കർണാടകയിൽ ബിജെപിക്ക് തിരിച്ചടി പ്രവചിച്ച് അഭിപ്രായ സർവ്വേകൾ

കർണാടകയിൽ ബിജെപിക്ക് തിരിച്ചടി പ്രവചിച്ച് അഭിപ്രായ സർവ്വേ ഫലങ്ങൾ. തൊഴിലില്ലായ്മയും ദാരിദ്ര്യവും വോട്ടർമാർ പ്രധാന വിഷയങ്ങളായി സർവ്വേയിൽ സൂചിപ്പിക്കുന്നതോടെ കഴിഞ്ഞ അഞ്ച് വർഷത്തെ ബിജെപി ഭരണം ചോദ്യംചെയ്യപ്പെടുകയാണ്.

എൻഡിടിവി സർവ്വേയായ പബ്ലിക്ക് ഒപ്പീനിയനിലാണ് വോട്ടർമാർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് അഴിമതിയും തൊഴിലില്ലായ്മയും വർധിച്ചതായി വോട്ടർമാർ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ 28 ശതമാനം പേർ തൊഴിലില്ലായ്മയെ ഒരു പ്രധാന വിഷയമായി കണ്ടപ്പോൾ 25 ശതമാനം പേർ അഴിമതിയെയാണ് പ്രധാനമായി കാണുന്നത്. ഇതോടൊപ്പം 67 ശതമാനം പേർ വിലക്കയറ്റം ഒരു പ്രധാന വിഷയമാണെന്നും ജീവിതപ്രതിസന്ധി കർണാടകയിൽ രൂക്ഷമാണെന്നും അഭിപ്രായപ്പെട്ടു.

അഴിമതിയുടെ കാര്യത്തിലും ബിജെപി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന അഭിപ്രായങ്ങളാണ് സർവേയിൽ പങ്കെടുത്തവർ പങ്കുവെച്ചത്. 51 ശതമാനം പേർ ബിജെപി ഭരണകാലയളവിൽ അഴിമതി വർധിച്ചതായി അഭിപ്രായപ്പെട്ടു. ബിജെപിയെ പിന്തുണക്കുന്നവർ പോലും അഴിമതി പൊടുന്നനെ ഉയർന്നതായി അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം, കർണാടകയിൽ കോൺഗ്രസ് തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കി. സംവരണ പരിധി 50 ശതമാനത്തിൽനിന്നും 70 ശതമാനമാക്കും എന്നതാണ് പ്രധാനപ്പെട്ട വാഗ്ദാനം. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്നു. സ്ത്രീകൾക്ക് പൊതു റോഡ് ഗതാഗത മാർഗങ്ങളിൽ സൗജന്യ യാത്ര, സ്ത്രീകൾ നയിക്കുന്ന കുടുംബത്തിൽ 2000 രൂപ വീതം ആ സ്ത്രീക്ക് പ്രതിമാസം നൽകും, തൊഴിൽരഹിതരായ ബിരുദർക്ക് പ്രതിമാസം 3000 രൂപ തുടങ്ങിയവയാണ് മറ്റുള്ള വാഗ്ദാനങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News