പ്രതിപക്ഷം പാര്‍ലമെന്ററി നടപടികളെ വെല്ലുവിളിക്കുന്നുവെന്ന വിമര്‍ശനവുമായി എംബി രാജേഷ്

സ്പീക്കര്‍ റൂളിംഗ് നല്‍കിയതിന് ശേഷവും തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തുന്ന നിലപാടില്‍ നിന്ന് പിന്തിരിയാതെ പ്രതിപക്ഷം. സഭയുടെ നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സത്യാഗ്രഹം പ്രഖ്യാപിച്ചതിനൊപ്പം ബഹളമുണ്ടാക്കി ചോദ്യോത്തര വേള തടസ്സപ്പെടുത്തി. ഇതോടെ ചോദ്യോത്തര വേള സ്പീക്കര്‍ റദ്ദുചെയ്യുകയായിരുന്നു.

ഇതിനിടെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി എംബി രാജേഷ്. സമാന്തര സഭ പാര്‍ലമെന്ററി ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തത്. പ്രതിപക്ഷ നേതാവും മറ്റുനേതാക്കളും ഇതിന് നേതൃത്വം നല്‍കുന്നത് ശരിയല്ലെന്നും എംബി രാജേഷ് വിമര്‍ശനം ഉന്നയിച്ചു. സഭ തടസ്സപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ സമീപനമാണ് പ്രതിപക്ഷത്തിന്റേത്. അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി അത് പരിഗണിക്കുമോ എന്ന് കാക്കാതെ പ്രതിഷേധം ആരംഭിച്ചത് ഇതിന്റെ തെളിവാണ്. സമാന്തര സഭാ നടത്തിപ്പില്‍ ശക്തമായ നടപടി സ്പീക്കറുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു. പ്രതിപക്ഷം പാര്‍ലമെന്ററി നടപടികളെ വെല്ലുവിളിക്കുകയാണെന്നും ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും എംബി രാജേഷ് ചൂണ്ടിക്കാണിച്ചു. അതിന് പ്രതിപക്ഷ നേതാവും ഉപനേതാവും നേതൃത്വം നല്‍കുന്നത് നിര്‍ഭാഗ്യകരമാണെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി.

സ്പീക്കറെ പ്രതിപക്ഷം അപമാനിക്കുകയാണ് എന്ന വിമര്‍ശനവും എംബി രാജേഷ് ഉന്നയിച്ചു. സഭയ്ക്ക് അകത്തോ പുറത്തോ സ്പീക്കറെ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ പീക്കറുടെ റൂളിംഗിനെ അടക്കം വെല്ലുവിളിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. സ്പീക്കറോടുള്ള പ്രതിഷേധം പ്രകടിപ്പിക്കേണ്ടത് പത്രക്കുറിപ്പ് ഇറക്കിയല്ലെന്ന് ചൂണ്ടിക്കാണിച്ച എംബി രാജേഷ് പഴയ റൂളിംഗും സഭയില്‍ വായിച്ചു. പ്രതിപക്ഷ നേതാവിന്റെ കാര്‍മ്മികത്വത്തില്‍ ഈ റൂളിംഗിന്റെ നഗ്നമായ ലംഘനമാണ് സഭയ്ക്ക് അകത്തും പുറത്തും നടന്നു കൊണ്ടിരിക്കുന്നതെന്ന വിമര്‍ശനവും എംബി രാജേഷ് ഉന്നയിച്ചു. സ്പീക്കറുടെ തീര്‍പ്പ് ഈ വിഷയത്തില്‍ ഉണ്ടാകണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.

ഇതിനിടെ സഭയുടെ നടുത്തളത്തില്‍ 5 പ്രതിപക്ഷ എംഎല്‍എമാര്‍ സത്യാഗ്രഹം ആരംഭിച്ചു. സര്‍ക്കാര്‍ ധിക്കാരപൂര്‍വ്വമായ സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്നത് വരെ അഞ്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുകയായിരുന്നു. അന്‍വര്‍ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, ഉമാ തോമസ്, എകെഎം അഷറഫ് എന്നീ എംഎല്‍എമാരാണ് സത്യാഗ്രഹം ഇരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News