ജൂണ്‍ മൂന്നിന് സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗം മന്ത്രി വി ശിവന്‍കുട്ടി വിളിച്ചുചേര്‍ത്തു.
അധ്യയനവര്‍ഷാരംഭം മുതല്‍ കുട്ടികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വീട്ടില്‍ നിന്നു സ്‌കൂളിലേക്കും സ്‌കൂളില്‍ നിന്നു വീട്ടിലേക്കും കുട്ടികള്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാവേണ്ട യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങള്‍, പൊതുവാഹനങ്ങള്‍, സ്‌കൂള്‍ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി പാലിക്കേണ്ട മുന്‍കരുതലുകള്‍, റോഡ്, റെയില്‍വേ ലൈന്‍ എന്നിവ ക്രോസ് ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍, ജലഗതാഗതം ഉപേയാഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ഇതെല്ലാം സ്‌കൂള്‍ തലത്തില്‍ അവലോകനം നടത്തി വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ക്ലാസുകള്‍ നടത്തുവാന്‍ കഴിയൂ. സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂള്‍ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതുമാണ്.സ്‌കൂളില്‍ സുരക്ഷിതവും പ്രചോദനപരവുമായ ഒരു പഠനാന്തരീക്ഷം ഉണ്ടായിരിക്കേണ്ടതാണ്.
വ്യത്യസ്ത നിലകളിലുള്ള പഠനാനുഭവങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്നതിനുവേണ്ടി ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തില്‍ പഠനവിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും, ഓരോ സ്‌കൂളിലും ഒരുക്കേണ്ടതാണ്. ഭിന്നശേഷി കുട്ടികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുകയും, അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, പഠനാന്തരീക്ഷവും ഉറപ്പുവരുത്തുകയും വേണം.ഇക്കാര്യത്തില്‍ അധ്യാപക ബോധവല്‍ക്കരണം വളരെ പ്രധാനമാണ്. കുട്ടികളുടെ സുരക്ഷ, അവരുടെ അവകാശങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി ഓരോ സ്‌കൂളും ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
പരിസര ശുചീകരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളും പരിസരവും നന്നായി വൃത്തിയാക്കേണ്ടതാണ്. പി.ടി.എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന തുടങ്ങിയ ജനകീയ ഘടകങ്ങളെ മുന്‍നിര്‍ത്തി ക്ലാസ്സ് മുറികളും, സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിന് മുന്‍കൈയെടുക്കേണ്ടതാണ്. സ്‌കൂള്‍ അന്തരീക്ഷം ആകര്‍ഷകമാക്കുന്നതിനു വേണ്ടിയുളള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തേണ്ടതാണ്.
പ്രവേശനോത്സവുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതാണ്.എല്ലാ സ്‌കൂളുകളിലും സംസ്ഥാനതല ഉദ്ഘാടന പ്രക്ഷേപണം തത്സമയം പ്രദര്‍ശിപ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതാണ്.അതിനുശേഷമായിരിക്കണം ജില്ലകളില്‍ സ്‌കൂള്‍തല പ്രവേശനോത്സവവും ജില്ലാതല പ്രവേശനോത്സവവും നടത്തേണ്ടത്.സ്‌കൂള്‍ പ്രവേശന നടപടികള്‍ സുഗമമായി പൂര്‍ത്തീകരിക്കേണ്ടതാണ്. പ്രവേശനോത്സവ പരിപാടികള്‍ വിപുലമായ രീതിയില്‍ ജനകീയ ഘടകങ്ങളുമായി ആലോചിച്ച് സംഘടിപ്പിക്കേണ്ടതാണ്.
ഓഫീസര്‍മാര്‍/സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ്, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ്.ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മേയര്‍മാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here