ഓപ്പറേഷൻ കാവേരി; സുഡാനിൽനിന്ന്​ ഇന്ത്യക്കാരുടെ ആദ്യ സംഘം ജിദ്ദയിലേക്ക്​ പുറപ്പെട്ടു

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഐഎൻഎസ് സുമേധ കപ്പലിലെ ഇന്ത്യക്കാരുടെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. സുഡാനിൽ നിന്ന്​ ജിദ്ദ വഴിയാണ്​ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്​.

പോർട്ട്​ സുഡാനിൽ നിന്ന്​ ഐഎൻഎസ്​ സുമേധ കപ്പലിൽ 278 പേരാണ്​ ജിദ്ദയിലേക്ക്​ വരുന്നത്​​. ചൊവ്വാഴ്​ച രാത്രിയോടെ സംഘം ജിദ്ദയിൽ എത്തിച്ചേരും. ഇവരിൽ 16 മലയാളികളുണ്ട്​. ഇവർക്കെല്ലാം ജിദ്ദയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്​. മലയാളികൾക്ക് പുറമെ, തമിഴ്നാട്​, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഈ കപ്പലിൽ ഉണ്ട്.

3,000-ഓളം ഇന്ത്യക്കാരാണ്​ സുഡാനിലുള്ളതെന്നാണ്​​ കണക്ക്​. ഇതിൽ ഭൂരിപക്ഷവും തലസ്ഥാനമായ ഖാർത്തൂമിലാണ്​. ഇതിൽ 800 പേരെയാണ്​ ആദ്യ ഘട്ടത്തിൽ ഒഴിപ്പിക്കുന്നത്​. മുഴുവൻ ഇന്ത്യക്കാരെ എത്രയും വേഗം സുഡാനിൽ നിന്ന്​ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്​ പുരോഗമിക്കുന്നത്​.

അതേസമയം, സുഡാനിൽ അകപ്പെട്ട മലയാളികളുടെ സംരക്ഷണം എത്രയും വേഗം ലഭ്യമാക്കണമെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News