്ന് 17 സീറ്റാണ് യുഡിഎഫ് നേടിയത്. കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് 14 സീറ്റ് നേടി. 1991ൽ വോട്ടിങ് ശതമാനം 73.3 ആയി കുറഞ്ഞെങ്കിലും 16 സീറ്റുമായി യുഡിഎഫിന് അനുകൂലമായിരുന്നു ജനവിധി. പിന്നീട് വന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും പോളിങ് ശതമാനം 70 ആയി. യുഡിഎഫിനും എൽഡിഎഫിനും മേല്‍ക്കൈ നേടാനായില്ല. 1996-ൽ 71.10% പോളിങ് രേഖപ്പെടുത്തിയപ്പോൾ യുഡിഎഫും എൽഡിഎഫും 10 സീറ്റുകൾ നേടി.
1998ല്‍ 70.70 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. യുഡിഎഫ് 11, എൽഡിഎഫ് 9 എന്നായിരുന്നു ആ വര്‍ഷത്തെ ഫലം. 1999-ൽ 70.20% പോളിങ്. 11 സീറ്റുകൾ യുഡിഎഫിനും ബാക്കി ഒൻപത് സീറ്റുകൾ എൽഡിഎഫിനും സ്വന്തമാക്കാനായി. 2004-ൽ, 71.20% പോളിങ്ങായപ്പോള്‍ 20ൽ 19 സീറ്റും നേടി ജനവിധിയില്‍ വ്യക്തമായ മുന്നേറ്റം നേടാന്‍ എല്‍ഡിഎഫിനായി. ശേഷിച്ച ഒരു സീറ്റില്‍ ലീഗ് ജയിച്ചതോടെ കോണ്‍ഗ്രസ് അന്ന് വട്ടപൂജ്യമായി.
2009-ൽ പോളിങ് ശതമാനം 73.5% ആയി ഉയർന്നപ്പോൾ അതിൻ്റെ ഗുണം യുഡിഎഫിനായിരുന്നു. കോൺഗ്രസിന് 16ല്‍ 13 സീറ്റും നേടാനായി. 2014ൽ പോളിങ് 73.90 ശതമാനത്തിലെത്തി. യുഡിഎഫിൻ്റെ സീറ്റ് 12 ആയി കുറഞ്ഞപ്പോള്‍ കോൺഗ്രസിന് ലഭിച്ച സീറ്റുകള്‍ എട്ടെണ്ണം മാത്രമാണ്. ഡാറ്റ സൂചിപ്പിക്കുന്നത് 70 ശതമാനത്തിനടുത്തുള്ള കണക്ക് കോൺഗ്രസിന് ആത്മവിശ്വാസം നല്‍കുന്നില്ലെന്നാണ്. ചാനല്‍ ചർച്ചകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഒരു കോൺഗ്രസ് നേതാവ്, പോളിങ് ശതമാനത്തിലെ ഇടിവ് തൻ്റെ ക്യാമ്പില്‍ ആത്മവിശ്വാസക്കുറവിന് ഇടയാക്കിയെന്ന് തുറന്നുസമ്മതിച്ചു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ തോല്‍വിക്ക് ശേഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പാണിത്. വ്യക്തമായ മേൽക്കൈയില്ലാത്ത ജനവിധി സംസ്ഥാനത്തെ കോൺഗ്രസിന് പേടിസ്വപ്നമാണെന്നും ഓണ്‍ മനോരമയില്‍ ജി രാഗേഷ് എഴുതിയ വിശകലനം വ്യക്തമാക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here