ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര; തിരുവല്ല നഗരത്തിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോകുന്നതിന്റെ ഭാഗമായി തിരുവല്ല നഗരത്തിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മാവേലിക്കര റോഡിലൂടെ വരുന്ന വാഹനങ്ങൾ കാവുംഭാഗം – ഇടിഞ്ഞില്ലം റോഡ് വഴിയും, എം സി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ബൈപാസിലൂടെയും കടത്തിവിടും. വിലാപയാത്ര ജില്ലാ അതിർത്തിയായ ഏനാത്ത് എത്തുമ്പോൾ മുതൽ നഗരത്തിൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കെഎസ്ആർടിസി ജംഗ്ഷനിൽ മൃതദേഹം 15 മിനിറ്റോളം നേരം പൊതുദർശനത്തിന് വെക്കുന്നുണ്ട്. ഏകദേശം ഒരു മണിയോടെ വിലാപയാത്ര എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വിലാപയാത്ര കടന്നുപോകും വരെ നിയന്ത്രണം തുടരുമെന്നും ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു.

അതേസമയം, ആയിരങ്ങളാണ് തങ്ങളുടെ നേതാവ് ഉമ്മൻ ചാണ്ടിയെ കാണാൻ എത്തുന്നത്. വിമാനത്താവളത്തിൽ നിന്ന് വിലാപയാത്രയായി പുതുപ്പള്ളി ഹൗസിലെത്തിച്ച മൃതദേഹത്തിന് വഴിനീളെ ജനക്കൂട്ടം അന്ത്യാഭിവാദ്യമർപ്പിച്ചു. തലസ്ഥാനത്തെ വീട്ടിലും നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പുതുപ്പള്ളി ഹൗസിലുണ്ട്. ഏറെ പണിപ്പെട്ടാണ് ആംബുലൻസിൽ നിന്ന് മൃതദേഹം പുതുപ്പള്ളി ഹൗസിലേക്ക് ഇറക്കിയത്.

Also Read: ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു

പുതുപ്പള്ളി ഹൗസിൽ പ്രത്യേക പ്രാർത്ഥന വൈദികരുടെ നേതൃത്വത്തിൽ നടത്തി. ഇതിന് ശേഷം പൊതുദർശനത്തിനായി സെക്രട്ടേറിയേറ്റ് ദർബാർ ഹാളിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് കെപിസിസി ആസ്ഥാനത്തും തുടർന്ന് രാത്രി തിരികെ പുതുപ്പള്ളി ഹൗസിലേക്കും ഭൗതിക ശരീരം എത്തിക്കും. നാളെ രാവിലെ കോട്ടയത്തേക്ക് വിലാപയാത്രയായി പുറപ്പെടും. വഴിനീളെ ജനങ്ങളുടെ അന്ത്യാഭിവാദ്യവും ആദരവും ഏറ്റുവാങ്ങി കോട്ടയത്ത് എത്തിക്കുന്ന ഭൗതിക ശരീരം വൈകിട്ട് അഞ്ച് മണി മുതൽ തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും. പിന്നീട് പുതുപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും.

മറ്റന്നാൾ പുതുപ്പള്ളിയിലെ ഇടവക പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുക. കുടുംബ കല്ലറയുണ്ടെങ്കിലും ഇവിടെയാവില്ല ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്ര. വൈദികരുടെ കല്ലറയ്ക്ക് ഒപ്പം പ്രത്യേക കല്ലറയുണ്ടാക്കി ഇവിടെയാണ് ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്രയ്ക്ക് ഇടം ഒരുക്കുന്നത്.

നീണ്ട 53 വർഷം പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു ഉമ്മൻചാണ്ടി. അർബുദ രോഗബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. തുടർന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം നൂറ് കണക്കിന് വാഹനങ്ങളുടെയും വൻ ജനാവലിയുടെയും അകമ്പടിയോടെയാണ് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചത്.

Also Read: ബില്‍ ക്ലിന്‍റനുവരെ ശുപാര്‍ശക്കത്ത്; മേഡം ഹിലരിക്ക് സ്നേഹാന്വേഷണം; അതാണ് ഉമ്മന്‍ ചാണ്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News